Connect with us

Kerala

ദേശീയ പാത വികസനം: കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിര്‍ദേശ പ്രകാരമാണിതെന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും തുടര്‍ന്നും കാണിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തും. കേരളത്തിന് മുമ്പുണ്ടായിരുന്ന പരിഗണന തുടരുമെന്നും കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കണ്ണന്താനവും പറഞ്ഞു.

ദേശീയപാതാ വികസനത്തിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിലപാട് കേന്ദ്രം കൈക്കൊണ്ടത്. വരുന്ന രണ്ടു വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ അസാധ്യമാക്കുന്നതായിരുന്നു ഈ തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വികസന പരിപാടികള്‍ക്കു തുരങ്കം വെക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ദേശീയ പാത വികസനം അട്ടിമറിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രിയും ആരോപിച്ചു.

അതിനിടെ, ദേശീയ പാത വിഷയത്തില്‍ തന്നെ അനാവശ്യമായി ക്രൂശിക്കുകയായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച തോമസ് ഐസക് പര്യസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest