Connect with us

Articles

ജനാധിപത്യത്തില്‍ ആരാണ് വലിയ കള്ളന്മാര്‍?

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിറകെ കേരളത്തില്‍ കള്ളവോട്ടിനെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉയരുകയാണ്. കാസര്‍കോട് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും ഒരേ വ്യക്തി തന്നെ ഒന്നിലധികം വോട്ട് ചെയ്യുന്നതായി വ്യക്തമാകുകയും ചെയ്തതാണ് ആരോപണത്തിന് കനമേറ്റിയത്.

അതുണ്ടായിരുന്നില്ലെങ്കില്‍ മുന്‍ കാലങ്ങളില്‍ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായാലുടന്‍ വരാറുള്ള ആരോപണങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുക എന്നത് മാത്രമേ സംഭവിക്കുമായിരുന്നുള്ളൂ. മുന്‍കാലങ്ങളില്‍ ആരോപണങ്ങളുയര്‍ന്നപ്പോഴൊക്കെ അതില്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഖ്യ കക്ഷിയായ സി പി ഐ (എം) യെയായിരുന്നു.

ആരോപണം അവര്‍ നിഷേധിക്കും. കള്ളവോട്ട് ആരോപണത്തെ സാധൂകരിക്കും വിധത്തിലല്ല പലപ്പോഴും ഫലമുണ്ടാകാറുള്ളത്. അന്നൊന്നും കള്ളവോട്ട് ഉണ്ടായിട്ടില്ല എന്ന് ഇതിന് അര്‍ഥമില്ല, ഫലത്തെ നിര്‍ണയിക്കാന്‍ പാകത്തില്‍ കള്ളവോട്ട് അരങ്ങേറിയില്ല എന്ന് മാത്രമേയുള്ളൂ.
മലബാറില്‍ സി പി ഐ (എം)ക്ക് വലിയ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പലപ്പോഴും കള്ളവോട്ടോ കള്ളവോട്ട് ആരോപണമോ ഉണ്ടാകാറ് പതിവ്. അവിടങ്ങളിലെ ബൂത്തുകളില്‍ പലപ്പോഴും എതിര്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഇരിക്കാന്‍ സാധിക്കാറില്ല. അഥവാ ഇരുന്നാല്‍ തന്നെ, പോളിംഗ് ആരംഭിച്ച് അല്‍പം കഴിയുമ്പോഴേക്കും അവര്‍ക്ക് എഴുന്നേറ്റ് പോകേണ്ടിവരും. എതിര്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇല്ലാത്ത ബൂത്തുകളില്‍, സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെയോ വൈകുവോളം പോളിംഗ് ബൂത്തിലേക്ക് എത്താത്ത വോട്ടര്‍മാരുടെയോ വോട്ടുകള്‍ ചെയ്തു പോകുന്നതാണ് പതിവ്. പോളിംഗ് ഉദ്യോഗസ്ഥരായെത്തുന്നവരുടെ രാഷ്ട്രീയ ചായ്‌വുകളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ ചെയ്യുക. അതൊന്നും ഫലത്തെ നിര്‍ണയിക്കാന്‍ പാകത്തില്‍ വലുതല്ല എന്ന നിഗമനത്തിലേക്ക് എത്തുന്നതിന് ഒരു കാരണം, സ്ഥായിയായ ഒരു തിരഞ്ഞെടുപ്പ് രീതി കേരളത്തില്‍ പ്രകടമാകുന്നില്ല എന്നതുകൊണ്ടാണ്.

കള്ളവോട്ട് ആരോപണം എക്കാലത്തുമുയരാറുള്ള കണ്ണൂര്‍ ജില്ലയുടെ കാര്യമെടുക്കാം. അവിടുത്തെ മിക്കവാറും മണ്ഡലങ്ങളില്‍ സി പി ഐ(എം)ക്ക് വലിയ സ്വാധീനമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ സി പി ഐ (എം) വിജയിക്കുന്ന മണ്ഡലങ്ങള്‍ നാലോ അഞ്ചോ വരും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തന്നെ ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഭൂരിപക്ഷം ഇവ്വിധമുള്ളതാണ്. അതങ്ങനെ ആയിരിക്കെ തന്നെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് പലകുറി വിജയിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ തന്നെ. അതായത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ(എം)യെയും ഇടത് ജനാധിപത്യ മുന്നണിയെയും തുണക്കുന്ന വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരുടെ മുന്‍ഗണന മാറ്റുന്നുവെന്നാണ് അര്‍ഥം. ഇതേ അവസ്ഥ മറ്റിടങ്ങളിലും കാണാനാകും. ഏതാണ്ടെല്ലാ നിയമസഭാ മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി ജയിക്കുന്ന കൊല്ലം, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനൊപ്പം നില്‍ക്കുന്ന കാഴ്ച അപൂര്‍വമല്ല. അതായത് കള്ളവോട്ടു കൊണ്ട് വിജയിക്കാവുന്ന സ്ഥിതി, ലോക്‌സഭാ മണ്ഡലങ്ങളുടെ കാര്യത്തിലെങ്കിലും കേരളത്തിലില്ല എന്ന് ചുരുക്കം. പതിവായി ചെറിയ ഭൂരിപക്ഷത്തില്‍ ജയ പരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ അമ്പതോ നൂറോ കള്ളവോട്ടുകള്‍ ചിലപ്പോള്‍ നിര്‍ണായകമായേക്കാം. പക്ഷേ അങ്ങനെ പതിവായി ചെറിയ ഭൂരിപക്ഷത്തില്‍ ഫലം നിര്‍ണയിക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍ പോലും കേരളത്തില്‍ കുറവാണ്.

പണ്ട്, ടി എന്‍ ശേഷന്‍ ഏകാധിപത്യ സ്വഭാവത്തോടെ തിരഞ്ഞെടുപ്പു കമ്മീഷണറായി വിരാജിച്ച കാലത്തിനും മുമ്പ് (അക്കാലം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ) തിരഞ്ഞെടുപ്പ് അട്ടിമറി എന്നത് ഇന്ത്യന്‍ യൂനിയനില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, അത്ര അപൂര്‍വമായ സംഗതിയായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയോ അതിന്റെ പ്രതിനിധിയായി മത്സരിക്കുന്ന വ്യക്തിയുടെയോ ഗുണ്ടാ സംഘങ്ങള്‍ വോട്ടര്‍മാരെ ഭയപ്പെടുത്തി ഓടിച്ച്, ബൂത്ത് പിടിച്ചെടുത്ത് വോട്ടുകളെല്ലാം ചെയ്ത് മടങ്ങുകയായിരുന്നു ഒരു രീതി. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ സംഘം കൂടിയെത്തിയാല്‍ സംഗതി അക്രമങ്ങളിലേക്കും കൊലകളിലേക്കുമൊക്കെ വളര്‍ന്നിരുന്നു.

ബൂത്തുപിടിത്തക്കാരെ നേരിടാന്‍ അപൂര്‍വമായെങ്കിലും പോലീസ് ശ്രമിച്ചയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായിരുന്നു. അക്കാലത്തും ഇത്ര സംഘടിതമായ വിധത്തിലുള്ള ജനഹിത അട്ടിമറി കേരളത്തില്‍ അരങ്ങേറിയിരുന്നില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയോ കുറേക്കൂടി ആസൂത്രിതമായി കള്ളവോട്ട് ചെയ്യുകയോ ഒക്കെ ഉണ്ടായിട്ടുണ്ടാകാമെന്ന് മാത്രം. അപ്പോഴും അധികാരം പിടിക്കാനുള്ള ഉപാധി എന്ന നിലക്കുള്ള വലുപ്പം അതിന് കേരളത്തിലുണ്ടായിരുന്നില്ലെന്നതിന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ തെളിവ്.

ടി എന്‍ ശേഷന്റെ കാലത്തും ശേഷ കാലത്തും വോട്ടെടുപ്പിന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായി. അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ച്, ജനങ്ങള്‍ക്ക് ഭീതി കൂടാതെ സമ്മതിദാനം വിനിയോഗിക്കാന്‍ അവസരമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് വോട്ടര്‍ പട്ടികയുടെ പരിഷ്‌കരണം കൃത്യമായ ഇടവേളകളില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കി. വോട്ടറുടെ ചിത്രങ്ങള്‍ ചേര്‍ത്തുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങി. ഇത് കൈവശമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക്, വോട്ടുചെയ്യാന്‍ എത്തുന്ന വ്യക്തിയെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അവസ്ഥയുണ്ടായി. ഇതിന് പുറമെയാണ് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളിലൊക്കെ ക്യാമറകള്‍ സ്ഥാപിച്ച് തത്സമയ നിരീക്ഷണവും ദൃശ്യങ്ങളുടെ ശേഖരണവും ആരംഭിച്ചത്. ഇത്രയും സംവിധാനങ്ങളൊക്കെയുണ്ടായിട്ടും കള്ളവോട്ടിന് അവസരമുണ്ടാകുന്നുവെങ്കില്‍ സംവിധാനങ്ങള്‍ കുറേക്കൂടി കര്‍ശനമാകേണ്ടതുണ്ട്. ഇവ്വിധമുള്ള തരികിടകളിലൂടെ പിടിച്ചെടുക്കാവുന്നതല്ല വിജയമെന്ന്, മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ (കേരളത്തിലെങ്കിലും) ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കുകയും വേണം.

ശക്തമായ സംഘടനാ സംവിധാനമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി സി പി ഐ (എം) ആകയാല്‍ കൂടിയാണ് കള്ളവോട്ടെന്ന ആരോപണം എക്കാലവും അവര്‍ക്കു നേരെ ഉയരുന്നത്. ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് ഉറപ്പുള്ളവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉറപ്പാക്കാനും എതിര്‍ പക്ഷത്തെന്ന് ഉറപ്പുള്ളവരില്‍ പരമാവധി പേരെ വോട്ടര്‍ പട്ടികക്ക് പുറത്തിരുത്താനും അവര്‍ പരമാവധി ശ്രമിക്കും. അതിനായി വോട്ടര്‍ പട്ടിക അരിച്ചുപെറുക്കുന്നതിനിടെ, നാട്ടിലില്ലാത്തവരാരൊക്കെ, നാട്ടിലുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ വരാന്‍ ഇടയില്ലാത്തതാരൊക്കെ എന്നതെല്ലാം കണ്ടെത്തും. അവരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്യാമെന്ന് ആലോചിക്കും. അതിനുള്ള വഴികള്‍ കണ്ടെത്തും. പാര്‍ട്ടിയുടെ ഘടകങ്ങള്‍ കാണിക്കുന്ന തികഞ്ഞ ജാഗ്രതയുടെ തെളിവായും ഇതിനെ കാണാവുന്നതാണ്. പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കാന്‍ നടത്തുന്ന വലിയ ശ്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഫലം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കൊന്നുമുണ്ടാകില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പുള്ള “കള്ള വോട്ട്”. അതങ്ങനെ കാലങ്ങളായി ചെയ്തുവരികയാല്‍, ആചാരം പോലെയായിരിക്കുന്നു. പൊടുന്നനെ ഉപേക്ഷിക്കുക അസാധ്യം. ആ ആചാരം ഒഴിവാക്കേണ്ട കാലമായെന്ന് സി പി ഐ (എം)ക്ക് മനസ്സിലാക്കാനുള്ള അവസരമാണ് ഇക്കുറി. മുമ്പൊക്കെ തെളിവില്ലാത്ത ആരോപണങ്ങള്‍ മാത്രമായിരുന്നു എല്ലാം. 2019ല്‍, ദൃശ്യങ്ങള്‍ തെളിവായി മുന്നില്‍ നില്‍ക്കുമ്പോള്‍, നിഷേധങ്ങള്‍ക്ക് മുന്‍കാലത്തെ ബലമുണ്ടാകില്ല. ജനങ്ങളുടെ മുന്നിലെങ്കിലും.

സി പി ഐ (എം)ക്ക് പുറമെ ആരോപണം നേരിടുന്ന മറ്റൊരു പാര്‍ട്ടി മുസ്‌ലിം ലീഗാണ്. സി പി ഐ (എം)ക്കൊപ്പം വരില്ലെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളുള്ള പാര്‍ട്ടിയാണതും. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികളുടെ വിജയം, മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനേക്കാളധികം ആഗ്രഹിക്കുന്ന പാര്‍ട്ടിയും. അതുകൊണ്ട് ഒറ്റക്കും തെറ്റക്കും കള്ളവോട്ടിന് അവര്‍ ശ്രമിച്ചാല്‍, അതില്‍ ആത്മാര്‍ഥതയുടെ കുറവ് കാണേണ്ടതില്ല. ധര്‍മാധര്‍മ വിചാരം അവസാനിപ്പിച്ച്, ഈ രണ്ട് പാര്‍ട്ടികളും കള്ളവോട്ട് ചെയ്തുവെന്ന് തന്നെ ഉറപ്പിക്കുക. എങ്കിലും ഇക്കുറി അപാകമില്ലെന്നാണ് എന്റെ പക്ഷം. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെന്നും പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന കൂട്ടത്തിലാണല്ലോ ഈ രണ്ട് പാര്‍ട്ടികളും. അവയുടെ “കള്ള”വോട്ടുകള്‍ വിജയിയെ നിര്‍ണയിച്ചാലും അത് വര്‍ഗീയ ഫാസിസത്തിനെതിരായ ചേരിക്ക് തന്നെയാണ് കരുത്തേകുക.

നൂറോ ഇരുനൂറോ കള്ളവോട്ടുകളേക്കാള്‍ വിനാശകാരിയായ കള്ളങ്ങള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വിതക്കപ്പെട്ടിട്ടുണ്ട്. ഈശ്വരന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണെന്നും ആചാരങ്ങളൊക്കെ ഇല്ലാതാക്കി ഹിന്ദുമതത്തെയാകെ നശിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നുമൊക്കെയുള്ള കള്ളങ്ങള്‍. കേരളത്തിലെ ബി ജെ പി നേതാക്കള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവര്‍ ഈ കള്ളങ്ങള്‍ ജനമനസ്സില്‍ ഉറപ്പിക്കാന്‍ നടത്തിയ ശ്രമം ചെറുതല്ല. ചെറുതും വലുതുമായ നിരവധി കള്ളങ്ങളിലൂടെ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ വലിയ ശ്രമങ്ങളുടെ പുറമെയാണ് കേരളത്തെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള കള്ളങ്ങള്‍. അവ മുളച്ച് വളരാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്വമുണ്ട്, ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക്. കള്ളവോട്ടെന്ന അവഗണിക്കാവുന്ന യാഥാര്‍ഥ്യത്തെ പെരുപ്പിച്ച് കാണിച്ച് ഏതെങ്കിലും രാഷ്ട്രീയ സംവിധാനത്തിന്റെ വിശ്വാസ്യതക്ക് പോറലേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിന്റെ ഗുണം സ്വന്തം പക്ഷത്തിന് തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചിട്ടാകണം. ഇല്ലെങ്കില്‍ വലിയ കള്ളങ്ങളുടെ വിത്തിന് വളമാകാന്‍ സാധ്യത ഏറെയാണ്. ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കാത്ത കള്ള വോട്ടുകളേക്കാള്‍ വലിയ അപകടമാണ് കള്ളങ്ങളിലൂടെ വര്‍ഗീയ ഫാസിസത്തിന്റെ ചേരിയിലേക്ക് മാറ്റപ്പെടുന്ന സാധു വോട്ടുകള്‍.

ആര്‍ വിജയലക്ഷ്മി

Latest