Kerala
ശൂറ സമിതി കണ്ടെത്തിയത് ഗുരുതര ക്രമക്കേട്
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ പത്രം നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടുന്ന ശൂറ സമിതി റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തൽ. ശൂറ നിയോഗിച്ച നാലംഗ സമിതി, പത്രത്തിന്റെ വിവിധ യൂനിറ്റുകൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാധന സാമഗ്രികൾ വാങ്ങികൂട്ടിയതിലും സ്ഥലമെടുപ്പിലുമെല്ലാം അഴിമതിയുണ്ടെന്ന സൂചന റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. അതേസമയം, സക്കാത്തിന്റെ മറവിൽ ആത്മീയ ചൂഷണത്തിലൂടെ വീണ്ടും ധനസമാഹരണം നടത്താനുള്ള നീക്കത്തിൽ ജമാഅത്ത് അണികളിലും അസ്വസ്ഥത പുകയുകയാണ്.
പത്രത്തിന്റെ വിവിധ യൂനിറ്റുകൾ കേന്ദ്രീകരിച്ച് നടന്ന ഭൂമിക്കച്ചവടം, സാധനസാമഗ്രികൾ വാങ്ങി കൂട്ടിയത് എന്നിവയിലെല്ലാം ഗുരുതരമായ ക്രമക്കേട് നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയെന്നാണ് വിവരം. ഇതിലൂടെ ചിലർ സാമ്പത്തിക നേട്ടമുണ്ടാക്കി.
വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാതെ വീണ്ടും പത്ത് കോടി രൂപ സമാഹരിക്കാൻ നടത്തിയ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിച്ചത്. റിപ്പോർട്ട് ചോർത്തി നൽകിയതിന്റെ പേരിൽ , ശൂറ അംഗമായിരുന്ന ഖാലിദ് മൂസ നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സക്കാത്തിന്റെ മറവിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ആത്മീയ ചൂഷണം പുറത്തായത്.
അർഹരുടെ കൈകളിൽ മാത്രം എത്തേണ്ടതാണ് നിർബന്ധിത സക്കാത്ത് എന്നിരിക്കെ ഇതിലാണ് അഴിമതി നടന്നിരിക്കുന്നത്. മാധ്യമ രംഗത്തെ “ജിഹാദ്” എന്ന് വിശേഷിപ്പിച്ചാണ് പത്രത്തിന് വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണം പിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തായതിന് പിന്നാലെ ഇനി സക്കാത്ത് ഫണ്ട് പിരിവുമായി സഹകരിക്കരുതെന്ന് കാണിച്ച് വിദേ ശരാജ്യങ്ങളിലടക്കം ജമാഅത്ത് അണികൾ തന്നെ പ്രചാരണം നടത്തുന്നുണ്ട്. സഊദി അറേബ്യ, ഖത്വർ തുടങ്ങിയ രാജ്യങ്ങളിലെ ചില ഫൗണ്ടേഷനുകളിൽ നിന്നും ധനസമാഹരണം നടത്താറുണ്ട്. ഇത്തരം സ്ഥാപനങ്ങളെ സംസ്ഥാന വഖഫ് വകുപ്പ് തന്നെ കേന്ദ്രവഖ്ഫ് മന്ത്രാലയം വഴി ഇവിടെ നടന്ന അഴിമതി വിവരം അറിയിക്കുമെന്നാണ് സൂചന.
അതേസമയം, റിപ്പോർട്ട് ചോർന്നത് വൻ വിവാദമായതിന് പിന്നാലെ പത്ര മാനേജ്‌മെന്റ് തലപ്പത്തുള്ള ചിലരെ നീക്കുമെന്നാണ് സൂചന. അടുത്ത ദിവസം ചേരുന്ന ശൂറ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പത്രത്തിന്റെ തലപ്പത്തുള്ള പ്രമുഖ ജമാഅത്ത് നേതാവിന്റെ മകനെയാണ് റിപ്പോർട്ട് ഉന്നംവെക്കുന്നത്. ഇദ്ദേഹത്തിന് സ്ഥാന ചലനമുണ്ടാകും. വിഷയം തണുപ്പിക്കുന്നതിന്റെ ഭാഗമായി നടപടി നേരിട്ട ഖാലിദ് മൂസ നദ്‌വിയോട് പ്രസ്ഥാനത്തിന് ദോഷകരമാകുന്ന പ്രതികരണങ്ങൾ നടത്തരുതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കൾ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച് വാർത്താക്കുറിപ്പ് ഇറക്കാനും സമ്മർദമുണ്ട്.