Ongoing News
പഴമയുടെ പ്രൗഢിയില്‍ പയ്യനാട് ജുമുഅത്ത് പള്ളി
മഞ്ചേരി: ഏറനാട്ടിലെ പുരാതന മുസ്‌ലിം കേന്ദ്രമാണ് പയ്യനാട്. പൗരാണിക സംസ്‌കാരങ്ങളും ആചാരങ്ങളും പഴമയുടെ ചിഹ്നങ്ങളും നിലനില്‍ക്കുന്നതിനാല്‍ പഴയ നാട് എന്നത് പയ്യനാട് എന്നായി മാറിയെന്ന് അനുമാനിക്കപ്പെടുന്നു. പഴയകാലത്ത് പശുവളര്‍ത്തലിന് പേരുകേട്ട പശു നാടാണ് പിന്നീട് പയ്യനാടായി ലോപിച്ചതെന്നും പറയപ്പെടുന്നുണ്ട്.
ഹിജ്‌റ 800ന് മുമ്പ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തു നിന്ന് ഇസ്‌ലാം മതപ്രചാരണാര്‍ഥം ഏറനാട്ടിലെത്തിയ എരിക്കുന്നത്തു തറവാട്ടുകാരാണ് പയ്യനാട്ടിലെ പഴമക്കാര്‍. പണ്ഡിത കുടുംബമായിരുന്നു എരിക്കുന്നത്തു തറവാട്ടുകാര്‍.
കൊണ്ടോട്ടി ഭാഗത്തുനിന്ന് ഏറാന്‍തൊടിക്കാരും പയ്യനാട് വന്ന് താമസമാക്കി. കുടിയേറ്റ കര്‍ഷകരും മത പ്രചാരകരുമായ ഇവരുടെ സംസ്‌കാരവും ആരാധനാരീതികളും കണ്ടു ആകൃഷ്ടരായ ആദിവാസികള്‍ കൂട്ടത്തോടെ ഇസ്‌ലാം മതത്തിലേക്ക് വരുകയായിരുന്നു. പയ്യനാട് മുസ്‌ലിം കേന്ദ്രം ആവുകയും ഹിജ്‌റ 798 ല്‍ പഴയ ജുമുഅ മസ്ജിദ് നിലവില്‍ വരികയും ചെയ്തു.
ഏറനാട് താലൂക്കിലെ മുസ്‌ലിമുകള്‍ ജുമുഅഃ നിസ്‌കാരത്തിനും മയ്യിത്ത് സംസ്‌കരിക്കാനും പയ്യനാട് മഹല്ല് ആയിരുന്നു അന്ന് ആശ്രയിച്ചിരുന്നത്. വിദൂരദിക്കുകളില്‍ നിന്ന് സുബ്ഹിക്ക് മുമ്പ് തന്നെ ചൂട്ടുകത്തിച്ചായിരുന്നു ജുമുഅക്ക് ആളുകള്‍ പയ്യനാട് എത്തിച്ചേര്‍ന്നിരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പഴമയുടെ പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു. അംഗ ശുദ്ധി വരുത്തുന്ന സ്ഥലവും ശൗചാലയവും അടുത്തകാലത്തായി പുതുക്കിപ്പണിതിട്ടുണ്ട്.
ഉച്ചഭാഷിണി വരുന്നതിനുമുമ്പ് ബാങ്ക് വിളിക്കു മുമ്പായി നഗാരം കൊട്ടുന്ന സമ്പ്രദായമായിരുന്നു ഇവിടെ. പള്ളിയുടെ ഒന്നാം നിലയിലേക്കുള്ള മരം കൊണ്ട് നിര്‍മിച്ച കോണിക്കും പഴയ കെട്ടിടം താങ്ങിനിര്‍ത്തുന്ന മരഉരുപ്പടികള്‍, നഗാരം എന്നിവ കാലപ്പഴക്കത്താല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കയാണ്.
പള്ളിയിലെ ഹൗളിലേക്ക് അര കിലോമീറ്റര്‍ ദൂരെ നിന്ന് പൈപ്പ് വഴിയാണ് വെള്ളമെത്തിക്കുന്നത്. പയ്യനാട് നിന്ന് സ്റ്റേഡിയം റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം സ്ഥാപിതമായ ഒരു അടി മാത്രം താഴ്ചയുള്ള വളരെ ചെറിയ കുളത്തില്‍ നിന്നാണ് പള്ളിയിലേക്ക് വെള്ളം എത്തുന്നത്. താഴ്ചയുള്ള കുളത്തില്‍നിന്ന് താരതമ്യേന ഉയരെയുള്ള ടാങ്കിലേക്ക് മോട്ടോര്‍ സഹായമില്ലാതെയാണ് വെള്ളമെത്തുന്നത്. ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളുടെ അത്ഭുതസിദ്ധിയായിട്ടാണ് ജനം ഇത് കരുതിപ്പോരുന്നത്.മമ്പുറം തങ്ങളുടെ ആത്മീയ ഗുരു സൈദ് സീതി തങ്ങളുടെ മഖ്ബറ പള്ളിയുടെ കിഴക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പഠിപ്പുരയില്‍ സ്ഥിതി ചെയ്യുന്ന സീതി തങ്ങളുടെ ജാറം സന്ദര്‍ശിക്കാന്‍ ഇടക്കിടെ മമ്പുറം തങ്ങള്‍ ഇവിടെ വരാറുണ്ടായിരുന്നു. വളരെ അകലെ ചെരുപ്പ് അഴിച്ചുവെച്ചാണ് മമ്പുറം തങ്ങള്‍ സിയാറത്തിന് എത്തിയിരുന്നത്.
വിജനമായ മലയോരങ്ങളില്‍ തനിച്ചു താമസിച്ചു ആരാധനകളില്‍ മുഴുകുകയും ചില പ്രത്യേക സ്ഥലങ്ങളില്‍ മത പ്രബോധനവും സാമൂഹിക സേവനവും നടത്തിവരികയായിരുന്നു സൂഫിവര്യനായ സീതി തങ്ങള്‍. പയ്യനാട് പള്ളിയുടെ പടിപ്പുരയിലാണ് സീതി തങ്ങളുടെ ജാറം. പള്ളിയുടെ കിഴക്കുഭാഗത്ത് ഒരു മതില്‍ക്കെട്ടിനുള്ളില്‍ ആണ് ബൈത്താന്‍ മുസ്‌ലിയാരുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ പരമ്പരയില്‍ വന്ന കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് മഹല്ലിലെ ഖാസി കുടുംബത്തില്‍പെട്ട മഹാപണ്ഡിതനും മമ്പുറം തങ്ങളുടെ പ്രധാന ശിഷ്യനുമായിരുന്നു ബൈത്താന്‍ മുസ്‌ലിയാര്‍. ഉസ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമം. കവിത തുളുമ്പുന്ന തരത്തിലായിരുന്നു ഉസ്മാന്‍ മുസ്‌ലിയാരുടെ സംസാരവും എഴുത്തും. ഗുരുവായ മമ്പുറം തങ്ങള്‍ ആണ് ബൈത്താന്‍ എന്ന സ്ഥാനപ്പേര് നല്‍കിയത്. ബൈത്താന്‍ മുസ്്‌ലിയാരെ പയ്യനാട് ഖാസിയായി അവരോധിച്ചതും മമ്പുറം തങ്ങളാണ്
ബൈത്താന്‍ മുസ്്‌ലിയാര്‍ക്ക് പുറമേ അവരുടെ മകന്‍ ബൈത്താന്‍ അഹ്മദ് മുസ്്‌ലിയാര്‍, ബൈത്താന്‍ മമ്മുമുസ്‌ലിയാര്‍ മരുമകനായ ആറ്റക്കോയ തങ്ങള്‍ എന്നിവരുടെ ഖബറുകളും മതില്‍ക്കെട്ടിനുള്ളില്‍ ആണ്. ഇവരെല്ലാം ഈ പള്ളിയില്‍ ഖാസിയും മുദര്‍രിസും ആയി സേവനം അനുഷ്ടിച്ചവരാണ്. കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ ഖബറും ഈ ജാറത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. സുന്നി പ്രവര്‍ത്തകര്‍ക്ക് വിസ്മരിക്കാനാവാത്ത സയ്യിദ് ഹുസൈന്‍ ശിഹാബ് ഇമ്പിച്ചിക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നതും പയ്യനാടണ്.