Malappuram
പൊന്നാനിയിൽ വരുന്നു, ഹൗറാ മോഡൽ തൂക്കുപാലം
മലപ്പുറം: സംസ്ഥാനത്തെ ആദ്യത്തെ ഹൗറാ മോഡൽ കടൽ തൂക്കുപാലത്തിന്റെ നിർമാണം ജൂൺ ആദ്യ വാരത്തോടെ പൊന്നാനിയിൽ തുടങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി(കേരളാ ഇൻഫ്രാക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്)യിൽ ഉൾപ്പെടുത്തി 236 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂർ പടിഞ്ഞാറെകര മുതൽ പൊന്നാനി അഴിമുഖം വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് പാലം നിർമിക്കുക. പദ്ധതിയുടെ വിശദമായ പഠനവും രൂപരേഖയും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പദ്ധതിക്കായി സർക്കാർ ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡറിൽ ഇതുവരെ ആറ് കമ്പനികളാണ് നിർമാണത്തിന് സന്നദ്ധരായി കിഫ്ബിയെ സമീപിച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചട്ടം പൂർത്തിയാകുന്നതോടെ പദ്ധതിക്കായി മുന്നോട്ട് വന്നതിൽ നിന്ന് ഏറ്റവും അനുയോജ്യരായ കമ്പനിക്ക് നിർമാണ ചുമതല കൈമാറും.
ഈ പാലം വഴിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന തീരദേശ ഹൈവേ കടന്ന് പോകുക. ഇതോടെ കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തേക്കുള്ള യാത്ര കൂടുതൽ സുഖകരമാകും. നിർമാണം ആരംഭിച്ച് രണ്ട് വർഷം കൊണ്ട് പദ്ധതി കമ്മീഷൻ ചെയ്യാനാണ് സർക്കാർ തീരുമാനം. പശ്ചിമ ബംഗാളിൽ കൽക്കത്ത നഗരത്തേയും ഹൗറാ നഗരത്തേയും ബന്ധിപ്പിക്കുന്ന ഹൗറാ പാലത്തിന്റേത് പോലെയായിരിക്കും തൂക്കുപാലം പണികഴിപ്പിക്കുക. 2016ൽ സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന പദ്ധതിയുമായി രംഗത്ത് വന്നത്. 2017 ൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി മാറ്റിവെച്ചു. കഴിഞ്ഞ ബജറ്റിലാണ് തുക മുഴുവൻ അനുവദിച്ചത്.
ആധുനിക സംവിധാനങ്ങളോടെ ഏവരെയും ആകർഷിക്കുന്ന തരത്തിലായിരിക്കും നിർമാണം. കൂടുതൽ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനും പൊന്നാനിയിലേക്ക് മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി സാധിക്കും. കൂടാതെ തീരദേശ വികസനവും ബിയ്യം കായൽ ടൂറിസവും വികസിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പൊന്നാനിയുടെ ചരിത്രം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കാനും ആഗോളതലത്തിൽ തന്നെ പൊന്നാനി ശ്രദ്ധാ കേന്ദ്രമാകാനും പാലം അവസരമൊരുക്കും. ഇത് മുന്നിൽ കണ്ട് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നിള ഹെറിറ്റേജ് മ്യൂസിയം പ്രദേശത്ത് ആരംഭിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതി “പെപ്പറും” ഇതിന് സഹായകരമാകും.