Connect with us

Malappuram

ചരിത്രത്തിന് സാക്ഷ്യം വഹിച്ച പഴയങ്ങാടി വലിയ ജുമുഅ മസ്ജിദ്

Published

|

Last Updated

കൊണ്ടോട്ടി പഴയങ്ങാടി ജുമുഅ മസ്ജിദ്

കൊണ്ടോട്ടി: കൊണ്ടോട്ടിയിലേയും പരിസര പ്രദേശങ്ങളിലേയും ആദ്യ ജുമുഅ മസ്ജിദ്. 500 കൊല്ലത്തിലധികം പഴക്കമുള്ള പഴയങ്ങാടി ജുമുഅ മസ്ജിദ് ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയങ്ങാടി വലിയ ജുമുഅ മസ്ജിദ് സ്ഥാപിതമാകുന്നതിന് മുമ്പ് കൊണ്ടോട്ടിയിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികൾ ജുമുഅ നിസ്‌കാരത്തിന് തിരൂരങ്ങാടി പള്ളിയിലേക്കാണ് പോയിരുന്നത്. കൊണ്ടോട്ടിയിൽ നിന്ന് 15 കിലോ മീറ്റർ ദൂരെയാണ് തിരൂരങ്ങാടി. വർഷകാലത്തും പ്രതികൂല കാലാവസ്ഥയിലും പലപ്പോഴും ജുമുഅ നിസ്‌കാരത്തിന് സമയത്ത് എത്തിപ്പെടാനാകാതെ വന്നപ്പോൾ ഖാസി കൊണ്ടോട്ടിയിൽ നിന്നുള്ളവരോട് ചോദിച്ചു.

നിങ്ങൾക്ക് നാട്ടിൽ ജുമുഅ ആരംഭിച്ചു കൂടെ എന്ന്. ഈ ചോദ്യമാണ് കൊണ്ടോട്ടിയിൽ ജുമുഅ മസ്ജിദ് സ്ഥാപിക്കാൻ കാരണമാകുന്നത്. നാടുവാഴിയായിരുന്ന നീറാട് മൂസ ത് മാരില്‍ നിന്നാണ് പഴയങ്ങാടി വലിയ ജുമുഅ മസ്ജിദിനും ഖബർസ്ഥാനാനും സ്ഥലം ലഭ്യമാകുന്നത്. മതവിഷയങ്ങളിൽ പാണ്ഡിത്യമുള്ളവർ കൊണ്ടോട്ടിയിൽ ഇല്ലാതിരുന്നത് കാരണം ഖതീബും ഇമാമുമായി പൊന്നാനി മഖ്ദൂമികളായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഒരു നൂറ്റാണ്ടു മുമ്പു വരെ പൊന്നാനി ഖാസിയുടെ കീഴിലായിരുന്നു കൊണ്ടോട്ടി മഹല്ല് നിലനിന്നു വന്നിരുന്നത്. പൊന്നാനിയിൽ നിന്നുള്ള അവസാന ഖാസിയായ സൈനുദ്ദീൻ മഖ്ദൂമി നാലാമന്റെയും മറ്റത്തൂർ ഖാസിയായിരുന്ന അഹമ്മദ് മുസ്‌ലിയാരുടെയും മഖ്ബറകൾ മസ്ജിദിനകത്ത് ഇന്നും സംരക്ഷിച്ച് വരുന്നുണ്ട്. നിരവധി പേർ ഇന്നും ഇവിടെ സിയാറത്തിനെത്തുന്നുണ്ട്. മമ്പുറം തങ്ങളും പൊന്നാനി ഖാസിമാരും വിശ്വാസികൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇന്നത്തെ മഹാരാഷ്ട്ര കർണാടക അതിർത്തി പ്രദേശത്ത് നിന്നും മുഹമ്മദ് ഷാ എന്നയാൾ കൊണ്ടോട്ടിയിലെത്തുന്നത്. ഫക്കീർ വലിയ്യ് എന്ന് സ്വയം പരിചയപ്പെടുത്തിയ മുഹമ്മദ് ഷാക്ക് ധാരാളം അനുയായികളെ ലഭിച്ചു. പിൽക്കാലത്ത് സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ പല ആശയങ്ങളും ആചാരങ്ങളും കൊണ്ടു വന്ന അദ്ദേഹം വിശ്വാസികളെ വഴി പിഴപ്പിക്കുന്നത് അറിഞ്ഞ മമ്പുറം തങ്ങളും പൊന്നാനി ഖാസിമാരും മുഹമ്മദ് ഷായുമായി ബന്ധം പുലർത്തുന്നത് പിഴച്ച വിശ്വാസത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹവുമായി യാതൊരു ബന്ധവും പാടില്ലെന്നും മുസ്‌ലിം സമൂഹത്തെ ആഹ്വാനം ചെയ്തു.

ഷായുമായി ബന്ധപ്പെട്ടിരുന്ന വലിയ വിഭാഗം അദ്ദേഹത്തിന്റെ ചിന്താഗതികളിൽ നിന്ന് മടങ്ങി. എന്നാലും ഏറനാട്ടിലും വള്ളുവനാട്ടിലുമായി ഷാക്ക് ധാരാളം അനുയായികളെ ലഭിച്ചു. ശിയാ ചിന്താഗതികളും ആചാരങ്ങളുമാണ് മുഹമ്മദ് ഷാ പ്രചരിപ്പിച്ചിരുന്നതെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നുണ്ട്. ഏതായാലും പൊന്നാനി ഖാസിക്ക് കീഴിലുള്ളവരും ഷായുടെ അനുയായികളും ശക്തമായി വന്നതോടെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ സമുദായത്തിനുള്ളിൽ ഛിദ്രതക്ക് വഴിയൊരുക്കി. ഇത് പലപ്പോഴും സംഘട്ടനങ്ങളിൽ വരെ എത്തിച്ചേർന്നു.

രണ്ട് വിഭാഗങ്ങളും വ്യത്യസ്ത പേരിൽ അറിയപ്പെട്ടു. പൊന്നാനി ഖാസിമാരുടെ നേതൃത്വം അംഗീകരിക്കുന്നവർ പൊന്നാനി കൈക്കാർ എന്നും മുഹമ്മദ് ഷായെ അംഗീകരിക്കുന്നവർ കൊണ്ടോട്ടി കൈക്കാർ എന്ന പേരിലും അറിയപ്പെട്ടു. കൊണ്ടോട്ടി കൈക്കാരുമായി യാതൊരു ബന്ധവും പാടില്ലെന്ന് മമ്പുറം തങ്ങളുടെ ആഹ്വാനമുണ്ടായി. ഈ ആഹ്വാനം കുടുംബ ബന്ധങ്ങളും മുറിക്കപ്പെട്ടു. പൊന്നാനി കൈക്കാർ കൊണ്ടോട്ടി കൈയുമായി ചേർന്ന കുടുംബങ്ങളുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചു. പിൽക്കാലത്ത് സമസ്തയും കൊണ്ടോട്ടി കൈക്കാരുമായി ബന്ധം പാടില്ലെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പഴയങ്ങാടി പള്ളി പണിത കാലം തൊട്ടു തന്നെ നാട്ടുകാർക്കും മറുനാട്ടുകാർക്കുമായി ദർസ് മാതൃകയിൽ മതപഠന ക്ലാസുകൾ സജീവമായിരുന്നു ഇവിടെ.

നൂറ്റാണ്ടുകൾ സുഗമമായി മുന്നോട്ടു പോകവേ പഴയങ്ങാടി പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നു ഖാസി മഖ്ദൂം പള്ളിയുമായുള്ള ബന്ധം വിഛേദിക്കുകയും പൊന്നാനി കൈകാർക്കായി തന്റെ സ്വന്തം സ്ഥലത്ത് മറ്റൊരു ജുമുഅ മസ്ജിദ് സ്ഥാപിക്കുകയും ചെയ്തു. ഇതാണ് കൊണ്ടോട്ടിയിലെ പ്രസിദ്ധമായ മറ്റൊരു ജുമുഅ മസ്ജിദായ ഖാസിയാരകം ജുമുഅ മസ്ജിദ്.

ആധുനിക കാലഘട്ടമായതോടെ പള്ളി ഭരണം ജനാധിപത്യവത്കരിക്കുകയും വിഭാഗീയതകൾ അവസാനിക്കുകയും സുന്നത്ത് ജമാഅത്തിന്റെ കീഴിൽ പള്ളി ഭരണം സുഗമമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

കേരളത്തിലെ പഴക്കം ചെന്ന ദർസുകളുള്ള അപൂർവം പള്ളികളിൽ പഴയങ്ങാടി വലിയ ജുമുഅ മസ്ജിദും എണ്ണപ്പെടുന്നു. സമസ്ത നേതാക്കളുൾപ്പടെ നിരവധി പണ്ഡിതന്മാരുടെ ദർസ് കൊണ്ട് അനുഗ്രഹീതമാണ് പഴയങ്ങാടി ജുമുഅ മസ്ജിദ്. പള്ളിയിലെ മുകൾ നിലയിലെ പൂച്ച തട്ടും മിഹ്‌റാബും മരത്തിൽ കൊത്തിയ ഖുർആൻ വചനങ്ങളും ഇന്നും പുതുമയുള്ളതാണ്. വലിപ്പം കൊണ്ട് വലിയ പള്ളികൾ വേറെയും കൊണ്ടോട്ടിയിലുണ്ടെങ്കിലും വലിയ പള്ളി എന്ന പേരിലറിയപ്പെടുന്ന പള്ളി പഴയങ്ങാടി വലിയ ജുമുഅ മസ്ജിദ് തന്നെ. ഇത്രയും വിശാലമായ ഖബർസ്ഥാനുള്ള പള്ളിയും പരിസര പ്രദേശങ്ങളിലില്ല. ഓമാനൂർ ശുഹദാക്കളുടെ മഖ്ബറയും പള്ളിയുടെ ചാരത്ത് സ്ഥിതി ചെയ്യുന്നു.