Connect with us

National

മോദി-ഷാ ദ്വയം വീണ്ടും അധികാരത്തിലെത്തിയാല്‍ ഉത്തരവാദി രാഹുല്‍ മാത്രം: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ ആക്രമണവുമായി ആം ആദ്മി പാര്‍ട്ടി (എ എ പി) യുടെ പ്രകടന പത്രിക പുറത്തിറക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നിര്‍ണായക വഴിത്തിരിവു സൃഷ്ടിക്കുമെന്ന് പത്രിക പ്രകാശനച്ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. നമ്മളെല്ലാം ഇന്ത്യക്കാരാണ്. അതിനു ശേഷം മാത്രമെ ഹിന്ദുവും മുസ് ലിമുമൊക്കെ ആകുന്നുള്ളൂ. കെജ്‌രിവാള്‍ പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധരായ ബി ജെ പിയെ തോല്‍പ്പിക്കുന്നതിനും പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെയും അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനുമാണ്‌ എ എ പി പരമ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദി-ഷാ ദ്വയത്തിന്റെ ഭരണം അവസാനിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. ബി ജെ പി ഇതരമായ ഏതു സര്‍ക്കാറിനും പിന്തുണ നല്‍കാന്‍ തങ്ങള്‍ തയാറാണ്.
അതേസമയം, എ എ പിയുമായി സഖ്യം രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. മോദി-ഷാ ദ്വയം വീണ്ടും അധികാരത്തിലെത്തിയാല്‍ ഉത്തരവാദി രാഹുല്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യം രൂപവത്കരിക്കാന്‍ എ എ പി പരമാവധി ശ്രമിച്ചിട്ടും കോണ്‍ഗ്രസ് അത് ഗൗരവമായി കണ്ടില്ല.

ഡല്‍ഹിക്ക് സംസ്ഥാന പദവി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്നും എ എ പി തലവന്‍ കൂട്ടിച്ചേര്‍ത്തു.