Connect with us

Articles

കുഴിമാന്തുന്ന സിഖ് കലാപം; കുഴിച്ചുമൂടുന്ന ഗുജറാത്ത്‌ കലാപം

Published

|

Last Updated

2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശീയ കലാപത്തില്‍ നിന്നുള്ള ദൃശ്യം

പതിനേഴാം ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം എന്ന സ്വപ്‌നം ബി ജെ പിയും അതിന്റെ പ്രസിഡന്റ് അമിത് ഷായും പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയാഗ്രഹിക്കുന്ന നരേന്ദ്ര മോദിയും ഏതാണ്ട് ഉപേക്ഷിച്ചിരിക്കുന്നു. പ്രചാരണത്തില്‍ ഊന്നല്‍ നല്‍കുന്ന വിഷയങ്ങള്‍ നിരന്തരം മാറ്റിയും എതിരാളികളെ വ്യക്തിപരമായി ലക്ഷ്യമിട്ടും നരേന്ദ്ര മോദിയും സംഘവും അവസാനത്തെ അടവും പയറ്റുകയാണ്. ദേശീയതയുടെയും രാജ്യ സ്‌നേഹത്തിന്റെയും കുത്തക ഏറ്റെടുത്ത് ജനങ്ങളില്‍ വികാരമുണര്‍ത്തി, വോട്ടുറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഗുണം ചെയ്തില്ലെന്ന തിരിച്ചറിവാണ് പരിഭ്രാന്തിയിലേക്ക് ഇവരെ നയിക്കുന്നത്. “ദേശീയ വികാര”മുണര്‍ന്നാല്‍ മാഞ്ഞുപോകുന്നതല്ല ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങളെന്ന് ജനങ്ങള്‍ തീരുമാനിച്ചതിന്റെ ചൂട് താഴേത്തട്ടില്‍ ബി ജെ പി അനുഭവിക്കുന്നുണ്ട്. ഒരു പരിധിവരെ മാത്രം സാധ്യമായ പ്രതിപക്ഷ ഐക്യത്തേക്കാള്‍ ഈ ചൂടിനെയാണ് ബി ജെ പിയും സംഘ്പരിവാരവും ഭയക്കുന്നത്. പല വിധ സമ്മര്‍ദങ്ങളാല്‍ ചേരിമാറ്റത്തിന് തയ്യാറായേക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഭൂരിപക്ഷം നേടാനും സര്‍ക്കാര്‍ രൂപവത്കരിക്കാനും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുന്‍കൈയില്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതിലേക്ക് പ്രധാനം, പരമാവധി സീറ്റുകളില്‍ ബി ജെ പി വിജയിക്കുക എന്നതാണ്. അത് സാധിച്ചാല്‍, പ്രാദേശിക പാര്‍ട്ടികളെ സഖ്യത്തിലെത്തിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് ആര്‍ എസ് എസ് – ബി ജെ പി നേതൃത്വം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലെത്തുമ്പോള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കേന്ദ്രീകരിച്ചും 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം അരങ്ങേറിയ സിഖ് വംശഹത്യാ ശ്രമത്തെ ഓര്‍മപ്പെടുത്തിയും നടത്തിയ പ്രചാരണത്തിന്റെ ആത്യന്തിക ലക്ഷ്യം ഇതാണ്.

ഡല്‍ഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും ഇന്നലെയായിരുന്നു വോട്ടെടുപ്പ്. പഞ്ചാബിലെ 13 സീറ്റില്‍ ഈ മാസം 19നും. ഈ മുപ്പത് സീറ്റുകളില്‍ പരമാവധി സ്വന്തമാക്കുക എന്നതു മാത്രമാണ് സിഖ് വംശഹത്യാ ശ്രമം പ്രചാരണ വിഷയമാക്കുന്നതിലെ ഏക ലക്ഷ്യം. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അകാലി ദള്‍ – ബി ജെ പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിറകെ തന്നെ സിഖുകാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമം നരേന്ദ്ര മോദി ആരംഭിച്ചിരുന്നു. 1984ലെ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. 186 കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. കൂട്ടക്കുരുതിക്ക് ഇരയായവരുടെ ബന്ധുക്കള്‍ക്ക് മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപ വീതമാക്കി ഉയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. വംശഹത്യാ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ അടുത്തിടെ കോടതി ശിക്ഷിക്കുക കൂടി ചെയ്തതോടെ 34 വര്‍ഷങ്ങള്‍ക്ക് ശേഷം നീതിയുടെ വഴി തുറക്കുന്നുവെന്ന തോന്നല്‍ സിഖ് സമുദായത്തിലുണ്ടായി. അത് രാഷ്ട്രീയമായി മുതലെടുക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് നരേന്ദ്ര മോദിയും കൂട്ടരും.
സിഖ് വംശഹത്യ രാജ്യത്തിന്റെ പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോള്‍ അത് കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും മാത്രമല്ല നരേന്ദ്ര മോദിയെയും സംഘ്പരിവാരത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പുതിയ കാലത്ത് കൂടുതല്‍ പ്രതിരോധത്തിലാകുന്നത് നരേന്ദ്ര മോദിയും സംഘ്പരിവാരവുമാണു താനും. ആ വിധത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ എല്ലായിപ്പോഴുമെന്നപോലെ ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നുവെന്ന് മാത്രം.

1984 ഒക്‌ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി, സിഖ് വംശജരായ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ചതിന് പിറകെ രാജ്യത്താകെ സിഖ് വംശജര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ആസൂത്രിതമായ അക്രമം അരങ്ങേറിയത് ഡല്‍ഹിയിലാണ്. അവിടെ മാത്രം മൂവായിരത്തോളം സിഖുകാര്‍ കൊലചെയ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടാന്‍ ആളുകളെ സംഘടിപ്പിച്ചതും ആയുധങ്ങള്‍ വിതരണം ചെയ്തതും കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ആരോപണം. സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്‌ലര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ അക്രമി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തന്നെ രംഗത്തിറങ്ങി. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ താഴെയുള്ള പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമാണെന്നായിരുന്നു, ഈ കൂട്ടക്കുരുതിയെക്കുറിച്ച്, പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത രാജീവ് ഗാന്ധിയുടെ പ്രതികരണം. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമോ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറോ മൂവായിരം സിഖുകാരുടെ ജീവന് വലിയ വിലയൊന്നും കല്‍പ്പിച്ചിരുന്നില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വംശഹത്യാ ശ്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പലതിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഒന്നില്‍പ്പോലും അന്വേഷണം നടന്നതുമില്ല. അങ്ങനെ അവസാനിപ്പിച്ച 186 കേസുകള്‍ വീണ്ടും അന്വേഷിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഒരു വിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോയ കോണ്‍ഗ്രസ് നേതൃത്വത്തിന് 2006ല്‍ തിരിച്ചറിവുണ്ടായി. 1984ലെ സിഖ് വംശഹത്യയെ അവര്‍ തള്ളിപ്പറഞ്ഞു. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയും സിഖുകാരോട് മാപ്പുപറഞ്ഞു. മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതും അന്നാണ്. അപ്പോഴും കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പാകത്തിലേക്ക് അന്വേഷണം കൊണ്ടുപോകാനോ ആസൂത്രകരായി നിന്ന നേതാക്കളെ തള്ളിപ്പറയാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ആ പഴുതാണ് നരേന്ദ്ര മോദിയും കൂട്ടരും ഇപ്പോള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
ഇതേ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് 2002ല്‍ ഗുജറാത്തിലെ വംശഹത്യാ ശ്രമം അരങ്ങേറിയത്. രണ്ടായിരത്തോളം മുസ്‌ലിംകളെ കൂട്ടക്കുരുതി ചെയ്ത, നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ, അത്രയെളുപ്പത്തില്‍ ആര്‍ക്കും മറികടക്കാനാകാത്ത ക്രൂരതകളുടെ ചരിത്രം രചിച്ച 2002. ഭൂരിപക്ഷത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമുണ്ടാകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയും പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് വേണ്ട “സ്വാതന്ത്ര്യം” അനുവദിച്ചുകൊടുത്തും വംശഹത്യാ ശ്രമത്തിന് ഒത്താശ ചെയ്തിരുന്നു നരേന്ദ്ര മോദി ഭരണകൂടം. അക്രമം നിയന്ത്രിക്കാന്‍ പട്ടാളത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം അവഗണിച്ച്, കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയി സര്‍ക്കാറും വേണ്ട സഹായം ചെയ്തു. പിന്നെയൊരു പതിറ്റാണ്ടിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കവെ, കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ അതില്‍ സഞ്ചരിക്കുന്നയാള്‍ ഉത്തരവാദിയാകുന്നതെങ്ങനെ എന്നാണ് വംശഹത്യാ ശ്രമത്തിന്റെ ഇരകളെക്കുറിച്ചുള്ള ചോദ്യത്തോട് നരേന്ദ്ര മോദി പ്രതികരിച്ചത്. വന്‍മരം വീഴുമ്പോള്‍ അതിനടിയിലുള്ള പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമാണെന്ന രാജീവ് ഗാന്ധിയുടെ പ്രതികരണവും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രതികരണവും ഏതാണ് കൂടുതല്‍ ക്രൂരം എന്നതില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ.

ഗുജറാത്ത് വംശഹത്യാ ശ്രമത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇന്ത്യന്‍ യൂനിയനെ തന്നെ നാണിപ്പിക്കും വിധത്തിലുള്ളവയായിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അന്വേഷണം നടന്നതും വിചാരണ ചെയ്ത്, തീര്‍പ്പാക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം വിരലുകളില്‍ എണ്ണാവുന്നത് മാത്രം. ഇരകളാക്കപ്പെട്ടവരില്‍ ചിലരും അവരുടെ ബന്ധുക്കളും നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ചില കേസുകളിലെങ്കിലും നീതി നടപ്പാക്കപ്പെട്ടുവെന്ന തോന്നലുണ്ടായത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട, പൗരന്‍മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഒപ്പം നില്‍ക്കേണ്ട ഭരണകൂടം അക്രമികള്‍ക്കൊപ്പം നിന്നു, മറയില്ലാതെ. എങ്ങനെയാണ് സംരക്ഷിച്ചത് എന്ന് ബാബു ബജ്‌രംഗിയെപ്പോലുള്ളവര്‍ ഒളിക്യാമറക്ക് മുന്നില്‍ തുറന്നു പറയുകയും ചെയ്തു. സംരക്ഷകരുടെ പട്ടികയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അക്ഷീണ പ്രയത്‌നം നടത്തുന്ന 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തന്റെ പേരുമുണ്ടായിരുന്നു. ഒളിക്യാമറാ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കാത്തതു കൊണ്ടു മാത്രം ആ ദേഹം ക്രിമിനല്‍ കേസില്‍ വിചാരണചെയ്യപ്പെടാതെ പോയി. ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരിയത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനെ സ്വാധീനിച്ചാണെന്ന ആക്ഷേപം ശക്തമാണ്. സംഘത്തലവനായിരുന്ന സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ സൈപ്രസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി തുടരുന്നത് ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാര സ്മരണയിലാണ്.

സിഖ് വംശഹത്യാ ശ്രമത്തില്‍ പേരിനെങ്കിലും മാപ്പുചോദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സന്നദ്ധമായി. ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ ഖേദം മനസ്സിലെങ്കിലും തോന്നുന്നുണ്ടാകുമോ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും! സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിലും ഒരു പക്ഷത്ത് സംഘ്പരിവാറുണ്ടായിരുന്നു. കലാപങ്ങളുടെ സംഘാടനത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് വിവിധ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുമുണ്ട്. അതിലൊന്നിലും ഖേദം തോന്നാതെ, പുതിയ കലാപങ്ങള്‍ക്ക് മരുന്നൊരുക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസിനെ അശക്തമാക്കുന്നുണ്ട് ഇപ്പോഴും സിഖ് കൂട്ടക്കുരുതി. അതുതന്നെയാണ് ആ പാര്‍ട്ടിയുടെ ദുര്യോഗവും. ഭഗല്‍പൂരില്‍, മീററ്റില്‍, ഗുജറാത്തില്‍, മുസഫര്‍ നഗറില്‍ ഒക്കെ നിങ്ങളെന്താണ് ചെയ്തത് എന്ന് മോദിയോടും സംഘ്പരിവാരത്തോടും ചോദിക്കാന്‍ ആ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇപ്പോഴും സാധിക്കുന്നില്ല. അത് ചോദിക്കാനും കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാനും ശ്രമിക്കാത്തിടത്തോളം കാലം ഒരു ഖേദവുമില്ലാതെ, ഏത് വ്യാജവും പ്രചരിപ്പിച്ച് ആക്രമിക്കുന്നവര്‍ക്ക് മുന്നില്‍ നിശ്ശബ്ദരാകാനേ സാധിക്കൂ.

Latest