Ongoing News
പാടുമോ, സ്‌നേഹഗായകാ ഒരിക്കൽ കൂടി...
എരഞ്ഞോളി എന്നു കേൾക്കുമ്പോൾ തന്നെ നിഷ്‌കളങ്കതയും സ്‌നേഹവും മുറ്റി നിൽക്കുന്ന ഒരു വദനവും നീണ്ടു കൊലുന്നനെയുള്ള ദേഹവും ഗാംഭീര്യമുള്ള ആലാപന ശൈലിയുമാണ് മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക. ഏത് ആൾക്കൂട്ടത്തിനിടയിലും അദ്ദേഹത്തെ വേറിട്ടു കാണാമായിരുന്നു എന്നതുപോലെ ഏത് പാട്ടുകൾക്കിടയിലും അദ്ദേഹത്തിന്റെ പാട്ട് വേറിട്ടു കേൾക്കുമായിരുന്നു. ശരീരത്തിന്റെ ഉയരം പോലെ തന്നെ മാപ്പിളപ്പാട്ട് സംഗീത ശാഖയുടെ ഉയരങ്ങൾ കീഴടക്കാൻ വലിയകത്ത് മൂസയെന്ന എരഞ്ഞോളി മൂസക്ക് സാധിച്ചു.
ദാരിദ്ര്യത്തെ അതിജീവിക്കാനുള്ള തത്രപ്പാടിൽ വണ്ടിയുന്തി കൈ കുഴയുമ്പോഴും ഭാരമേന്തി മെയ് തളരുമ്പോഴും പാട്ടുകൾ പാടിയാണ് അദ്ദേഹം സ്വന്തം മനസ്സിനെ ആശ്വസിപ്പിച്ചിരുന്നത്. സംഗീതത്താലാണ് ജീവിത പ്രാരാബ്ധങ്ങളെ ഉറക്കിക്കിടത്തിയിരുന്നത്. ഉള്ളിൽ കരഞ്ഞുകൊണ്ടാണ് താൻ കാണികളെ ചിരിപ്പിച്ചിരുന്നതെന്ന് ചാർളി ചാപ്ലിൻ പറഞ്ഞിട്ടുണ്ട്. അതുപോലെ കണ്ണീർമഴയത്ത് പാട്ടുകളുടെ കുട ചൂടിയാണ് മൂസാക്ക ശ്രോതാക്കളെ കൈയിലെടുത്തത്. തീക്ഷ്ണാനുഭവങ്ങളുടെ ഉലയിൽ പാകപ്പെട്ട ഇച്ഛാശ്ശക്തി അദ്ദേഹം അറിഞ്ഞോ അറിയാതെയോ പാട്ടുകളിൽ സന്നിവേശിച്ചിരിക്കുന്നത് ലൈവ് കാണുന്നവർക്ക് അനുഭവവേദ്യമായിരുന്നു.
പാടുമ്പോൾ ടോണിലും ശൈലിയിലും തീർക്കുന്ന വ്യത്യസ്തതകൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു. ശബ്ദത്തിലെ ഗാംഭീര്യവും ഭാവത്തിലെ മധുരിമയും കൊണ്ട് മാപ്പിളപ്പാട്ടിന്റെ മണിമേടകൾ ഒന്നൊന്നായി മൂസാക്ക കീഴടക്കി. സ്വതസിദ്ധമായ ശൈലിയിൽ ഇശലുകളുടെ തേന്മഴ പെയ്യിച്ചു. പ്രണയവും തത്വജ്ഞാനവും തമാശയുമെല്ലാം ഉൾച്ചേർന്ന പാട്ടുകളും ഭക്തിഗാനങ്ങളും ഒപ്പന- മൈലാഞ്ചി പാട്ടുകളുമെല്ലാം അതിന്റെതായ ചേരുവകൾ ചേർത്ത് അവിസ്മരണീയമാക്കി.
“മിഹ്‌റാജ് രാവിലെ കാറ്റേ, മരുഭൂ തണുപ്പിച്ച കാറ്റേ” എന്ന് മൂസാക്ക പാടുമ്പോൾ ശ്രോതാവിന്റെ ഉള്ളകവും തണുത്തു ശാന്തമാകുന്നു. വ്രണിത ഹൃദയത്തിൽ സാന്ത്വനത്തിന്റെ ദിവ്യൗഷധം പുരട്ടുന്നു. ഗായകനും ഗാനവും ശ്രോതാവും ചേർന്ന് അനവദ്യമായ ഒരു ലയനമാണ് അവിടെ സാധ്യമാകുന്നത്. “മിസ്‌രീലെ രാജൻ” പാടുമ്പോൾ സൗമ്യസുന്ദരമായൊരു പ്രണയത്തിന്റെ കുഞ്ഞലകൾ അന്തരീക്ഷത്തിൽ അനുഭൂതികൾ തീർക്കുന്നു. “മാണിക്യ മലരായ പൂവീ” എന്ന പാട്ടിലെ നാലാമത്തെ വരിയിലെ “നാരീ” എന്ന ഭാഗത്തിന് മൂസാക്ക നൽകിയ പ്രത്യേകമായൊരു ധ്വനി മറ്റ് മാപ്പിളപ്പാട്ടു ഗായകർക്കാർക്കും എത്തിപ്പിടിക്കാൻ സാധിച്ചിട്ടില്ല. മാപ്പിളപ്പാട്ടിന്റെ നീട്ടലും കുറുക്കലും മന്ദ- ശീഘ്ര ഗതികളും മുറുക്കങ്ങളുമെല്ലാം അനിതരസാധാരണമായ രീതിയിൽ അനുഗൃഹീതമായ ആ കണ്ഠത്തിൽ നിന്നൊഴുകി. അങ്ങനെ കേട്ടാലും കേട്ടാലും കൊതി തീരാത്ത എത്രയെത്ര പാട്ടുകൾ…. മൂസാക്കയുടെ പാട്ട് ഒരു തവണ കേട്ടാൽ തന്നെ കുറേ സമയത്തേക്ക് മനസ്സിന്റെ തന്ത്രികളിൽ അത് മന്ത്രമധുരമായി ശ്രുതി മീട്ടിക്കൊണ്ടിരിക്കും. ഇശലുകളുടെ സുൽത്താൻ എന്ന വിശേഷണം വെറുതെ ലഭിച്ചതല്ലെന്ന് ചുരുക്കം.
വലിയകത്ത് മൂസക്ക് പാടാനുള്ള വാസന ജന്മസിദ്ധമായി കിട്ടിയതാണ് എന്നു വേണമെങ്കിൽ പറയാം. ഉമ്മയുടെ താരാട്ടു പാട്ടുകൾ കേട്ടാണ് പാട്ടിന്റെ ലോകത്തേക്ക് പിച്ചവെച്ചത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ ജീവിത സാഹചര്യങ്ങൾ അനുവദിച്ചില്ല. ശരത് ചന്ദ്ര മറാഠെയിൽ നിന്ന് വളരെ കുറഞ്ഞ കാലം ഹിന്ദുസ്ഥാനിയും തിരുവങ്ങാട്ടെ കുഞ്ഞിക്കണ്ണൻ ഭാഗവതരിൽ നിന്ന് കർണാട്ടിക്കും പരിശീലിച്ചതായിരുന്നു ആകെയുള്ള കൈമുതൽ.
ഹിന്ദുസ്ഥാനിയുടെയും ഗസലിന്റെയും സ്വാധീനം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞു നിൽപ്പുണ്ട്. കല്യാണ വീടുകളിൽ പാടാനുള്ള അവസരത്തിന് കാത്തുകെട്ടിക്കിടന്നതിൽ തുടങ്ങി കലാസമിതികളിലൂടെ, ക്ലബുകളിലൂടെ, ആകാശവാണിയിലൂടെ, ഗൾഫിലെ പാട്ടരങ്ങുകളിലൂടെയാണ് മൂസാക്കയുടെ പാട്ടുകൾ പടർന്നു പന്തലിച്ചത്. യാദൃച്ഛികമായി മൂസയുടെ പാട്ട് കേൾക്കാനിടയായ സംഗീത സംവിധായകൻ രാഘവൻ മാഷാണ് വലിയകത്ത് മൂസയെ എരഞ്ഞോളി മൂസയാക്കി സംഗീത ലോകത്തിനു കാണിച്ചു കൊടുത്തത്. ആകാശവാണിയിൽ പാടാൻ അവസരമൊരുക്കിയതും അദ്ദേഹമായിരുന്നു. ആയിരക്കണക്കിന് വേദികളിലേക്കുള്ള ജൈത്രയാത്രയായിരുന്നു പിന്നെ… അർഹതക്കുള്ള അംഗീകാരമായി ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെതുൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ മൂസാക്കയെ തേടിയെത്തി.
ഉയരങ്ങളിലെത്തിയിട്ടും വന്ന വഴികളൊന്നും അവസാന യാത്ര വരെ അദ്ദേഹം മറന്നുപോയില്ല. മനുഷ്യനെയും പ്രകൃതിയെയും ബന്ധങ്ങളെയുമെല്ലാം ഒരു സ്‌നേഹഗാനം പോലെ തഴുകിത്തലോടാൻ സമയം കണ്ടെത്തി. പാട്ട്, പാടാൻ മാത്രമുള്ളതല്ലെന്നും ഗായകൻ ആ മേഖലയിൽ മാത്രം വിരാജിക്കേണ്ടവനല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ അശരണർക്കും അവശതയനുഭവിക്കുന്നവർക്കും ഇടയിലേക്കിറങ്ങിച്ചെന്ന് മാതൃകയായി. “എന്തെല്ലാം വർണങ്ങൾ, ഏതെല്ലാം ഗന്ധങ്ങൾ, ഏതെല്ലാം പൂക്കൾ ഈ ഉദ്യാനത്തിൽ” എന്ന പാട്ട് പല വേദികളിലും മൂസാക്ക സ്വയം മറന്നു പാടിയിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന തത്വത്തെ, മതേതര ബോധത്തെ എത്രത്തോളം സ്വജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു എന്നതിന്റെ നിദർശനമായിരുന്നു ഇത്.
ശ്വാസകോശത്തിന് ബാധിച്ച അസുഖം ശരീരത്തിൽ അപശ്രുതികൾ മീട്ടുകയും പിന്നീട് ശബ്ദം നിലച്ചു പോവുകയും ചെയ്തപ്പോൾ എത്രമാത്രം വേദനയാകും അദ്ദേഹം അനുഭവിച്ചിട്ടുണ്ടാവുക. ഇനിയുമൊരുപാട് പാട്ടുകൾ ശ്രുതിമധുരമായി പാടാനുള്ള ആഗ്രഹത്തെ എങ്ങനെയാവും അടക്കിനിർത്തിയിട്ടുണ്ടാവുക. ഒടുവിൽ കെട്ടുകൾ മൂന്നു കെട്ടി, കട്ടിലിലേറി ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കായി മൂസാക്ക പോയി, അരിമുല്ലപ്പൂമണം വീശുന്ന ഒരുപാട് മധുരഗാനങ്ങൾ സംഗീത ലോകത്ത് അവശേഷിപ്പിച്ച്… മാപ്പിളപ്പാട്ട് ചരിത്രം എത്ര നാൾവഴികൾ പിന്നിട്ടാലും എരഞ്ഞോളി മൂസയുടെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും. അകലെ മൗനം പോൽ മറഞ്ഞുപോയെങ്കിലും അദ്ദേഹം കൈരളിക്കു സമ്മാനിച്ച സ്‌നേഹഗീതങ്ങൾ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും…
എം വി ഫിറോസ് • fyrozmv@gmail.com