Connect with us

Kasargod

കാസർകോട് തിരിച്ചുപിടിച്ചത് 35 വർഷങ്ങൾക്ക് ശേഷം

Published

|

Last Updated

കാസർകോട്: എൽ ഡി എഫ് 35 വർഷക്കാലം ആധിപത്യമുറപ്പിച്ച കാസർകോട് ലോക്സഭാമണ്ഡലം ഒടുവിൽ യു ഡി ഫ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ തിരിച്ചുപിടിച്ചു. കാസർകോട് മണ്ഡലത്തിൽ ഉണ്ണിത്താൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം വന്നതെങ്കിലും അവസാന നിമിഷം വരെ വിജയപ്രതീക്ഷയിലായിരുന്നു എൽ ഡി എഫ്. ആദ്യത്തെ മണിക്കൂറുകളിൽ യു ഡി എഫും എൽ ഡി എഫും മാറിമാറി ലീഡ് ചെയ്തുവെങ്കിലും യു ഡി എഫ് പോലും പ്രതീക്ഷിക്കാത്ത വൻ ഭൂരിപക്ഷത്തോടെയാണ് ഉണ്ണിത്താൻ ജയിച്ചുകയറിയത്.

1957ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സ്ഥാനാർഥിയായി എ കെ ജി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് കാസർകോട്. 5, 145 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ കെ ജി വിജയിച്ചത്. 1962ലും എ കെ ജി മത്സരിച്ച് 83, 363 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1967ൽ എ കെ ജി 1,18, 510 വോട്ടിന്റെ ഭൂരിപക്ഷത്തിന് മൂന്നാം വിജയം നേടി. 1971ൽ കാസർകോട് ലോക്സഭാ മണ്ഡലം ഇടതുമുന്നണിയിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു.

അന്ന് കോൺഗ്രസുകാരനായിരുന്ന ഇപ്പോഴത്തെ കോൺഗ്രസ്(എസ്) നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാണ് യു ഡി എഫ് സ്ഥാനാർഥി. 28, 404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചത്. 1977ലും യു ഡി എഫിന്റെ ബാനറിൽ തന്നെ കടന്നപ്പള്ളി മത്സരിച്ച് 5,042 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1980ൽ എം രാമണ്ണറായിയിലൂടെ എൽ ഡി എഫ് കാസർകോട് മണ്ഡലം തിരിച്ചുപിടിച്ചു.

അന്ന് രാമണ്ണറായിയുടെ ഭൂരിപക്ഷം 73,587 ആയിരുന്നു. 1984ൽ ഐ രാമറായിയിലൂടെ കാസർകോട് യു ഡി എഫ് തിരിച്ചുപിടിച്ചു. 11, 369 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാമറായിയുടെ വിജയം. 1989ൽ എം രാമണ്ണറായിയിലൂടെ 1,546 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എൽ ഡി എഫ് വീണ്ടും വിജയിച്ചു. 1991ലും രാമണ്ണറായിയിലൂടെ എൽ ഡി എഫ് വിജയം ആവർത്തിച്ചു.
അതിനുശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം എൽ ഡി എഫിനൊപ്പമായിരുന്നു. 96ലും 99ലും എൽ ഡി എഫിലെ ടി ഗോവിന്ദനാണ് വിജയിച്ചത്. തുടർന്ന് 2014 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്ന് തവണയും എൽ ഡി എഫിലെ പി കരുണാകരനാണ് വിജയിച്ചത്. 2004ൽ പി കരുണാകരന്റെ ഭൂരിപക്ഷം 1,082, 56 ആയിരുന്നു. 2009ൽ 64, 427 ആയി കുറഞ്ഞു. 2014ൽ വെറും 6,927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരുണാകരൻ ജയിച്ചത്
പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവം സി പി എമ്മിന്റെ പ്രതിഛായയെ ഏറെ ബാധിച്ചിരുന്നു.

Latest