National
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആറാം ഘട്ടം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 59 മണ്ഡലങ്ങളിലായി 979 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. യു പി (14 മണ്ഡലങ്ങള്‍), ഹരിയാണ (പത്ത്), ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ (എട്ടു വീതം), ഡല്‍ഹി (ഏഴ്), ഝാര്‍ഖണ്ഡ് (നാല്) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ, ഷീല ദീക്ഷിത്, ജെ പി അഗര്‍വാള്‍, അജയ് മാക്കന്‍ (എല്ലാവരും കോണ്‍ഗ്രസ്), അഖിലേഷ് യാദവ് (എസ് പി), ഡോ. ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, മനോജ് തിവാരി, ഗൗതം ഗംഭീര്‍, ഹന്‍സ്‌രാജ് ഹന്‍സ് (എല്ലാവരും ബി ജെ പി) എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടും.
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വ്യാപക സംഘര്‍ഷമുണ്ടായി. ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഝര്‍ഗം ജില്ലയില്‍ ബി ജെ പി പ്രവര്‍ത്തകനായ രമണ്‍ സിംഗ് എന്നയാള്‍ കൊല്ലപ്പെട്ടു. രണ്ട് പ്രദേശങ്ങളിലായി രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റു. ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം 19നാണ്. വോട്ടെണ്ണലും വിധിനിര്‍ണയവും മെയ് 23നാണ്.