Connect with us

National

നോട്ട് നിരോധനം വിഷയമാക്കി പ്രചാരണത്തിനുണ്ടോ; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജി എസ് ടിയും സ്ത്രീ സുരക്ഷയും വിഷയമാക്കി പ്രചാരണം നടത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലെങ്കിലും ഈ മൂന്നു വിഷയങ്ങള്‍ മുന്‍നിര്‍ത്തി വോട്ടു തേടാന്‍ മോദി തയാറാകണം. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

ജനങ്ങള്‍ക്ക് നിരവധി വ്യാജ വാഗ്ദാനങ്ങളാണ് നിങ്ങള്‍ നല്‍കിയത്. ഇതു സംബന്ധിച്ചും വിശദീകരിക്കാന്‍ തയാറാകണം. മോദിയുടെ വ്യര്‍ഥമായ വാചകമടിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍- പ്രിയങ്ക പറഞ്ഞു.

അധ്യാപകരില്‍ നിന്നുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ശ്രമം പോലെ മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു രക്ഷപ്പെടാനാണ് മോദി ശ്രമിക്കുന്നതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പരിഹസിച്ചു.

മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പൊതു സ്ഥാപനങ്ങള്‍ തകര്‍ക്കുകയും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയുമാണ് ബി ജെ പി. ആ പാര്‍ട്ടിയെ പോലെ അഹങ്കാരികളല്ല ഞങ്ങള്‍. അതുകൊണ്ട് ജനങ്ങളോട് അനാദരവ് കാണിക്കില്ല. ഞങ്ങളെ ഞങ്ങളാക്കിയത് നിങ്ങളാണെന്നത് ഒരിക്കലും മറന്നുപോകില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Latest