Connect with us

Articles

തറാവീഹ്: സലഫികള്‍ക്ക് ഇനി 20ലേക്ക് മടങ്ങാം

Published

|

Last Updated

തീവ്രവാദം ഒരു യാഥാര്‍ഥ്യമാണ്. ശ്രീലങ്കയിലും ന്യൂസിലാന്‍ഡിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയത് തീവ്രവാദികളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മതം, രാഷ്ട്രീയം, ദേശീയത, ഭാഷ ഇതെല്ലാം തീവ്രവാദത്തിന്റെ സ്രോതസ്സുകളായി പ്രത്യക്ഷത്തില്‍ വരാറുണ്ട്. മുസ്‌ലിം പേരുള്ളവരും അല്ലാത്തവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നമ്മുടെ കേരളത്തില്‍ ഓരോ വര്‍ഷവും ധാരാളം മനുഷ്യര്‍ കൊല്ലപ്പെടുന്നു, ആക്രമിക്കപ്പെടുന്നു. അക്രമ പ്രവര്‍ത്തനങ്ങളിലെ വലിയ ശതമാനം അക്രമങ്ങളും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ആക്രമണങ്ങളാണ്. രാഷ്ട്രീയ, സംഘടനാ തീവ്രവാദികളാണ് അക്രമത്തിന്റെ സൃഷ്ടി കര്‍മം നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവ്, പ്രധാനമന്ത്രിമാര്‍ തുടങ്ങി പലരും തീവ്രവാദ ഇരകളായിട്ടുണ്ട്.
മുസ്‌ലിം പേരുള്ളവര്‍ നടത്തുന്ന തീവ്രവാദത്തെ ഇസ്‌ലാമിക തീവ്രവാദമായി ലോകം വിശേഷിപ്പിക്കുന്നു. തീവ്രവാദത്തിന്റെ ഇരകള്‍ മഹാഭൂരിഭാഗവും നിരപരാധികളായ മുസ്‌ലിംകളാണ്, വിശിഷ്യാ സുന്നി വിശ്വാസികളാണ്. മഹാപണ്ഡിതനായ അല്ലാമാ റമളാന്‍ ബൂഥ്വി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ട് അധിക കാലമായിട്ടില്ല.

തീവ്രവാദം യാദൃച്ഛികമായി രൂപപ്പെട്ടുവന്ന പ്രതിഭാസമാണോ? അതിന് സൈദ്ധാന്തികമായി വല്ല കോണില്‍ നിന്നും ഊര്‍ജം ലഭിക്കുന്നുണ്ടോ? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം കാണുകയും ആ മറുപടി പരമാവധി ലോക വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിനെ തീവ്രവാദത്തിന്റെ മതമായി മുദ്രകുത്തപ്പെടുമ്പോള്‍ അതിന്റെ യഥാര്‍ഥ പ്രതികളെ സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിച്ചില്ലെങ്കില്‍ ഇസ്‌ലാമിനെതിരെയുള്ള ഈ ബൗദ്ധിക പോരാട്ടത്തെ നമുക്ക് പ്രതിരോധിക്കാന്‍ ആകില്ല. ഇക്കാരണത്താല്‍ തീവ്രവാദത്തിന്റെ യഥാര്‍ഥ പ്രതികള്‍ ആരാണെന്നും എങ്ങനെ അതുണ്ടായി തീര്‍ന്നുവെന്നും വിശ്വാസിയെ മാത്രമല്ല, ഓരോ മനുഷ്യനെയും പരമാവധി പഠിപ്പിച്ചേ മതിയാകൂ. ഈ പഠനം വിജയിപ്പിക്കുകയും ഇസ്‌ലാമിന്റെ ദയ, കാരുണ്യം, സഹനം, വിനയം, നീതി തുടങ്ങിയ സന്ദേശങ്ങള്‍ പ്രായോഗികമായി ലോകത്തിന് സമര്‍പ്പിക്കുകയുമാണ് ഇന്നത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സേവനം.

സലഫിസം ആണ് യഥാര്‍ഥ പ്രതി. ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും അവഗണിച്ച് സ്വയം വ്യാഖ്യാനം നല്‍കി സ്വന്തമായി ആശയങ്ങള്‍ രൂപപ്പെടുത്തി ഇസ്‌ലാം ലേബല്‍ ഒട്ടിക്കുന്ന പ്രവര്‍ത്തനമാണ് സലഫികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിലെ ആരാധനകള്‍, സാങ്കേതിക വിഷയങ്ങളായ തൗഹീദ്, ശിര്‍ക്ക്, ബിദ്അത്ത്, സുന്നത്ത്, ദുആ തുടങ്ങി എല്ലാറ്റിനും അവര്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. ജിഹാദ്, ഹിജ്‌റ തുടങ്ങിയവക്ക് നല്‍കിയ ദുര്‍വ്യാഖ്യാനങ്ങളാണ് ഭീകരവാദമായും തീവ്രവാദമായും ദമ്മാജ് യാത്രയായും ചാവേര്‍ ആക്രമണങ്ങളായും പരിണമിച്ചത്. ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ആ നിലപാട് ലോകത്തെ അറിയിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏക മാര്‍ഗം.

ആഗോള സലഫികളെക്കാള്‍ ഒരനക്കം മുന്നിലാണ് ദുര്‍വ്യാഖ്യാനത്തിന്റെ വിഷയത്തില്‍ കേരള സലഫികള്‍. അവര്‍ക്ക് സ്വന്തമായി തന്നെ അതിവിചിത്രമായ ധാരാളം നിലപാടുകളുണ്ട്. അവരുടെ ക്രൂരമായ ചാവേര്‍ ആക്രമണത്തിനു വിധേയമായ പ്രധാന ആരാധനകളില്‍ ഒന്നാണ് തറാവീഹ്. റമസാനിലെ പുണ്യ രാത്രികളില്‍ മുസ്‌ലിം ലോകം നിര്‍വഹിച്ചു വരുന്ന പ്രത്യേക നിസ്‌കാരമാണ് തറാവീഹ് എന്ന 20 റക്അത്ത് ഉള്ള നിസ്‌കാരം. ഇത് രണ്ട് വീതം റക്അത്തുകളായിട്ടാണ് നിര്‍വഹിക്കപ്പെട്ടു പോരുന്നത്. പരസ്യമായി മുസ്‌ലിം ലോകം ആയിരത്തിലേറെ വര്‍ഷക്കാലം വിവാദങ്ങളില്ലാതെ നിര്‍വഹിച്ചു പോന്ന ആരാധനയാണ് തറാവീഹ് നിസ്‌കാരം. വിശുദ്ധ മക്കയിലും മദീനയിലും ലോകത്തെ പ്രധാന മസ്ജിദുകളില്‍ എല്ലാം 20 റക്അത്തുകളാണ് തറാവീഹ് നിസ്‌കരിച്ചു പോന്നത്. ളുഹാ, വിത്ര്‍ തുടങ്ങിയ സുന്നത്ത് നിസ്‌കാരങ്ങള്‍ ഭാഗികമായി നിര്‍വഹിക്കുന്നത് പോലെ ഒരാള്‍ക്ക് വേണമെങ്കില്‍ തറാവീഹും ഭാഗികമായി നിസ്‌കരിക്കാം. രണ്ട്, നാല്, ആറ്, എട്ട്, പത്ത്… അങ്ങനെ നിര്‍വഹിച്ചു അവസാനിപ്പിക്കുന്നതില്‍ തെറ്റില്ല. ഈ നിലക്ക് കേരളത്തിന് പുറത്ത് ചില സ്ഥലങ്ങളില്‍ എട്ട് നിസ്‌കരിച്ച് അവസാനിപ്പിക്കുന്നവരുണ്ട്. ഇരുപതാണ് പൂര്‍ണത എന്ന് അവരില്‍ ഭൂരിഭാഗവും ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ കേരളത്തിലെ സലഫികള്‍ ഇടക്കാലത്ത് തറാവീഹിനെതിരെ കടുത്ത ചാവേറാക്രമണം സംഘടിപ്പിച്ചിരുന്നു. തറാവീഹിനെ നിഷ്‌കരുണം കൊല്ലാന്‍ ആയിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കേരളത്തിനു പുറത്ത് ചില ഗള്‍ഫ് നാടുകളില്‍ (ഇരുപതാണ് പൂര്‍ണത എന്ന വിശ്വാസത്തോടെ) എട്ട് നിസ്‌കരിക്കുന്ന സാഹചര്യം മുതലെടുത്താണ് അവര്‍ ഈ ദുര്‍വ്യാഖ്യാന സ്‌ഫോടനം നടത്തിയത്. നബി (സ്വ) റമസാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ വര്‍ധിപ്പിക്കാറില്ല എന്ന വിത്‌റുമായി ബന്ധപ്പെട്ട ഹദീസിനെയാണ് അവര്‍ ദുര്‍വ്യാഖ്യാനത്തിന് വിധേയമാക്കിയത്.

തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരം ഇല്ലെന്നും റമസാനില്‍ 11 റക്അത്ത് നിസ്‌കരിക്കുമ്പോള്‍ അതിലെ എട്ട് തറാവീഹ് ആയി മാറുകയാണെന്നും അതിവിചിത്രമായ വാദം അവര്‍ മുന്നോട്ടുവെച്ചു. മക്കയും മദീനയും ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രവും ഇമാമീങ്ങളും ഗ്രന്ഥങ്ങളും എല്ലാം പച്ചയായി അവഗണിച്ച് ക്രൂരമായ ദുര്‍വ്യാഖ്യാനത്തിന് അവര്‍ക്ക് സങ്കോചം ഉണ്ടായില്ല. വിശുദ്ധ ജിഹാദിനെ തീവ്രവാദം ആക്കാന്‍ ഉപയോഗപ്പെടുത്തുന്ന അതേ സമീപനം തറാവീഹ് വിഷയത്തില്‍ അവര്‍ കാണിച്ചു.

എന്നാല്‍ ഈ ചാവേറാക്രമണം പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. തറാവീഹ് എന്ന ആരാധന നശിപ്പിക്കാന്‍ വ്യാഖ്യാന ബോംബുമായി ഊരു ചുറ്റിയ ചില സലഫികള്‍ അതില്‍ നിന്ന് പരസ്യമായി പിറകോട്ട് പോകുകയും തങ്ങള്‍ മുമ്പ് നടത്തിയ വ്യാഖ്യാനങ്ങള്‍ തെറ്റായിപ്പോയെന്നും വിളിച്ചുപറയുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സലഫികള്‍ വീണ്ടുവിചാരത്തിന് സന്നദ്ധമായാല്‍ ഒരു വിഷയത്തിലെങ്കിലും അവര്‍ക്ക് സത്യത്തിലേക്ക് തിരിച്ചു വരാന്‍ കഴിയും. തറാവീഹ് നിസ്‌കാരം മക്കയിലും മദീനയിലും സംഘടിപ്പിക്കുന്നത് പോലെ 20 റക്അത്തുള്ള പ്രത്യേക നിസ്‌കാരമാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കണം. ഇതിന് സന്നദ്ധരാകാത്ത മൗലവിമാരെ അന്ധമായി അനുകരിക്കുന്നതില്‍ നിന്ന് അണികള്‍ വിട്ടു നില്‍ക്കണം. എങ്കില്‍ കേരള സലഫികളുടെ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമാകും. തറാവീഹ് 20 റക്അത്ത് ആണെന്ന് ഇബ്‌നു തൈമിയ്യ പോലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സലഫികള്‍ക്ക് പിന്മടക്കം എളുപ്പമാകുകയും ചെയ്യും.

---- facebook comment plugin here -----

Latest