Ramzan
പെരുന്നാളിന് പുതുവസ്ത്രം ധരിക്കും മുമ്പ്...
പെരുന്നാളിന് പുതുവസ്ത്രം വാങ്ങി ധരിക്കുംമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്. വസ്ത്രം ധരിക്കുമ്പോൾ പ്രത്യേകമായി പ്രാർഥിക്കൽ സുന്നത്തുണ്ട്. അബൂ സഈദുൽ ഖുദ്‌രി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. നബി (സ) തലപ്പാവ്, ഷർട്ട്, തുണി എന്നീ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവയുടെ പേര് പറഞ്ഞ് ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ നിനക്കാണ് സർവസതുതിയും. നീയാണ് അത് എന്നെ ധരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുള്ള ഗുണവും അത് എന്തിന് വേണ്ടിയാണോ നിർമിക്കപ്പെട്ടത് അതിന്റെ ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ ഇതിന്റെ തിൻമയിൽ നിന്നും ഇത് എന്തിന് വേണ്ടി നിർമിക്കപ്പെട്ടുവോ അതിന്റെ തിൻമയിൽ നിന്നും ഞാൻ നിന്നോട് കാവലിനെ ചോദിക്കുന്നു. നഗ്നത മറക്കുക, ഭംഗിയാവുക തുടങ്ങിയവയാണ് വസ്ത്രം ധരിക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ. അഹങ്കാരം നടിക്കുക, വസ്ത്രം ഞരിയാണിക്ക് താഴെ ഇറങ്ങുക, നഗ്നത മറയാതിരിക്കുക തുടങ്ങിയവയാണ് തിന്മകൾ.
പുതിയ വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാർഥനക്ക് പുറമേ വസ്ത്രം ധരിക്കുമ്പോഴൊക്കെ പ്രത്യേകമായ ദിക്ർ ചൊല്ലണമെന്ന് ഇസ്്‌ലാം നിർദേശിക്കുന്നു. പുരുഷൻമാരുടെ വസ്ത്രം ഞരിയാണിക്ക് താഴെയിറങ്ങി വലിച്ചിഴക്കുന്നത് ഇസ്്‌ലാം വിരോധിച്ചിട്ടുണ്ട്. അബൂഹുറൈറ (റ) വിൽ നിന്നുള്ള നിവേദനം: നബി (സ) പറഞ്ഞു: വസ്ത്രം താഴെക്കൂടി വലിച്ചിഴക്കുന്നവനെ അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല. (മുത്തഫഖുൻ അലൈഹി). അത് അഹങ്കാരത്തിന്റെ അടയാളമാണെന്ന് മറ്റൊരു ഹദീസിൽ കാണാം. പാന്റ്സ് ധരിച്ച് നിസ്‌കരിക്കുന്നവർ സൂജൂദിലേക്ക് പോകുന്ന സമയം പിറകിൽ നഗ്നത വെളിവാകാതെ ശ്രദ്ധിക്കണം. നഗ്നത വെളിവായിൽ ആ നിസ്‌കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. വസത്രം വെള്ളയാവൽ പ്രത്യേകം സുന്നത്താണ്. നബി (സ) പറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക. ഏറ്റവും പരിശുദ്ധമായതും ഉത്തമമായതുമാണ് വെള്ള വസ്ത്രം. മരണപ്പെട്ടവരെ നിങ്ങളതിൽ കഫൻ ചെയ്യണം. (നസാഈ). വെള്ള വസ്ത്രം ധരിക്കണമെന്ന് ഇസ്്‌ലാം നിർദേശിക്കുന്നത് മനുഷ്യന്റെ ആരോഗ്യ ഗുണങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ്. അൾട്രാവയലറ്റ് രശ്മികളടങ്ങുന്ന സൂര്യകിരണങ്ങളേറ്റ് അപകടമുണ്ടാകുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വെള്ള വസ്ത്രത്തിന് സാധിക്കുന്നു. സൂര്യാഘാതവും സൂര്യാതപവുമേൽക്കാതിരിക്കാൻ സർക്കാർ പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളിലെ പ്രധാന വിഷയം ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു. വസ്ത്രം ധരിക്കുമ്പോൾ ഇത് അല്ലാഹു നഗ്നത മറക്കാൻ നിർബന്ധമാക്കിയതാണെന്നും പ്രവാചക ചര്യയാണെന്നും മനസ്സിൽ കുരുതി വസ്ത്രം ധരിച്ചാൽ അതിന് പ്രത്യേക പ്രതിഫലം ലഭിക്കും.