Connect with us

Ongoing News

20 റക്അത് തറാവീഹ് സ്വഹാബത്തിന്റെയും കര്‍മശാസ്ത്ര മദ്ഹബുകളുടെയും മാര്‍ഗമെന്ന് ദുബൈ ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

ദുബൈ: റമസാനിലെ പ്രത്യേക രാത്രി നിസ്‌കാരമായ തറാവീഹ് 20 റക്അത് പ്രവാചക ശിഷ്യരായ സ്വഹാബത്തിന്റെയും ഇസ്‌ലാമില്‍ അറിയപ്പെട്ട നാല് കര്‍മശാസ്ത്ര മദ്ഹബുകളുടെയും മാര്‍ഗമെന്ന് ദുബൈ മതകാര്യ വകുപ്പിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനുമായ ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്.

ദുബൈയില്‍ നിന്നിറങ്ങുന്ന ഇമാറാത്തുല്‍ യൗം അറബി പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ടെഴുതിയ കോളത്തിലാണ് ദുബൈ ഗ്രാന്‍ഡ് മുഫ്തി തറാവീഹിന്റെ റക്അതുകളുടെ എണ്ണം വ്യക്തമാക്കിയത്. തറാവീഹിന്റെ റക്അതുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സ്വഹാബത്തില്‍ നിന്ന് സ്ഥിരപ്പെട്ടത് 20 റക്അതും ശേഷം വിത്‌റുമാണ്. ഇസ്‌ലാമിലെ സ്ഥിരപ്പെട്ട കര്‍മശാസ്ത്ര മദ്ഹബുകളായ ഹനഫീ, ശാഫിഈ, ഹമ്പലി എന്നിവയിലെ മുഴുവന്‍ പണ്ഡിതരും മാലികീ മദ്ഹബിലെ ഒരുപറ്റം പണ്ഡിതരും ഈ നിലപാടുകാരാണെന്നും പറഞ്ഞ ഡോ. അല്‍ ഹദ്ദാദ്, ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിത ലോകത്തിന്റെ ഏകാഭിപ്രായം (ഇജ്മാഅ്) ഉണ്ടെന്ന് ചിലര്‍ ഉദ്ധരിച്ചതായും തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഇമാം മാലിക്, ബൈഹഖി എന്നിവര്‍ രേഖപ്പെടുത്തിയ, രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ ഭരണകാലത്ത് പ്രമുഖ സ്വഹാബി ഉബയ്യ് ബിന്‍ കഅ്ബിന്റെ നേതൃത്വത്തില്‍ മദീന പള്ളിയില്‍ നിലനിര്‍ത്തിയ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത് ആയിരുന്നുവെന്ന ഹദീസാണ് ഇതിന്റെ ആധാരമെന്ന് അല്‍ ഹദ്ദാദ് ചൂണ്ടിക്കാട്ടി. രണ്ടാം ഖലീഫ നടപ്പാക്കിയ രീതിയെ അന്ന് ജീവിച്ചിരുന്ന ഒരു സ്വഹാബിയും ശേഷം വന്ന ഒരു പണ്ഡിതനും വിമര്‍ശിക്കാതെ അംഗീകരിച്ചുവെന്നത് മതത്തില്‍ വലിയ പ്രമാണമാണ്. കിഴക്കിലും പടിഞ്ഞാറിലും ഇന്നും നടന്നുവരുന്നത് ഈ മാതൃകയാണ്, ഡോ. അഹ്മദ് അല്‍ ഹദ്ദാദ് വ്യക്തമാക്കി.

തറാവീഹിന്റെ റക്അതുകളുടെ എണ്ണത്തില്‍ ഭിന്നാഭിപ്രായക്കാരുണ്ട്. ഇരുപതില്‍ കുറവാണെന്നും കൂടുതലാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ എട്ടില്‍ അധികമുള്ളത് സുന്നത്തിന് വിരുദ്ധമാണെന്ന് പറയാവതല്ല.

റമസാനിലും അല്ലാത്ത കാലത്തും പ്രവാചകര്‍ പതിനൊന്ന് റക്അതിലധികം നിസ്‌കരിച്ചിട്ടില്ലെന്ന ആഇശ (റ) ഉദ്ധരിച്ച ഹദീസിലെ പ്രതിപാദ്യം തറാവീഹ് നിസ്‌കാരമല്ല. തറാവീഹായിരുന്നു അതിലെ പ്രതിപാദ്യമെങ്കില്‍ സ്വീകാര്യവും പ്രസിദ്ധവുമായ ആ ഹദീസിന്റെ ആശയത്തിനെതിരെ ഒരിക്കലും സ്വഹാബത്ത് പ്രവര്‍ത്തിക്കുകയോ ഇമാമുമാര്‍ ഏകാഭിപ്രായക്കാരാവുകയോ ചെയ്യുമായിരുന്നില്ല, ഡോ. അല്‍ ഹദ്ദാദ് വ്യക്തമാക്കി.

അബ്ദുല്‍ അസീസ് പുളിക്കല്‍

---- facebook comment plugin here -----

Latest