Ongoing News
സാമ്രാജ്യത്വ വിരുദ്ധ പോരാട്ട സ്മരണകള്‍ ഇരമ്പുന്ന ക്ലാരി പുത്തൂര്‍ ജുമുഅ മസ്ജിദ്
കല്‍പകഞ്ചേരി: ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ധീരമായ ചെറുത്തു നില്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച കഥയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ലാരി പുത്തൂര്‍ ജുമുഅ മസ്ജിദിന് പറയാനുള്ളത്. ബ്രിട്ടീഷ് വിരുദ്ധ സമര പോരാളികളെ ചതിയിലൂടെ കൊലപ്പെടുത്തിയാണ് വെള്ളപ്പട ഇവരോടുള്ള അരിശം തീര്‍ത്തതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. മലബാര്‍ ലഹള കാലത്ത് ബ്രിട്ടീഷ് വിരോധികളായ ഒരുകൂട്ടം ആളുകള്‍ അവര്‍ക്കെതിരെ സമരം ചെയ്ത് മുന്നേറുബോള്‍ രാത്രി കാലങ്ങളില്‍ അന്തിയുറങ്ങിയിരുന്നത് ഈ പള്ളിയിലായിരുന്നു എന്നതാണ് ചരിത്രം.
ഈ രഹസ്യ വിവരമറിഞ്ഞ ബ്രിട്ടീഷ് പട്ടാളം പള്ളി വളയുകയും മുകള്‍ നിലയില്‍ ഒളിഞ്ഞിരിക്കുന്നവരോട് കീഴടങ്ങാന്‍ പറയുകയും ഇതിന് തയ്യാറാകാത്തവരെ അനുനയത്തില്‍ താഴെ ഇറക്കി ചതിയിലൂടെ കോണിപ്പടിയില്‍ വെച്ച് വെടിവെച്ച് കൊന്ന ചരിത്രം ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നു. നിരവധി പേരുണ്ടായവരില്‍ നിന്ന് വിരലിലിലെണ്ണാവുന്ന ആളുകള്‍ മരിക്കുകയും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും മലപ്പുറം ഭാഗത്തുള്ളവരാണെന്നും അവരെയെല്ലാം പിറ്റേന്ന് സുബ്ഹി നിസ്‌കാരത്തിന് എത്തിയവര്‍ വലിയൊരു കുഴിവെട്ടി അതില്‍ ഒന്നിച്ചു മറവ് ചെയ്തു. ഈ സ്ഥലം ഇന്നും വേറിട്ട് നിര്‍ത്തിയിട്ടുണ്ട്.
പള്ളിയുടെ പ്രധാന വാതിലിനും മിമ്പറിനും വെടിയുണ്ട ഏറ്റ അടയാളങ്ങള്‍ ഈ അടുത്ത കാലം വരെയുണ്ടായിരുന്നു. പള്ളി പുന:നിര്‍മിച്ചതോടെ അതെല്ലാം ഇല്ലാതായി. ഈ പള്ളിക്ക് കുറ്റിയടിച്ചത് മമ്പുറം തങ്ങളാണ്. ഒരിക്കല്‍ പ്രദേശം ഭരിച്ചിരുന്ന നാടുവാഴിയുടെ മകന് മാറാവ്യാധി പിടിപെട്ടപ്പോള്‍ മമ്പറും തങ്ങളോട് പറയുകയും തങ്ങളുടെ ആത്മീയ ചികിത്സയില്‍ രോഗം മാറിയതിന്റെ സന്തോഷത്തില്‍ പള്ളി നില്‍ക്കുന്ന സ്ഥലം നല്‍കിയത് എന്നും നാട്ടുകാര്‍ പറയുന്നു. പള്ളിയുടെ കുറ്റിയടിക്കലിന് വന്ന സമയത്ത് തങ്ങള്‍ താമസിച്ച വീട് പുതുക്കിപ്പണിതെങ്കിലും താമസിച്ച മുറിയും കിടന്ന പടിയുമെല്ലാം ഇന്നും സംരക്ഷിച്ചു പോരുന്നു.