National
കോടതിയലക്ഷ്യ കേസ്: രാഹുല്‍ മാപ്പ് എഴുതി നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞാല്‍ മാത്രം പോരെന്നും എഴുതി നല്‍കണമെന്നും സുപ്രീം കോടതി. വിഷയത്തില്‍ തുടര്‍ നടപടികള്‍ അതിനു ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തന്റെ കക്ഷിക്കായി രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും കോടതി വഴങ്ങിയില്ല. മാപ്പു പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞതായുള്ള രാഹുലിന്റെ പ്രതികരണമാണ് കോടതിയലക്ഷ്യ കേസിന് വഴിതെളിച്ചത്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോടതി പിന്നീട് വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി ബി ജെ പി എം പി. മീനാക്ഷി ലേഖിയാണ് കേസ് ഫയല്‍ ചെയ്തത്.
കോടതിയലക്ഷ്യ കേസും റഫാല്‍ പുനപ്പരിശോധനാ ഹരജികളും ഒന്നിച്ചു പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.