Malappuram
ബ്രിട്ടീഷ് ക്രൂരതയുടെ അടയാളപ്പെടുത്തലുകളുമായി കുട്ടശ്ശേരി വലിയ ജുമുഅത്ത് പള്ളി
ബ്രിട്ടീഷുകാര്‍ വാളുകൊണ്ട് വെട്ടിയ പാട്
മലപ്പുറം: ബ്രിട്ടീഷ് ക്രൂരതയുടെ ഓര്‍മപ്പെടുത്തലുകളുമായി കുട്ടശ്ശേരി വലിയ ജുമുഅത്ത് പള്ളി. മലബാര്‍ കലാപ കാലത്ത് ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ അടയാളം ഇന്നും കുട്ടശ്ശേരി വലിയ ജുമുഅത്ത് മസ്ജിദില്‍ കാണാം. പൂട്ടിക്കിടക്കുന്ന പള്ളിയില്‍ മാപ്പിളമാരെ തേടിയെത്തിയ സൈന്യം പള്ളിയുടെ വാതിലില്‍ വെട്ടിയതിന്റെ അടയാളം ഒമ്പത് പതിറ്റാണ്ടിന് ശേഷവും മാഞ്ഞിട്ടില്ല.
എളങ്കൂര്‍ കുട്ടശ്ശേരിയിലെ ഖിലാഫത്ത് പ്രവര്‍ത്തകരെ പിടികൂടി നാട് കടത്താനാണ് സൈന്യം മുസ്‌ലിം ആരാധനാലയത്തിന് നേരെ അതിക്രമം കാണിച്ചത്. പള്ളിയില്‍ ഒളിച്ചിപ്പിരിപ്പുണ്ടെന്ന് കരുതിയായിരുന്നു ആക്രമണം. എന്നാല്‍ പള്ളിയില്‍ ആരെയും പിടികൂടാനായില്ല. താഴിട്ട് പൂട്ടിയ പള്ളിയുടെ രണ്ട് വാതിലുകള്‍ക്കാണ് വെട്ടേറ്റത്. നല്ല ഉറപ്പും കാതലുമുള്ളതിനാല്‍ വാള്‍ കൊണ്ട് ശക്തമായി വെട്ടിയിട്ടും വാതില്‍ നശിച്ചില്ല.
1973 ല്‍ പള്ളി പുനര്‍ നിര്‍മാണം നടത്തിയെങ്കിലും ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം അടയാളപ്പെടുത്തിയ വാതില്‍ മാറ്റിയിരുന്നില്ല. കുട്ടശ്ശേരി, വാരിയം പറമ്പ്, വലിയപൊയില്‍, ചെറുകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ബ്രിട്ടീഷ് ക്രൂരതക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളാണ്.ഇവിടെങ്ങളില്‍ നിരവധി പേരെ അക്കാലത്ത് ബ്രട്ടീഷ് സൈന്യം പിടിച്ച് അന്തമാനിലേക്ക് നാടു കടത്തിയിരുന്നുവെന്നും പലരും സ്വതന്ത്യം ലഭിച്ചതിന് ശേഷമാണ് പിറന്ന മണ്ണിലേക്ക് മടങ്ങി വന്നതെന്നും നാട്ടിലെ കാരണവരായ കുട്ടശ്ശേരി അലവിണ്ണി ഹാജി സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ അന്തമാനില്‍ സ്ഥിര താമസമാക്കി. ഈ കണ്ണിയില്‍ ആരും ജീവിച്ചിരിപ്പില്ല. അന്ന് ബ്രിട്ടീഷുകാര്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തിന്റെ അടയളമാണ് പള്ളിയിലെ വാതിലില്‍ ഇന്നുള്ളതെന്ന് അദേഹം പറഞ്ഞു. ബ്രിട്ടീഷ് അതിക്രമത്തെക്കുറിച്ച് പുതുതലമുറയെ ഓര്‍മപ്പെടുത്തനാണ് പുനര്‍ നിര്‍മിക്കുമ്പോഴും വെട്ടേറ്റ അടയാളമുള്ള പള്ളിയുടെ വാതില്‍ മാറ്റാതിരുന്നതെന്നും കുട്ടശ്ശേരി മഹല്ല് പ്രസിഡന്റ് ചുള്ളിക്കുളത്ത് കോയഹാജി പറഞ്ഞു. ബ്രിട്ടീഷ് അതിക്രമത്തിന്റെ നേര്‍ സാക്ഷ്യമായ പള്ളിയെക്കുറിച്ച് ഗവേഷകരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല.