Connect with us

Articles

താലോലിക്കേണ്ടവർ ഘാതകരാകുമ്പോൾ

Published

|

Last Updated

കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ വർത്തമാനങ്ങളിൽ കേരളം നടുങ്ങി വിറങ്ങലിച്ചു നിൽക്കുകയാണ്. ഒറ്റ മാസത്തിനിടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അരുംകൊലകളാണ് നമുക്കു മുന്നിൽ നടന്നത്. “നൊന്തു പ്രസവിച്ചവർ” തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ അവസ്ഥ. താലോലിക്കേണ്ട കൈകൾ തന്നെ ഘാതകരാകുന്ന ദുരന്തം.

2018ൽ സാമൂഹികനീതി വകുപ്പ് നടത്തിയ സർവേ പ്രകാരം 11,72,433 കുടുംബങ്ങളിലെ കുട്ടികൾ സ്വന്തം വീടിനകത്ത് സുരക്ഷിതരല്ല. 32,654 കുടുംബങ്ങളിൽ സ്വന്തം അച്ഛനോ അമ്മയോ അല്ല രക്ഷിതാവ്. 94,685 കുടുംബങ്ങളിൽ രക്ഷിതാക്കളിൽ ആരെങ്കിലും മദ്യപരാണ്. രക്ഷിതാക്കളിൽ നിന്നുതന്നെ കുട്ടികൾക്ക് മാരകമായി മർദനമേൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ അപകടകരമായ രീതിയിൽ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ഒറ്റപ്പെട്ടവയല്ല. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം മുതിർന്നവരിൽ നാലിലൊന്ന് ആളുകൾ കുട്ടികളായിരിക്കുമ്പോൾ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ കൗമാരപ്രായക്കാരിൽ നടത്തിയ പഠനപ്രകാരം 75 ശതമാനം മാതാപിതാക്കളും കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാൻ ശാരീരിക ശിക്ഷണം നടത്തിയിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചാലേ കുട്ടികൾ നന്നാവൂ എന്നാണിവരുടെ പൊതുബോധം.

19ാം നൂറ്റാണ്ടിനു മുമ്പു വരെ കുട്ടികളോടുള്ള ക്രൂരത തടയുന്നതിന് നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ശാരീരിക ശിക്ഷണങ്ങളും കുറ്റകരമാണ്. “Bttaered Child Syndrome” എന്ന ഡയഗ്‌നോസിസ് 1960കളിലാണ് വൈദ്യപരിശോധനയിൽ ഇടം പിടിക്കുന്നത്. രക്ഷിതാക്കളിൽ നിന്നുള്ള ശാരീരികപീഡനം മൂലം കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥയാണിത്.

കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപവത്കരണത്തെയും വ്യക്തിത്വവികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷനൽ ചൈൽഡ് റൈറ്റ്‌സ് കമ്മീഷൻ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക ശിക്ഷയുടെ ദോഷങ്ങൾ പലതാണ്. (1) കോപം, പ്രതികാരവാഞ്ച തുടങ്ങിയവ കുട്ടികളിൽ ഉടലെടുക്കും (2) അവരുടെ ആത്മവിശ്വാസത്തിന് ഇടിവ് തട്ടും (3) സ്വയംമതിപ്പ് ഇല്ലാതാകും (4) പരാജയബോധം വളരും (5)പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ പോകും (6) ഉത്തമവിശ്വാസം നഷ്ടപ്പെടും (7) ഭയവും നിരാശയും വളരും (8) ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടം നഷ്ടപ്പെടും (9) പ്രചോദനവഴികൾ അടഞ്ഞുപോകും (10) ദുസ്സ്വഭാവങ്ങൾ ഉടലെടുക്കും (11) അന്തർമുഖരാകും (12) അക്രമ വാസന വളരും (13) മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി അകൽച്ചയുണ്ടാകും (14) അടി കിട്ടി വളർന്നവർ അത് ഭാവിയിൽ മറ്റുള്ളവരിലും പ്രയോഗിക്കും (15) സ്‌നേഹിക്കുന്നവർ തന്നെ കടുത്ത വേദന തരുമ്പോൾ കുട്ടികളുടെയുള്ളിൽ മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാനുള്ള പ്രവണത ഉടലെടുക്കും. ഇത് ഭാവിയിൽ അടുത്ത ബന്ധങ്ങളുടെ സുഗമമായ വളർച്ചയെ തടസ്സപ്പെടുത്തും. ചുരുക്കത്തിൽ ശാരീരിക ശിക്ഷകൾ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, മറിച്ച് നിരവധി ദോഷങ്ങൾക്കിട വരുത്തുകയും ചെയ്യുന്നു.

കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ, കർശനനിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കിൽ കുട്ടികൾ വഷളായി പോകുമെന്ന ധാരണ, കുട്ടികളിൽ നിന്ന് കഴിവിൽ കൂടുതൽ പ്രതീക്ഷിക്കൽ, അച്ഛനമ്മമാർ തമ്മിലുള്ള പ്രശ്‌നങ്ങൾ, രക്ഷിതാക്കളുടെ വ്യക്തിത്വ- മാനസിക വൈകല്യങ്ങൾ, ലഹരിയുടെ അടിമത്തം എന്നിവയെല്ലാം ശാരീരിക പീഡനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട്. വളർത്തലിന്റെ ഭാഗമായി ഒരു “ചൈൽഡ് അബ്യൂസ് സംസ്‌കാരം കേരളീയ കുടുംബങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ട്.

പല ശാരീരിക ശിക്ഷകളും മാതാപിതാക്കളുടെ കോപത്തിന്റെ ആവിഷ്‌കാരമാണ്. അത് ഗുണം ചെയ്യില്ല.
വളരാനും വളർത്താനുമുള്ള സാഹചര്യം ഒരുക്കലും ശരി, തെറ്റിനെക്കുറിച്ചുള്ള ബോധ്യാവബോധം പകരലുമാണ് ശിക്ഷണ ശാസ്ത്രം. അതിന് ആരോഗ്യമുള്ള കുടുംബാന്തരീക്ഷം വേണം. കുട്ടികളുടെ മനസ്സറിഞ്ഞ്, സ്‌നേഹവും ആദരവും സഹാനുഭൂതിയും നിലനിർത്തുന്ന മനഃശാസ്ത്രപരമായ തിരുത്തൽ വഴികൾ ശീലമാക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്റെ വളർച്ചക്ക് അനുപേക്ഷണീയമെന്ന തിരിച്ചറിവ് ഉണ്ടാകണം. കുഞ്ഞുങ്ങളാണ് ഭാവി, അത് മറക്കരുത്.

അഡ്വ. ചാർളി പോൾ

---- facebook comment plugin here -----

Latest