Kerala
ജമാഅത്തെ ഇസ്‌ലാമിയിൽ പൊട്ടിത്തെറി; വെളിപ്പെടുത്തലുമായി ശൂറ അംഗം
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി നിയന്ത്രണത്തിലുള്ള മാധ്യമം പത്രത്തിന്റേയും മീഡിയാവൺ ചാനലിന്റേയും നടത്തിപ്പിലെ അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതെന്ന് സൂചിപ്പിച്ച് ശൂറയിൽ നിന്ന് പുറത്താക്കിയ ഖാലിദ് മൂസ നദ്‌വി. പത്രത്തിന് വീണ്ടും പത്ത് കോടി രൂപ സക്കാത്ത് ഫണ്ട് സ്വരൂപിക്കാൻ നീക്കം നടക്കുന്നതായും ജമാഅത്ത് പ്രവർത്തകർക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ നദ്‌വി വെളിപ്പെടുത്തി. പത്രവും ചാനലും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്നടക്കം സക്കാത്ത് വിഹിതമായി പത്ത് കോടി രൂപ സ്വരൂപിക്കാൻ ശൂറ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ശൂറ നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് ചോർത്തിയതിന് ഖാലിദ് മൂസ നദ്‌വിയെ ജമാഅത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂനിയനുകൾ മാനേജ്‌മെന്റിന് കത്ത് നൽകിയതിനെ തുടർന്നാണ് നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മാധ്യമത്തിന്റെ വിവിധ യൂനിറ്റുകൾ സന്ദർശിച്ച് നടത്തിയ സിറ്റിംഗുകൾക്ക് ശേഷം ഇക്കഴിഞ്ഞ ഒന്പതിന് അന്വേഷണ സമിതി ശൂറക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് വിവരം. ഈ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സക്കാത്ത് ഫണ്ടിലൂടെ പത്ത് കോടി സമാഹരിക്കാനായിരുന്നു ശൂറയിലുണ്ടായ ധാരണ.
അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടിയെടുക്കാതെ വീണ്ടും ഫണ്ട് പിരിവ് നടത്തുന്നത് ശരിയല്ലെന്ന നിലപാടെടുത്ത നദ്‌വി, അന്വേഷണ റിപ്പോർട്ട് ജമാഅത്തെ ഇസ്‌ലാമിയിലെ അടുപ്പക്കാർക്ക് ചോർത്തി നൽകുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കുള്ളിൽ ഇത് പൊട്ടിത്തെറിക്ക് വഴിവെച്ചതോടെയാണ് നദ്‌വിയെ പുറത്താക്കിയത്. രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദേശിച്ച റിപ്പോർട്ട് ചോർത്തിയെന്നതാണ് നദ്‌വിക്കെതിരായ കുറ്റം. ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി ഇടയാനുള്ള കാരണം പ്രവർത്തകർക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ നദ്‌വി വിശദീകരിക്കുന്നുണ്ട്. ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയിട്ടും ഇനിയുമൊരു പത്ത് കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടുക മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നാണ് നദ്‌വിയുടെ വിശദീകരണം.
മാധ്യമം പത്രവും മീഡിയാവണും “മാധ്യമ ജിഹാദ്” എന്ന രീതിയിൽ ആവിഷ്‌കരിച്ചതാണെന്നും വഖഫും സക്കാത്തുമായി സ്വരൂപിച്ച പണം ഉപയോഗിച്ച് തുടങ്ങിയതാണെന്നും നദ്‌വി വിശദീകരിക്കുന്നു. പത്രത്തെ മൂസ നബിയുടെ മുഅ്ജിസത്തായ (പ്രവാചകൻമാരുടെ അമാനുഷിക കഴിവ്) അത്ഭുത വടിയോട് ഉപമിച്ചാണ് പണം പിരിച്ചിരുന്നത്. ഇനിയും ഈ രീതിയിൽ തന്നെയാകും പണം പിരിക്കാൻ ഇറങ്ങുക. ഇങ്ങിനെ പണം പിരിച്ചുണ്ടാക്കിയ സ്ഥാപനം, ഞെട്ടലുളവാക്കുന്ന സാമ്പത്തിക ക്രമക്കേടിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന കാര്യം പ്രവർത്തകർ അറിയാതെ ഫണ്ട് പിരിവ് നടക്കരുതെന്ന നിലപാട് കൊണ്ടാണ് റിപ്പോർട്ട് ചോർത്തിയത്. ഈ റിപ്പോർട്ട് പ്രവർത്തകർ വ്യാപകമായി അറിയണമെന്നും അത് വരും കാലങ്ങളിൽ നടക്കുന്ന അഴിമതി പ്രതിരോധിക്കാൻ സഹായിക്കുമെന്നും നദ്‌വി വിശദീകരിക്കുന്നു.
അതേസമയം, പത്ത് കോടി സമാഹരിക്കാൻ ശൂറ തീരുമാനിച്ചിട്ടില്ലെന്നാണ് അച്ചടക്ക നടപടിയെടുത്ത കാര്യം അറിയിച്ച് കൊണ്ട് ജമാഅത്തെ ഇസ്‌ലാമി ജനറൽസെക്രട്ടറി എം കെ മുഹമ്മദലി എഴുതിയ കത്തിൽ വിശദീകരിക്കുന്നത്. ഹൽഖാ കേന്ദ്രവും ശൂറയും സമ്മർദം ചെലുത്തിയതിനാൽ അന്വേഷണ സമിതിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ആധികാരികത ഉറപ്പ്‌വരുത്താനാണ് തീരുമാനിച്ചത്. സൂക്ഷ്മമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പുറത്ത് പോകരുതെന്നും സോഫ്റ്റ് കോപ്പി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും അമീർ നിർദേശിച്ചിരുന്നു. ഇത് അംഗീകരിക്കാതെയാണ് റിപ്പോർട്ട് ചോർത്തിയതെന്നും പ്രസ്ഥാനത്തിന് ക്ഷതം വരുത്തുന്ന ചർച്ചകൾക്ക് വഴിവെക്കുമെന്നും എം കെ മുഹമ്മദലിയുടെ കത്തിൽ വിശദീകരിക്കുന്നു.