Articles
മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍
എസ് എസ് എല്‍ സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാത്തതിന് മകനെ മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രമുഖ പത്രങ്ങളിലുണ്ട്. കൈക്കും കാലിനും മര്‍ദനമേറ്റ കുട്ടിക്ക് കഴുത്തില്‍ മുറിവുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് ആറ് വിഷയങ്ങള്‍ക്ക് എ പ്ലസ് ഉണ്ട്. ഇത് പോരെന്നു പറഞ്ഞായിരുന്നു സ്വന്തം പിതാവിന്റെ ക്രൂരമായ മര്‍ദനം.
വിവിധ പരീക്ഷകളുടെ ഫലം പുറത്തുവരുന്ന സമയമാണിപ്പോള്‍. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദം വളരെ വലുതാണ്. പല കുട്ടികളും വീട് വിട്ടിറങ്ങിപ്പോകുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ചിലര്‍ അതിന് ശ്രമിക്കുന്നു. മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമ്പോള്‍ വഴക്കു പറയും. അതു സ്വാഭാവികമാണ്. എന്നാല്‍ മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍. മാര്‍ക്ക് കുറയുമ്പോള്‍ വീട്ടില്‍ പോകണ്ട, മരിച്ചാല്‍ മതിയെന്ന് മക്കള്‍ക്ക് ചിന്തിക്കാന്‍ ഇടനല്‍കരുത്. മാര്‍ക്ക് കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷപൂര്‍വം കയറിച്ചെല്ലാവുന്ന താവളമാകണം നമ്മുടെ വീടുകള്‍. ഇവിടെയാണ് മാതാപിതാക്കളുടെ വിജയം.
അക്കാദമിക് പെര്‍ഫോമന്‍സ് എന്നതിനേക്കാള്‍ പഠനത്തിനായുള്ള അവരുടെ പരിശ്രമങ്ങളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പഠിക്കുന്ന രീതി, ചിട്ടയായ പഠനക്രമം, പഠിക്കുന്ന വിഷയത്തോടുള്ള താത്പര്യം, ഏകാഗ്രത, പഠിച്ചത് എഴുതി ഫലിപ്പിക്കാനുള്ള സാമര്‍ഥ്യം, അധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം എന്നിങ്ങനെ പല ഘടകങ്ങളും ഈ പരിശ്രമത്തില്‍ അടങ്ങിയിട്ടുണ്ട്. അവിടെയാണ് മാറ്റം വരുത്തേണ്ടത്. മാര്‍ക്കും ഗ്രേഡും അടിസ്ഥാനമാക്കിയുള്ള പെര്‍ഫോമന്‍സ് എന്ന പ്രതിഭാസം പരിശ്രമത്തിന്റെ സ്വാഭാവിക ഫലം മാത്രമാണ്. സൗഹാര്‍ദപരമായ അടുപ്പം ആഗ്രഹിക്കുന്ന ന്യൂജനറേഷന്‍ കുട്ടിയെ മനസ്സിലാക്കി അവരുടെ മാനസിക മനോഭാവത്തോട് താദാത്മ്യം പ്രാപിച്ച് പെരുമാറുക. ഗൗരവം വെടിഞ്ഞ് ലാളിത്യവും സ്‌നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന സമീപനം മക്കളോട് പുലര്‍ത്തുക. നമ്മുടെ വാക്കുകള്‍ സ്വീകരിക്കാന്‍ അവരെ തോന്നിപ്പിക്കുന്നത് അധികാരമല്ല. മറിച്ച് അവരിലുള്ള സ്‌നേഹസ്വാധീനമാണ്.
എന്തിനും ഏതിനും വഴക്കുപറയുകയും ഉപദേശിക്കുകയും അരുത്. സാഹചര്യത്തിനനുസരിച്ച് ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ബോധ്യങ്ങള്‍ പങ്കുവെക്കുകയും തിരുത്തലുകള്‍ വരും വരായ്കകളുടെ വെളിച്ചത്തില്‍ ബുദ്ധിപരമായി അവരോട് അവതരിപ്പിക്കുകയും ചെയ്യുക. ഉപദേശങ്ങളുടെ അളവല്ല വസ്തുതകളുടെ ബോധ്യപ്പെടലാണ് കുട്ടിയുടെ മാറ്റത്തിന് പിന്നില്‍. കുട്ടിക്ക് തന്റെ പെരുമാറ്റമോ പ്രവൃത്തിയോ തിരുത്തപ്പെടേണ്ടതാണെന്ന തോന്നലുണ്ടാകാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടലാണ് മാതാപിതാക്കള്‍ നടത്തേണ്ടത്. കുട്ടിയെ ആക്ഷേപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും നോവിക്കാന്‍ ശ്രമിച്ചാല്‍ തെറ്റുതിരുത്തുന്നതിനു പകരം പൂര്‍വാധികം വാശിയോടെ ആ തെറ്റ് ആവര്‍ത്തിക്കാനുള്ള മനോനിലയാണ് കുട്ടികളില്‍ സൃഷ്ടിക്കപ്പെടുക. കുട്ടിയെ മാനസികമായി തകര്‍ക്കുന്ന രീതികള്‍ അവലംബിക്കരുത്. പോരായ്മകള്‍ സാവധാനം സമാധാനത്തോടെ കുട്ടിയെ ബോധ്യപ്പെടുത്തണം. അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അതാണ് ഉത്തമം. മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ ഞങ്ങളോടൊപ്പമുണ്ട് എന്ന് മക്കള്‍ക്ക് തോന്നണം.
എത്ര നന്നായി പഠിച്ചുവെങ്കില്‍ പോലും ഒരു പരീക്ഷക്ക് പ്രതീക്ഷിച്ചതു പോലെ എഴുതാനായില്ല എന്നുവന്നേക്കാം. അതിനെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണ് ഇതെന്നു കരുതുക. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നിരാശപ്പെടുകയോ കടുംകൈകള്‍ ചിന്തിക്കുകയോ അരുത് എന്ന് ആശ്വസിപ്പിക്കുക. വിജയ വഴികള്‍ ഏറെയുണ്ടെന്ന ബോധ്യം പകരുക. കേവലം സര്‍ട്ടിഫിക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്ന മാര്‍ക്കോ ഗ്രേഡോ അല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഉത്തമ പൗരനാകുക എന്നതാണ് പ്രധാനം. നമ്മുടെ നാട്ടില്‍ കുട്ടികളുടെ കഴിവുകള്‍ മിക്കപ്പോഴും വിലയിരുത്തുന്നത് അക്കാദമിക് പ്രകടനത്തെ മാത്രം വിലയിരുത്തിയാണ്. പരീക്ഷയില്‍ നേടുന്ന മാര്‍ക്ക് വെച്ചാണ് കുട്ടിയെ അളക്കുന്നത്. മറ്റു പല കഴിവുകളും ഉണ്ടായാലും മാര്‍ക്ക് കുറഞ്ഞ കുട്ടിയെ മണ്ടനായാണ് പലരും കാണുക. അതു ശരിയല്ല. ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവ് കാട്ടാത്തവരായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുക അത്ര എളുപ്പമല്ല. എന്നാല്‍ ഒരു വിഷയത്തിനെങ്കിലും എ പ്ലസ് കിട്ടുന്നവര്‍ ജീനിയസ്സാണ്. തോറ്റുപോയവര്‍ക്കും നിരവധിയായ കഴിവുകളുണ്ട്. അവരുടെ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ തോറ്റവരും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മക്കളെ ആശ്വസിപ്പിച്ച് അവര്‍ക്ക് ഉന്നത ലക്ഷ്യങ്ങള്‍ പകര്‍ന്നു നല്‍കുക. സൗഹൃദപര മായി മക്കളോട് ഇടപഴകുക. മക്കളുടെ കൂട്ടുകാരാകുക.