Connect with us

Kollam

കരുണാകരന്റെ വിശ്വസ്തൻ; കർക്കശക്കാരനായ കടവൂർ

Published

|

Last Updated

കടവൂർ ശിവദാസന്റെ ഭൗതികശരീരത്തിൽ മന്ത്രി എം എം മണി അന്ത്യാഞ്ജലി അർപ്പിക്കുന്നു. കോൺഗ്രസ് നേതാവ്എ കെ ആന്റണി സമീപം

കൊല്ലം: പി എസ് യു വിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി ആർ എസ് പിയുടെ തീപ്പൊരി നേതാവായി വളർന്നു, പിന്നീട് കോൺഗ്രസിന്റെ സമുന്നത നേതാവായി. കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ കടവൂർ ശിവദാസന്റെ പൊതുപ്രവർത്തന ജീവിതം തീർത്തും വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു. ആർ എസ് പി യുവനേതാവായിരുന്ന കടവൂർ കോൺഗ്രസിൽ എത്തിയതോടെ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ വിശ്വസ്തനായി. മികവുറ്റ അഭിഭാഷകനായിരുന്ന അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലുപ്രാവശ്യവും മന്ത്രിയായി.

1980-1982 കാലയളവിൽ ആർ എസ് പിയിലൂടെയും 1991, 96, 2001 ൽ കോൺഗ്രസിന്റെയും പ്രതിനിധിയായിട്ടാണ് നിയമസഭയിയിലെത്തിയത്. കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
കശുവണ്ടി തൊഴിലാളികളുടെ ജീവിതഭാരം തിരിച്ചറിഞ്ഞ കടവൂർ കൊല്ലത്തിന്റെ മനസ്സറിഞ്ഞ രാഷ്ട്രീയക്കാരനായി തിളങ്ങി.

അസംഘടിത തൊഴിലാളികൾക്ക് വേണ്ടി ആദ്യമായി ക്ഷേമനിധിബോർഡ് എന്ന കടവൂരിന്റെ ആശയം നടപ്പാക്കിയത് കേരളീയ ചരിത്രത്തിലെ നിർണായക ഏടായി മാറി. വായനകളോട് കൂട്ടുകൂടിയ കടവൂർ കൃത്യമായ നിലപാട് ചേർത്ത് പിടിച്ചിരുന്ന നേതാവായിരുന്നു. പിണറായി വിജയൻ വൈദ്യുതിമന്ത്രിയാരിക്കെ ഏർപ്പെട്ട എസ് എൻ സി ലാവ് ലിൻ കരാറിൽ കമ്പനിയുമായുള്ള ധാരണാപത്രം പുതുക്കില്ലെന്ന തീരുമാനമെടുത്ത കർക്കശക്കാരനായ വൈദ്യുതി മന്ത്രി കൂടിയായിരുന്നു കടവൂർ ശിവദാസൻ. പിണറായി ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയെങ്കിലും കടവൂർ വഴങ്ങിയില്ല.

ദീർഘകാലം കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം വഹിച്ച കടവൂർ ജില്ലയിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡി സി സി ഓഫീസിലും ആനന്ദവല്ലീശ്വരത്തെ വസതിയിലും അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ ആയിരങ്ങൾ കടവൂരെന്ന രാഷ്ട്രീയക്കാരൻ എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമകൂടിയാണെന്നതിന്റെ തെളിവായിരുന്നു.

---- facebook comment plugin here -----

Latest