Kerala
നാല് ബൂത്തുകളിലെ റീപോളിംഗ്: പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറുവരെ; മഷി പുരട്ടുക നടുവിരലില്‍
കണ്ണൂര്‍: മുസ്‌ലിം ലീഗ്, സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിക്കും. ശനിയാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19 ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. റീപോളിംഗില്‍ വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.
കല്യാശ്ശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളിലാണ് റീപോളിംഗിന് ഉത്തരവിട്ടിട്ടുള്ളത്. ഏപ്രില്‍ 23ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ് നടക്കുന്നത് ഇതാദ്യമാണ്.
കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി പി എമ്മുകാരുമാണ്. പിലാത്തറയില്‍ സി പി എമ്മുകാരും മറ്റു മൂന്ന് ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്‌തെന്നാണ് പരിശോധനയില്‍ വ്യക്തമായത്.