Ongoing News
ശബരിമല: സംഘ്പരിവാറിൽ കലാപം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തെ അനുകൂലിച്ച് ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ സംഘ്പരിവാറിൽ കലാപം. വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചതിന് സാമൂഹികമാധ്യമങ്ങളിലും മറ്റും പരസ്പരം അഴിമതി ആരോപണവും അസഭ്യവർഷവും നടത്തുകയാണ് നേതാക്കളും അനുഭാവികളും.
യുവതീ പ്രവേശം വേണമെന്ന് ആദ്യം ആവശ്യപ്പെടുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തവരാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. ശബരിമല യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖുമായ ആർ ഹരിയുടെ നിലപാട് മുൻനിർത്തിയാണ് ഏറ്റുമുട്ടൽ. സംഘ്പരിവാർ ബുദ്ധിജീവി ശങ്കു ടി ദാസും ജനം ടി വി പ്രോഗ്രാം വിഭാഗം മേധാവിയായ മനോജ് മനയിലും തമ്മിലുള്ള പോര് അസഭ്യവർഷത്തിലെത്തിയിരിക്കുകയാണ്. വിദ്യാസാഗർ, പത്മപിള്ള, ആർ വി ബാബു തുടങ്ങിയവരെല്ലാം പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.
ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി യുവതീ പ്രവേശത്തെ എതിർത്ത് ശക്തമായി രംഗത്തുണ്ടായിരുന്ന പത്മപിള്ള പ്രതികരിച്ചു. ആർ എസ് എസുകാർ ഋഷിതുല്ല്യനായി കാണുന്ന ആർ ഹരി ആചാര നിഷേധിയും അധികപ്രസംഗിയും അയ്യപ്പ സ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തെ ആക്ഷേപിച്ച ക്ഷേത്രവിരുദ്ധനുമാണെന്ന് ശങ്കു ടി ദാസ് തുറന്നടിച്ചു. കേസരി, ജന്മഭൂമി, ജനം ടി വി, കുരുക്ഷേത്ര പ്രകാശൻ തുടങ്ങിയ സംഘത്തിന്റെ മാധ്യമങ്ങൾ പോലും ഹരിയുടെ വാദം അവതരിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടു.
യുവതി പ്രവേശത്തെ അനുകൂലിച്ചതിന് പിന്നിൽ ആർ ഹരിക്ക് മറ്റു താത്പര്യങ്ങളുണ്ടായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന ശബരിമല വിമാനത്താവളവുമായി ബന്ധപ്പെടുത്തിയാണ് ഈ ആക്ഷേപം. ചെറുവള്ളി എസ്റ്റേറ്റ് ഉടമയായ ബിലിവേഴ്‌സ് ചർച്ച് മേധാവി കെ പി യോഹന്നാന്റെ അഭിഭാഷകൻ ആർ ഹരിയുടെ സഹോദരനായ ആർ ഡി ഷേണായ് ആണ്. ശബരിമലയെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കണമെന്ന താത്പര്യമാണ് ഇവിടെ ഉയർന്ന് നിൽക്കുന്നതെന്നും ശങ്കു ടി ദാസ് ആരോപിക്കുന്നു. ആർ എസ് എസ് യോഹന്നാൻ വിഭാഗമെന്ന പരിഹാസം പോലും ചിലർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്.
ശങ്കുവിന് മറുപടി നൽകുന്നത് ജനം ടി വി പ്രോഗ്രാം വി ഭാഗം മേധാവി മനോജ് മനയിലാണ്. സംഘ്പരിവാർ യുവതികൾ നടത്തിയ റെഡി ടു വെയ്റ്റ് ക്യാമ്പയിനെയും മനോജ് രൂക്ഷമായി വിമർശിക്കുന്നു. റെഡി ടു വെയ്റ്റ് ഒരു കൂട്ടം പെണ്ണുങ്ങളും അവരുടെ സിൽബന്തികളായ ചാവേറുകളും നടത്തുന്ന വേശ്യാലയം ആണെന്നാണ് മനോജിന്റെ പരിഹാസം.
ശബരിമലയിൽ പ്രവർത്തകരെ പോലീസ് ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചല്ലെന്ന് മനസിലായെന്നാണ് പത്മ പിള്ളയുടെ പ്രതികരണം. ആചാരങ്ങളോടുള്ള ബഹുമാനമല്ല, മറിച്ച് പിണറായി വിജയനോടുള്ള വിരോധമായിരുന്നു. വോട്ട് ബേങ്കും പൊളിറ്റിക്കൽ അടവുനയമായിരുന്നെന്നും ഇപ്പോൾ ആത്മനിന്ദ തോന്നുകയാണെന്നും അവർ വ്യക്തമാക്കി.
യുവതീ പ്രവേശത്തോട് എതിർപ്പില്ലെന്ന രീതിയിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന കൺവീനർ ആർ വി ബാബുവിന്റെ പ്രതികരണം. പിണറായി വിജയൻ അത് നടപ്പാക്കിയ രീതിയെയാണ് എതിർത്തത്. സ്ത്രീ പ്രവേശം അടക്കം ഏത് ആചാരമാറ്റവും നടത്താമെന്നാണ് സംഘത്തിന്റെ അഭിപ്രായം. ഇക്കാര്യം സുപ്രീം കോടതി വിധി വന്നപ്പോൾ വ്യക്തമാക്കിയതാണ്. സർക്കാർ തെറ്റായ രീതിയിൽ നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് സമരം നടത്തിയതെന്നും ആർ വി ബാബു വ്യക്തമാക്കി.