Connect with us

Cover Story

പ്രത്യാശയാണ് ജീവിതം

Published

|

Last Updated

എസ് എസ് എൽ സിക്ക് പതിനാലാം റാങ്ക്, പ്രീ ഡിഗ്രിക്ക് യൂനിവേഴ്‌സിറ്റിതലത്തിൽ ഒന്നാം റാങ്ക്, ബി ടെകിന് രണ്ടാം റാങ്ക്. മുംബൈയിലെ കമ്പനിയിൽ മികച്ച ശമ്പളത്തോടെ ജോലി. ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനുള്ള എല്ലാ പശ്ചാത്തലസൗകര്യവുമുണ്ട്. വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം അഭിനന്ദിക്കാൻ ഏറെ വക നൽകിയ ജീവിതം. വിദ്യാർഥി ജീവിതം തൊട്ട് നേട്ടങ്ങളുടെ തോഴൻ. നിന്ന നിൽപ്പിൽ എല്ലാം കീഴ്‌മേൽ മറിയാൻ ഒരു മാത്ര മതിയായിരുന്നു. ഉന്മാദത്തിനും സ്വബോധത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പക്ഷേ കാലുകൾ പതറി. പിന്നീട് ഏറെക്കാലം വിവിധ മാനസിക രോഗാശുപത്രികളിൽ ചികിത്സ. കുഞ്ഞിളംകാൽ ഭൂമിയിൽ ഉറപ്പിച്ചുവെക്കാൻ ആയാസപ്പെടുന്നതുപോലെ പതിയെപ്പതിയെ ജീവിതതാളം വീണ്ടെടുത്തു. പക്ഷേ, അപ്പോഴേക്കും അടുപ്പക്കാരെല്ലാം അയാളെ അന്യനാക്കി. ഒരുവേള, തന്റെ നേട്ടത്തിൽ അഭിമാനം കൊണ്ടവർ രോഗത്തിന്റെ പേരിൽ അകറ്റി നിർത്തി. തിരിഞ്ഞുനോക്കാൻ ബന്ധുക്കളോ സ്വന്തക്കാരോ ആരുമുണ്ടായില്ല. ബാബുവെന്ന (യഥാർഥ പേരല്ല) വ്യക്തിയുടെ ജീവിതത്തിലെ ഒരേടാണിത്. പറയാൻ പോകുന്നത് ബാബുവിന്റെ മാത്രം കഥയല്ല.

വീട്ടിലേക്കുള്ള മടക്കം

മനോരോഗ ചികിത്സക്ക് ശേഷം ഏറ്റെടുക്കാൻ ഉറ്റവരും ഉടയവരുമില്ലാത്ത ബാബുവിനെ പോലുള്ളവർക്ക് ആത്മാഭിമാനത്തോടെ, സ്വതന്ത്രമായി ജീവിക്കാൻ തണലൊരുക്കുകയാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന സ്‌നേഹഭവനം. ദി ഹോപ്പ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് പ്രത്യാശയെന്ന പേരിൽ സ്‌നേഹഭവനം പ്രവർത്തിക്കുന്നത്. കമ്മ്യൂനിറ്റി സൈക്യാട്രി റീഹാബിലിറ്റേഷന് മാതൃകയാകുകയാണ് പ്രത്യാശ. കോഴിക്കോട് പേരാമ്പ്ര ചെമ്പ്ര റോഡിലെ ഓടിട്ട ഇരുനില വീട്ടിൽ പ്രവർത്തിക്കുന്ന സ്‌നേഹഭവനം മൂന്ന് വർഷമായി രോഗത്തിൽ നിന്ന് തിരിച്ചുവരവ് നടത്തുന്നവർക്ക് തണലേകുകയാണ്. ബാബു അടക്കം ആറ് പേരാണ് ഇപ്പോൾ സ്‌നേഹഭവനത്തിലെ താമസക്കാർ. രോഗം ഏറെ ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് സർക്കാറിന്റെയോ സന്നദ്ധ സംഘടനകളുടെയോ അഭയകേന്ദ്രങ്ങളിൽ താമസിച്ചിരുന്നവരാണ് അധികവും. പലരും വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവർ.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബനിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹോം എഗെയ്ൻ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രത്യാശ പ്രവർത്തനം തുടങ്ങിയത്. ഒന്നിച്ച് ഒരിടത്ത് താമസിപ്പിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന പ്രതീതിയാണ് ഈ സഹോദരങ്ങളിൽ പ്രത്യാശയുണ്ടാക്കിയ മാറ്റം. ഓരോരുത്തരും സ്വന്തം വീടെന്ന നിലയിലാണ് പ്രത്യാശയെ കാണുന്നത്. ഈ വീട് ഇന്നൊരു കുടുംബമാണ്. അവരവരുടെ പ്രവർത്തനങ്ങൾ സാധാരണപോലെ ചെയ്തുവരുന്നു. സ്വന്തം നിലയിൽ തൊഴിൽ ചെയ്തും വരുമാനം കണ്ടെത്തിയും അവർ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിരന്തര ഇടപെടലുകളും സ്‌നേഹവും പരിഗണനയും ഇവർക്ക് വലിയ പ്രചോദനവും ആശയുമേകുന്നു. വിവിധ സംഘടനകളും വ്യക്തികളും ഉൾപ്പെടെ ഇവിടെയെത്തി ആഘോഷങ്ങൾ നടത്തിയും കൂട്ടായ്മകളൊരുക്കിയും ഇവർക്ക് ധൈര്യമേകുന്നു. വിശേഷ ദിവസങ്ങളിൽ പാട്ടുപാടൽ, തബല വായന അടക്കം താമസക്കാരുടെ പ്രത്യേക കലാപരിപാടികളുമുണ്ടാകും. ഇങ്ങനെ തങ്ങൾക്ക് ലഭിക്കുന്ന സന്തോഷവും ഊർജവും ചെറുതല്ലെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാനസിക രോഗാശുപത്രിയുടെ കടുത്ത നിയന്ത്രണങ്ങളും വിലക്കുകളും വിലങ്ങുകളുമില്ലാത്ത സാധാരണ ജീവിതത്തിലേക്ക് ഇവർ മാറിക്കഴിഞ്ഞു.

തൊഴിലിന്റെ
മാഹാത്മ്യം അറിഞ്ഞ്

പച്ചക്കറി കൃഷി, മുട്ടക്കോഴി വളർത്തൽ, കാലി വളർത്തൽ, ലോട്ടറി കച്ചവടം തുടങ്ങിയ തൊഴിലുകളിലൂടെ ഇവരും സമൂഹത്തിൽ ഇഴുകിച്ചേരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇവരിലേക്ക് തന്നെ എത്തിച്ചേരുന്നു എന്നതാണ് മറ്റൊരു സവിശേഷത. പേരാമ്പ്ര കൃഷി ഭവന്റെ സഹകരണത്തോടെ ഒരേക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി വൻ വിജയമായിരുന്നു. കൃഷിക്ക് സൗകര്യമൊരുക്കാൻ സ്‌കൗട്ട്, ഗൈഡ്‌സ്, മറ്റ് വിദ്യാർഥികൾ എന്നിവർ ഇവർക്ക് സഹായഹസ്തവുമായെത്തി. പ്രത്യാശയെ കുറിച്ച് അറിഞ്ഞ് നിരവധി പേർ ദിനേന ഇവിടം സന്ദർശിക്കാറുണ്ട്. ഇവരിൽ നിന്ന് ലഭിക്കുന്ന ചെറിയ സാമ്പത്തിക സഹായമാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. ഭക്ഷണക്കിറ്റുകൾ, വസ്ത്രങ്ങൾ എന്നിവയും ചിലർ നൽകിവരുന്നു.
പ്രത്യാശയിലെത്തിയതോടെ ഈ സഹോദരന്മാരുടെ ജീവിതം ഏറെ മാറിക്കഴിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെന്ന രീതിയിൽ പേടിയോടെ നോക്കിക്കാണാതെ സാന്ത്വനമായി നാട്ടുകാർ ഇവരുടെ കൂടെനിൽക്കുന്നു. മാനസിക രോഗ കേന്ദ്രങ്ങളിൽ തളച്ചിടപ്പെട്ട ജീവിതവും രോഗം ഭേദമായിട്ടും ഉറ്റവർ ഉപേക്ഷിച്ചതും ഇവർ മറന്നു കഴിഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്‌നേഹഭവനത്തിൽ നിന്ന് കോഴിമുട്ടയും മറ്റും വാങ്ങുന്നു. വിൽപ്പനക്ക് സാമൂഹിക മാധ്യമങ്ങളെയും മറ്റും ഉപയോഗിക്കുന്നുണ്ട്.
ഇതോടൊപ്പം കൃത്യമായ ചികിത്സയും ഇവർക്ക് ലഭ്യമാക്കുന്നു. സാമൂഹിക ഇടപഴക്കങ്ങളിലൂടെ ഇവരിലുണ്ടായ മാറ്റങ്ങൾ മരുന്നുകളുടെ അളവ് കുറക്കാനും ഇടയാക്കുന്നു. മരുന്ന് വാങ്ങാനാണ് കൂടുതൽ ചെലവ് വരുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം (ഡി എം എച്ച് പി) വഴിയാണ് നിലവിൽ മരുന്ന് ലഭിക്കുന്നത്. പുറത്തുനിന്നുള്ള മരുന്നുകൾ പണം കൊടുത്തു വാങ്ങും. ബനിയൻ ചാരിറ്റബിൾ ട്രസ്റ്റ് കൗൺസിലിംഗ് സഹായങ്ങൾ നൽകുന്നു. പേരാമ്പ്രയിലെ സാപ്പിഡ് എന്ന സ്ഥാപനം വൈകിട്ടത്തെ ഭക്ഷണം എന്നും സൗജന്യമായി നൽകുന്നു. അംഗങ്ങൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം ഏതുമാകട്ടെ, എത്തിച്ച് നൽകാൻ നടത്തിപ്പുകാർ ശ്രദ്ധിക്കുന്നു.

അകറ്റുകയല്ല,
വേണ്ടത് ഒപ്പം നിർത്തുക

കാലമേറെ പുരോഗമിച്ചിട്ടും മാനസിക വെല്ലുവിളി നേരിടുന്നവരെ ഭയത്തോടെയും അഭിമാനക്ഷതത്തോടെയുമാണ് പലരും നോക്കിക്കാണുന്നത്. ശരീരത്തിനെന്ന പോലെ മനസ്സിനും രോഗമുണ്ടാകുമെന്നും അത് കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്താമെന്നും അങ്ങനെ സുഖപ്പെട്ടവർക്ക് സാധാരണ ജീവിതം നയിക്കാൻ അവരെ കൂടെ നിർത്തണമെന്നുമുള്ള “സാക്ഷരത” ഇല്ലാത്തവരാണ് ഇക്കാലത്തും മലയാളികളിൽ ഏറെയും. ഇത്തരക്കാരോട് ചെയ്യുന്ന വലിയ അപരാധമാണിത്. ഇവർ ഇന്നുവരെ യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കിയിട്ടില്ല. അയൽവാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം ഇവർ കാരണം ഉണ്ടായിട്ടില്ല. സ്‌നേഹവും കരുതലും ഒപ്പം ചേർത്താൻ ആളുണ്ട് എന്നതുമാണ് ഇവർക്ക് ഏറെ ആവശ്യം. ചികിത്സ കൂടിയാകുമ്പോൾ ആത്മവിശ്വാസം വർധിക്കുന്നു. അടച്ചിടാതെ ഇഷ്ടത്തിന് വിടുമ്പോൾ ഇവർ അനുഭവിക്കുന്ന സംതൃപ്തി മനസ്സിലാക്കാൻ കഴിയും.

ഇത് അടിവരയിടുന്നതാണ് പ്രത്യാശയിലെ കുടുംബാംഗങ്ങളുടെ വാക്കുകൾ. ഇവിടുത്തെ സൗഹൃദാന്തരീക്ഷത്തിൽ തങ്ങൾ ഏറെ സന്തോഷവാന്മാരാണെന്ന് ഇവർ പറയുന്നു. ആശുപത്രിയിൽ ഒരു ദിവസം അഞ്ച് റൊട്ടിക്കഷണങ്ങളാണ് ചികിത്സാ സമയത്ത് ലഭിച്ചതെങ്കിൽ ഇപ്പോൾ, ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് എറണാകുളം സ്വദേശിയായ അന്തേവാസി പറയുന്നു. സർക്കാർ സഹായമൊന്നും ഇതുവരെ പ്രത്യാശക്ക് ലഭിച്ചിട്ടില്ല. അതിനുള്ള ശ്രമം തുടരുന്നുണ്ട്.

സ്വപ്ന പദ്ധതി

മാനസിക വെല്ലുവിളി നേരിടുന്ന ബന്ധുക്കളെ ഇതേ രീതിയിൽ പുനരധിവസിപ്പിക്കാൻ കഴിയുമോയെന്ന അന്വേഷണവുമായി ഏറെ പേർ പ്രത്യാശയിലെത്തുന്നുണ്ട്. എന്നാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യമില്ല എന്നതും കൂടുതൽ പേരെ ഉൾപ്പെടുത്തിയാൽ ലക്ഷ്യം പൂർണതയിലെത്തില്ല എന്നതുമാണ് തടസ്സം. അതിനാൽ, നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രത്യാശ സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. പരിചരിക്കാനാളില്ലാത്ത മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ചികിത്സ കഴിഞ്ഞ് ഏറ്റെടുക്കാൻ ഉറ്റവരില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നവർക്കും പരിസ്ഥിതി സൗഹൃദ ഗൃഹാന്തരീക്ഷത്തിൽ തണലേകുക, തെരുവുകളിൽ അലയുന്നവർക്കും വീടുകളിൽ പ്രയാസം അനുഭവിക്കുന്നവർക്കും കമ്മ്യൂനിറ്റി സൈക്യാട്രിയുടെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം എത്തിക്കുക, പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് സ്വയം തൊഴിൽ സംവിധാനം ഒരുക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിൽ. ദി ഹോപ്പിന്റെ സ്വപ്ന പദ്ധതിയാണത്.

വില്ല പോലെ ഒരു ബെഡ് റൂമും സിറ്റ് ഔട്ടും ഉൾക്കൊള്ളുന്ന എട്ട് ചെറിയ വീടുകൾ നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോടേരിച്ചാൽ എന്ന സ്ഥലത്ത് 70 സെന്റ് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകിക്കഴിഞ്ഞു. 70 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്ന് സഹായം തേടുന്നുണ്ട്. ഓരോ സെന്റ് സ്ഥലവും ഒരു വീടിനുള്ള നിർമാണ ചെലവും സ്‌പോൺസർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവരെയായി വിവിധ വ്യക്തികൾ 38 സെന്റ് സ്ഥലം സ്‌പോൺസർ ചെയ്തിട്ടുണ്ട്. നിർമാണം വേഗം പൂർത്തിയാക്കാമെന്ന പ്രതീക്ഷയോടെയാണ് സംഘാടകരുടെ പ്രവർത്തനങ്ങൾ. ഇതിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഡോ. അബ്ദുൽ ഗഫൂർ ചെയർമാനായും എ കെ തറുവയ് ഹാജി ജനറൽ സെക്രട്ടറിയും പേരാമ്പ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് മാത്യു ട്രഷററുമായുള്ള ഡയറക്ടർ ബോർഡ് സജീവമായി രംഗത്തുണ്ട്.
പ്രത്യാശ ഒരു പ്രതീകമാണ്. കാലത്തിന്റെ അടയാളം. മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ നടതള്ളുന്ന മക്കൾക്കും മാറാ രോഗം ബാധിച്ചവരെയും മറ്റും ഉപേക്ഷിക്കുന്ന ബന്ധുക്കൾക്കുമുള്ള ഓർമപ്പെടുത്തലാണ്. വേദനിക്കുന്ന ഒരുകൂട്ടം ആളുകൾ ഒന്നുചേർന്ന ഇടമല്ല, മറിച്ച് പാട്ട് പാടിയും തബലയിൽ താളമിട്ടും ജീവിതം തിരിച്ചുപിടിക്കുന്ന കുറേപ്പേരുടെ പ്രതീക്ഷയുടെ നാളമാണീ പ്രത്യാശ. പ്രദീപ് ടി മമ്പള്ളി മാനേജരും എം രജീഷ് ചെയർമാനുമായ ദി ഹോപ്പ് എന്ന ട്രസ്റ്റാണ് പ്രത്യാശയുടെ ജീവനാഡി. മുഴുസമയ പാലിയേറ്റീവ് പ്രവർത്തകനായ പ്രദീപ് കരുതലായി കാവലായി ഇവർക്കൊപ്പമുണ്ട്

ആദർശ് ലാൽ • adarslaldr@gmail.com