Kerala
തൃശൂര്‍ പൂരം: ആനകളെ എഴുന്നള്ളിക്കുന്നതില്‍ കര്‍ശന നിയന്ത്രണമെന്ന് കലക്ടര്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ടി വി അനുപമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേഹത്ത് നീരുള്ളതോ മദപ്പാടോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളതുമായ ആനകളെ എഴുന്നള്ളിക്കരുത്. ശബ്ദം കേട്ടാല്‍ വിരളുന്ന ആനകളെയും പൂര നഗരിയില്‍ പ്രവേശിപ്പിക്കരുത്. പാപ്പാന്മാര്‍ മാത്രമെ ആനകളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ.
മനുഷ്യരെയും ആനകളെയും കൊലപ്പെടുത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുമെന്നും വെള്ളിയാഴ്ചത്തെ കോടതി വിധിക്കനുസരിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അനുപമ പറഞ്ഞു.
മെയ് 13, 14 തീയതികളില്‍ ഹെലികോപ്ടര്‍, ഹെലി കാമറ, ഡ്രോണ്‍, ലേസര്‍ ഗണ്‍ എന്നിവയും ട്യൂബ് ബലൂണും വടക്കുന്നാഥ ക്ഷേത്ര മൈതാനത്തും പരിസരത്തും സ്വരാജ് റൗണ്ടിലും നിരോധിച്ചിട്ടുണ്ട്. വന്‍ ശബ്ദമുണ്ടാക്കുന്ന വിസിലുകള്‍, ഹോണ്‍, വാദ്യങ്ങള്‍, ലേസര്‍ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. പൂര നഗരിയിലെത്തുന്നവര്‍ കൊണ്ടുവരുന്ന ബാഗുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം ഏര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും പൂരം അകലെ നിന്ന് വീക്ഷിക്കാന്‍ എല്‍ ഇ ഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസുകള്‍ സംവിധാനിക്കും. തുടര്‍ച്ചയായ ഭക്ഷ്യ പരിശോധനകളുമുണ്ടാകും.
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് 11ന് നടക്കും. പ്രധാന വെടിക്കെട്ട് 14ന് പുലര്‍ച്ചെയാണ്. പകല്‍ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും 14ന് നടക്കും. വെടിക്കോപ്പുകളുടെ സുരക്ഷക്ക് ആവശ്യമായ സജ്ജീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.