Connect with us

Editors Pick

കോൺഗ്രസിനെ തോൽപ്പിക്കാനിറങ്ങി; ലീഗിന് ദയനീയ പരാജയം

Published

|

Last Updated

തൃശൂർ: മോദി സർക്കാറിനെ താഴെയിറക്കാൻ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ പാർട്ടികളെല്ലാം മുന്നിട്ടിറങ്ങിയപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് സഹായകമാകുന്ന തരത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ കൂട്ട് നിന്ന മുസ്‌ലിം ലീഗ് ഏറ്റുവാങ്ങിയത് നാണംകെട്ട പരാജയം.

കോൺഗ്രസിനെതിരേ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ച ഒറ്റ മണ്ഡലത്തിലും കോൺഗ്രസും മുസ്‌ലിം ലീഗും വിജയിച്ചില്ലെന്ന് മാത്രമല്ല, ഇവിടങ്ങളിലെല്ലാം ബി ജെ പിയും ശിവസേനയുമുൾപ്പെടെയുള്ള എൻ ഡി എ കക്ഷികൾ വിജയിച്ച് കയറുകയും ചെയ്തു. പലയിടത്തും ലീഗ് സ്ഥാനാർഥികൾക്ക് ലഭിച്ചതാകട്ടെ ആയിരത്തിൽ താഴെ വോട്ടുകളും. മുസ്‌ലിം വോട്ടുകൾക്ക് പ്രാധാന്യമുള്ള മഹാരാഷ്ട്രയിലെ ഹങ്കോളി, റാവർ, കല്ല്യാൺ, ആന്ധ്രപ്രദേശിലെ വിജയവാഡ, നാരസരോപേട്ട്, രാജംപേട്ട് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് കോൺഗ്രസിനെതിരേ സ്ഥാനാർഥികളെ നിർത്തിയത്. ഉത്തരേന്ത്യയിൽ ലീഗിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണെന്നും ലീഗ് ജയിച്ചാലും പിന്തുണ കോൺഗ്രസിനാണെന്നുമായിരുന്നു കേരളത്തിലെ നേതാക്കളുടെ ന്യായീകരണം.

കോൺഗ്രസുമായി ചേർന്ന് മത്സരിച്ച കേരളത്തിലെ രണ്ട് സീറ്റിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തുമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിനെതിരെ മത്സരിച്ച ലീഗ് എട്ട് നിലയിൽ പൊട്ടുകയായിരുന്നു. കോൺഗ്രസും ബി ജെ പിയും തമ്മിൽ ശക്തമായ മത്സരം കാഴ്ച വെച്ച മഹാരാഷ്ടയിലെ റാവറിൽ കോൺഗ്രസ് സ്ഥാനാർഥി ഡോ. ഉൽഹാസ് വാസുദേവനെതിരെയായിരുന്നു ലീഗ് സ്ഥാനാർഥി റോഷൻ ആരാ സ്വാദിഖ് അലി മത്സരിച്ചത്. ഇവിടെ കോൺഗ്രസിനെ രണ്ടാം സ്ഥാനത്താക്കി ബി ജെ പി സ്ഥാനാർഥി കാദ്‌സേ രക്ഷാ നിഖിൽ വിജയിക്കുകയായിരുന്നു. ലീഗിന് ലഭിച്ചതാകട്ടെ 1103 വോട്ടുകളും. മഹരാഷ്ടയിലെ മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഹങ്കോളിയിൽ കോൺഗ്രസും ശിവസേനയും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

കോൺഗ്രസിനെതിരെ ഇവിടെയും ലീഗ് സ്ഥാനാർഥിയെ നിർത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി വെങ്കിടേശ സുഭാഷ് റാവുവിനെ രണ്ടാം സ്ഥാനത്താക്കി ശിവസേനയുടെ ഹേമന്ദ് പാട്ടീൽ വിജയിച്ച് കയറി. ലീഗ് സ്ഥാനാർഥിയായ അൽത്താഫ് അഹമ്മദിന് ലഭിച്ചത് 603 വോട്ടുകളായിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിലും സമാനമായിരുന്നു സ്ഥിതി. ശിവസേനക്കെതിരെ പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിനെ പിന്നിൽ നിന്നും കുത്തിയ ലീഗ്, സ്ഥാനാർഥിയെ നിർത്തി ഫലം ശിവസേനക്ക് അനുകൂലമാക്കി. ശിവസേന സ്ഥാനാർഥി ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെയാണ് കല്യാൺ മണ്ഡലത്തിൽ വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർഥി ബാബാജി ബൽറാം പാട്ടീലിനെതിരെ മത്സരിച്ച ലീഗ് സ്ഥാനാർഥി മുനീർ അഹമ്മദ് അൻസാരി നേടിയത് 1302 വോട്ടും. വിജയവാഡയിൽ കോൺഗ്രസ് സ്ഥാനാർഥി നരഹരിസെട്ടിക്കെതിരെ മത്സരിച്ച ലീഗ് സ്ഥാനാർഥി എസ് കെ റിയാസ് നേടിയത് വെറും 685 വോട്ടും നാരസരോപേട്ട് മണ്ഡലത്തിൽ സുരഭി ദേവസഹായം നേടിയത് 423 വോട്ടുമായിരുന്നു. രാജംപേട്ടിലാകട്ടെ കോൺഗ്രസ് സ്ഥാനാർഥി എം ഷാജഹാനെതിരെ മത്സരിച്ച ലീഗ് സ്ഥാനാർഥി കാഫർ വാലി ഷെയ്ഖിന് ലഭിച്ചത് 1,557 വോട്ടും. പലയിടത്തും നോട്ടക്ക് ലഭിച്ച വോട്ട് പോലും ലഭിക്കാതെ മുസ്‌ലിം ലീഗിനെ വോട്ടർമാർ കൈ വിടുകയായിരുന്നു.

മഹാരാഷ്ട്രക്കും ആന്ധ്രക്കും പുറമെ ബംഗാളിലെ പല മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെ നിലപാടെടുത്ത ലീഗ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയും ഇത്തവണ രംഗത്തെത്തിയിരുന്നു. മോദി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിനേ കഴിയൂവെന്നും, ന്യൂനപക്ഷ വോട്ടുകൾ ധ്രുവീകരിക്കാതെ യു പി എക്ക് ചെയ്യണമെന്നുമാവശ്യപ്പെട്ട് കേരളത്തിൽ രംഗത്തെത്തിയ ലീഗിന്റെ ദേശീയ നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരുന്നു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഈ നാടകം.