Kerala
പുതിയ നഗരസഭകളില്ല; 48 പുതിയ പഞ്ചായത്തുകൾ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 48 ഗ്രാമപഞ്ചായത്തുകൾ രൂപവത്കരിക്കും. 300 ഗ്രാമപഞ്ചായത്തുകളുടെയെങ്കിലും അതിർത്തി പുനർനിർണയിക്കും. എന്നാൽ, പുതിയ മുനിസിപ്പാലിറ്റികളോ കോർപറേഷനുകളോ ഉണ്ടാകില്ല. സർക്കാർ നിയോഗിച്ച സെക്രട്ടറിതല സമിതിയുടെ ശിപാർശ അനുസരിച്ചാണിത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി ലിമിറ്റേഷൻ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സെക്രട്ടറിതല സമിതിയെ നിയോഗിച്ചത്. ഡി ലിമിറ്റേഷൻ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിന് കത്ത് നൽകിയിരുന്നു. രാഷ്ട്രീയ അനുമതി ആവശ്യമായതിനാൽ എൽ ഡി എഫിൽ ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് നിലവിലുള്ളത്.
ഇതിൽ 2015ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച പുതിയ മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ മാത്രമാണ് 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളത്. 2001ലെ സെൻസസ് ആണ് പഞ്ചായത്തുകളുടെയും നേരത്തേയുണ്ടായിരുന്ന മുനിസിപ്പാലിറ്റികളുടെയും അതിർത്തി നിശ്ചയിച്ചതിന് ആധാരമാക്കിയിരിക്കുന്നത്. ഇവയിൽ കൂടി 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാൽ തന്നെ അതിരുകൾ പുനർനിശ്ചയിക്കേണ്ടി വരും. അതിനാൽ വിപുലമായ രീതിയിൽ ഡി ലിമിറ്റേഷൻ പ്രക്രിയ നടത്തേണ്ടതുണ്ട്.
ജനസംഖ്യാനുപാതികമായി വിഭജനം നടത്തുമ്പോൾ പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്നാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദേശം.
ഒരു പഞ്ചായത്തിലെ ജനസംഖ്യ 27,430 ആയി നിജപ്പെടുത്തണമെന്നാണ് കമ്മിറ്റിയുടെ ശിപാർശ. ഇത് പരമാവധി ഇരുപത് ശതമാനം വരെ ഉയർത്താം. സംസ്ഥാനത്തെ 300 പഞ്ചായത്തുകളിലെങ്കിലും നിലവിലെ ജനസംഖ്യ 32,000ന് മുകളിലാണ്. ഇതിൽ 135 പഞ്ചായത്തുകളിൽ 40,000ത്തിന് മുകളിലും 35ൽ 50,000ത്തിന് മുകളിലും ജനസംഖ്യയുണ്ട്.
അതിനാൽ പഞ്ചായത്തുകളുടെ അതിരുകൾ പുനർനിർണയിക്കേണ്ടത് അനിവാര്യമാണെന്നാണ് സമിതിയുടെ റിപ്പോർട്ട്. 45- 48 പഞ്ചായത്തുകളെങ്കിലും പുതുതായി രൂപവത്കരിക്കേണ്ടി വരുമെന്നാണ് സമിതിയുടെ കണ്ടെത്തൽ.
പുതിയ മുനിസിപ്പാലിറ്റികളോ കോർപറേഷനുകളോ വേണ്ടെന്നും സമിതി ശിപാർശ ചെയ്തു. 2015ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച മുനിസിപ്പാലിറ്റികളിൽ ഇനിയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലെന്നതാണ് ഇതിന് കാരണം. കണ്ണൂർ മുനിസിപ്പാലിറ്റിയെ കോർപറേഷനായി ഉയർത്തിയതിനൊപ്പം മുപ്പത് മുനിസിപ്പാലിറ്റികളാണ് 2015ൽ രൂപവത്കരിച്ചത്.
ഇതിൽ ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളുടെ അടിസ്ഥാനസൗകര്യമാണ് നിലവിലുള്ളത്.
ഡി ലിമിറ്റേഷന്റെ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം കൂടി വേണ്ടതിനാൽ വിഷയം എൽ ഡി എഫ് യോഗം ചർച്ച ചെയ്യും. ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം.
പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം വന്ന ശേഷമാകും ഡിലിമിറ്റേഷൻ കമ്മിറ്റി രൂപവത്കരണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ചെയർമാനും സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഐ എ എസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഡി ലിമിറ്റേഷൻ കമ്മിറ്റി. വാർഡുകളുടെ എണ്ണം ഉൾപ്പെടെ ഡി ലിമിറ്റേഷൻ കമ്മിറ്റിയാണ് തീരുമാനമെടുക്കുക.