Health
സെൽഫി രോഗത്തിനും മരുന്നുണ്ട്
അമിതമായി സെൽഫികൾ എടുക്കുന്നത് മാനസിക അസ്വാസ്ഥ്യമായി മാറുന്ന സെൽഫിറ്റിസിനെ പ്രതിരോധിക്കാനുള്ള മരുന്ന് മാർക്കറ്റ് ചെയ്യാൻ ബേയർ ഫാർമസ്യൂട്ടിക്കൽസിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) അനുവാദം നൽകിയിട്ടുണ്ട്. സെൽഫിറ്റിസിനെതിരായ ആദ്യ മരുന്നാണിത്. ഈ അവസ്ഥയിലെ അഹംഭാവം കത്തിക്കുകയാണ് സെൽഫി പ്രതിരോധ ഗുളികകൾ ചെയ്യുന്നത്. സെൽഫിറ്റിസ് രോഗത്തിന്റെ മൂന്ന് തലങ്ങളെ അടിസ്ഥാനമാക്കി നീല, ചുവപ്പ്, പച്ച നിറങ്ങളുടെ കോഡ് ഉപയോഗിച്ചുള്ള ഗുളികകളാണുള്ളത്. നീല അക്യൂട്ട് സെൽഫിറ്റിസിനും ചുവപ്പ് ക്രോണിക് സെൽഫിറ്റിസിനും പച്ച ബോർഡർ ലൈൻ സെൽഫിറ്റിസിനുമാണ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ശേഷമാണ് എഫ് ഡി എയുടെ അനുമതി ഗുളികകൾക്ക് ലഭിച്ചത്. വളരെ വേഗം എഫ് ഡി എ അംഗീകാരം ലഭിക്കാനുള്ള കാരണം സെൽഫിറ്റിസ് ആഗോള പകർച്ച വ്യാധിയായതിനാലാണ്. സാധാരണ 10- 15 വർഷമെടുക്കും എഫ് ഡി എയുടെ അംഗീകാരത്തിന്. എന്നാൽ ബേയറിന് 14 മാസം കൊണ്ട് അംഗീകാരം ലഭിച്ചു. ഗുളിക രൂപത്തിലുള്ള മരുന്നിന് ആധികാരിക കുറിപ്പടി വേണം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഡോസ് ആണ്. പുരുഷന്മാർക്ക് ദിവസം ഒരു ഗുളിക മതിയെങ്കിൽ സ്ത്രീകൾക്ക് അഞ്ചെണ്ണം വേണം.
ബ്രഡ് ടോസ്റ്റർ ചികിത്സ
സെൽഫിറ്റിസ് ഭേദമാക്കാൻ ബ്രഡ് മൊരിച്ചെടുക്കുന്ന ഉപകരണത്തിന് (ബ്രഡ് ടോസ്റ്റർ) സാധിക്കുമെന്നാണ് പുതിയ സ്റ്റാൻഫോർഡ് പഠനം നിർദേശിക്കുന്നത്. സെൽഫി ടോസ്റ്ററുടെ രൂപത്തിലായിരിക്കും ഈ ചികിത്സ. ബ്രഡ് കഷണങ്ങളിൽ സെൽഫി ഫോട്ടോകൾ പ്രിന്റ് ചെയ്യുന്നതായിരിക്കും ഈ സെൽഫി ടോസ്റ്റർ. വെർമന്റ് നോവൽറ്റി ടോസ്റ്റർ കോർപറേഷൻ ആണ് ഈ അടുക്കള ഉപകരണം നിർമിക്കുന്നതും വിതരണം ചെയ്യുന്നതും. ക്രോണിക് സെൽഫിറ്റിസ് രോഗമുള്ള 500 പേരെയാണ് സ്റ്റാൻഫോർഡ് ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. ഇവർക്ക് സെൽഫി ടോസ്റ്ററുകൾ നൽകുകയായിരുന്നു. ആറ് മാസം ഇവരെ നിരീക്ഷിച്ചതിലൂടെ 75 ശതമാനം പേർക്കും സെൽഫിറ്റിസ് ഭേദമായെന്നും ഇവർ സെൽഫികൾ എടുക്കുന്നത് പൂർണമായി ഒഴിവാക്കിയെന്നും ഗവേഷകർ കണ്ടെത്തി. പ്രാതലിന് സ്വന്തത്തെ തന്നെ തിന്നുന്നത് പതിവാക്കുന്നത്, അഹംഭാവം കുറയുന്നതരത്തിലുള്ള ഉപബോധം സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
സെൽഫിറ്റിസ് പെരുമാറ്റ തോത്
താഴെ കൊടുത്ത പ്രസ്താവനകൾ വായിച്ച്, ഓരോന്നിനും ഒന്ന് മുതൽ അഞ്ച് വരെയുള്ള റേറ്റിംഗ് നൽകുക. അഞ്ച് എന്ന റേറ്റിംഗ് ശക്തമായി അംഗീകരിക്കുന്നു എന്നും ഒന്ന് ശക്തമായി നിരാകരിക്കുന്നു എന്നുമാണ് സൂചിപ്പിക്കുന്നത്.
സ്‌കോറുകൾ താഴെ പറയുന്ന പ്രകാരമാണ്:
0-33 ബോർഡർ ലൈൻ സെൽഫിറ്റിസ്
34- 67 അക്യൂട്ട് സെൽഫിറ്റിസ്
68- 100 ക്രോണിക് സെൽഫിറ്റിസ്
1. എന്റെ ചുറ്റുപാട് നല്ലവണ്ണം ആസ്വദിക്കാൻ പര്യാപ്തമായ നല്ല അനുഭവം സെൽഫികൾ എടുക്കുന്നതിലൂടെ എനിക്ക് ലഭിക്കുന്നു
2. എന്റെ സെൽഫികൾ പങ്കുവെക്കുന്നത് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ആരോഗ്യകരമായ മത്സരമുണ്ടാക്കുന്നു
3. സെൽഫികൾ പങ്കുവെക്കുന്നതിലൂടെ സാമൂഹിക മാധ്യമങ്ങളിൽൡവലിയ ശ്രദ്ധ നേടാനാകുന്നു
4. സെൽഫികൾ എടുക്കുന്നതിലൂടെ മനഃക്ലേശം കുറക്കാൻ സാധിക്കുന്നു
5. സെൽഫി എടുക്കുമ്പോൾ ആത്മവിശ്വാസം തോന്നുന്നു
6. സെൽഫികൾ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ സുഹൃദ്‌വലയത്തിൽ നിന്ന് കൂടുതൽ സ്വീകാര്യത നേടാനാകുന്നു
7. സെൽഫിയിലൂടെ എന്റെ ചുറ്റുപാടുമായി കൂടുതൽ പ്രകടിപ്പിക്കാൻ സാധിക്കുന്നു
8. വ്യത്യസ്ത സെൽഫി പോസുകൾ സാമൂഹിക പദവി വർധിപ്പിക്കാൻ സഹായിക്കുന്നു
9. സാമൂഹിക മാധ്യമങ്ങളിൽ സെൽഫികൾ പോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ ജനകീയനായി അനുഭവപ്പെടുന്നു
10. സെൽഫികൾ എടുക്കുന്നത് നല്ല മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സന്തോഷം നൽകുകയും ചെയ്യുന്നു
11. സെൽഫി എടുക്കുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു
12. സെൽഫി പോസ്റ്റുകളിലൂടെ സുഹൃദ്‌വലയത്തിലെ ശക്തമായ അംഗമാകുന്നു
13. സന്ദർഭത്തെയും അനുഭവത്തെയും സംബന്ധിച്ച് മികച്ച ഓർമകൾ സെൽഫികൾ നൽകുന്നു
14. സാമൂഹിക മാധ്യമങ്ങളിൽൡകൂടുതൽ ലൈക്കുകളും കമന്റുകളും നേടാൻ ഇടക്കിടെ സെൽഫികൾ പോസ്റ്റ് ചെയ്യുന്നു
15. സെൽഫികൾ പോസ്റ്റ് ചെയ്യുന്നതിലൂടെ സുഹൃത്തുക്കൾ എന്റെ മൂല്യം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
16. സെൽഫി എടുക്കുന്നത് എന്റെ മാനസികാവസ്ഥയെ തുടർച്ചയായി നവീകരിക്കുന്നു
17. ആത്മവിശ്വാസം വർധിപ്പിക്കാൻ കൂടുതൽ സെൽഫി എടുക്കുകയും ഇടക്ക് സ്വകാര്യമായി അവ നോക്കുകയും ചെയ്യുന്നു
18. സെൽഫികൾ എടുക്കാത്തപ്പോൾ സുഹൃദ്‌വലയത്തിൽ നിന്ന് അകന്നത് പോലെ തോന്നുന്നു
19. വരുംകാലത്തെ ഓർമകൾക്ക് വേണ്ടിയുള്ള അടയാളം എന്ന നിലക്കാണ് സെൽഫി എടുക്കുന്നത്
20. എന്റെ സെൽഫികൾ മറ്റുള്ളവരേക്കാൾ മികച്ചതായി തോന്നിക്കാൻ ഫോട്ടോ എഡിറ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു
(പ്രഫസർ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡിക്കൽ കോളജ്,
കോഴിക്കോട്)
.