Kerala
കേരളത്തിൽ ആത്മവിശ്വാസം വീണ്ടെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടിക്ക് ശേഷമുള്ള വമ്പൻ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് കേരളത്തിലെ കോൺഗ്രസും യു ഡി എഫും. കേന്ദ്രത്തിൽ തിരിച്ചടി നേരിട്ടതിന്റെ വേദന മറക്കുന്നതും കേരളം നൽകിയ പിന്തുണയുടെ ബലത്തിലാണ്. സ്ഥാനാർഥി നിർണയത്തിലെ തർക്കം മുതൽ തിരഞ്ഞെടുപ്പാനന്തരം കോൺഗ്രസിൽ സംഭവിക്കുമായിരുന്ന പൊട്ടിത്തെറികൾ കൂടിയാണ് ഈ വിജയം ഇല്ലാതാക്കിയത്. പ്രതിപക്ഷ നേതൃപദവിയിൽ രമേശ് ചെന്നിത്തലക്കും കെ പി സി സിയുടെ തലപ്പത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഭീഷണി ഒഴിഞ്ഞുവെന്നതും ഈ ഫലം നൽകുന്ന ബാക്കിപത്രം. അതേസമയം, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് റോളില്ലെന്ന തിരിച്ചറിവിൽ ഡൽഹി കേന്ദ്രീകരിച്ചിരിക്കുന്ന കൂടുതൽ നേതാക്കൾ കേരള രാഷ്ട്രീയത്തിലേക്ക് കളംമാറും.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ കഴിയുന്നില്ലെന്ന വിമർശം കുറേനാളായി ചെന്നിത്തലക്കെതിരെ കോൺഗ്രസിലും യു ഡി എഫിലുമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം പോരെന്ന വിമർശം പാർലിമെന്ററി പാർട്ടിയിലും പാർട്ടി യോഗങ്ങളിലും ഉയർന്നതുമാണ്. പ്രധാനമായും എ ഗ്രൂപ്പ് നടത്തിയിരുന്ന ഈ കരുനീക്കം മറികടക്കാൻ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിലൂടെ ഐ ഗ്രൂപ്പിന് കഴിഞ്ഞു. രമേശിന്റെ പദവിക്ക് മേൽ പെട്ടെന്നൊരു ഭീഷണി ഇനി ഉണ്ടാകില്ല.
അതേസമയം, കേരളത്തെ കാത്തിരിക്കുന്നത് ഇനി തിരഞ്ഞെടുപ്പുകളുടെ കാലമാണ്. ആറ് മാസത്തിനകം ആറ് നിയമസഭാസീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതിൽ അരൂർ ഒഴികെ അഞ്ചും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇവിടെ ജയിപ്പിച്ചെടുക്കേണ്ടതുണ്ട്. പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. രണ്ട് വർഷം പിന്നിട്ടാൽ നിയമസഭാതിരഞ്ഞെടുപ്പായി.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ പദവികളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി മാറി നിന്നതോടെയാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. അപ്പോഴും കേരള രാഷ്ട്രീയം വിട്ടൊരു കളിക്ക് ഉമ്മൻചാണ്ടി മുതിർന്നിരുന്നില്ല. ഇത്തവണ കോട്ടയത്തോ ഇടുക്കിയിലോ മത്സരിപ്പിച്ച് ലോക്‌സഭയിലേക്ക് അയക്കാൻ സംസ്ഥാന നേതാക്കൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഉമ്മൻചാണ്ടി വഴിങ്ങിയിരുന്നില്ല.
മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. എ ഐ സി സി ജനറൽസെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നൽകിയപ്പോഴും തട്ടകം കേരളം തന്നെയായിരുന്നു.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തന്റെ പദവി സുരക്ഷിതമാക്കാനായി. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയതിനോട് പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തിരിച്ചടി നേരിട്ടിരുന്നുവെങ്കിൽ അദ്ദേഹത്തിന് പദവിയിൽ തുടരുക ദുഷ്‌കരമാകുമായിരുന്നു.
ഡൽഹിയിൽ വലിയ റോളില്ലാതെ വന്നതോടെ മുഖ്യമന്ത്രി പദമോഹവുമായി കോൺഗ്രസിലെ കൂടുതൽ നേതാക്കൾ കേരളത്തിലേക്ക് കളം മാറ്റും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ട് ഗ്രൂപ്പുകൾ നയിച്ച് കേരളത്തിൽ തുടരുമ്പോൾ അവർക്കിടയിലേക്കാണ് കൂടുതൽ പേരുടെ വരവ്. വടകരയിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ച് നിന്നത് സംസ്ഥാന രാഷ്ട്രീയം ലക്ഷ്യമിട്ടാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട പി ജെ കുര്യനും ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസും കേരള രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്ന കെ സി വേണുഗോപാലും പ്രവർത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്.
യു ഡി എഫിൽ ഉണ്ടാകുമായിരുന്ന ഭിന്നതയും ഈ വിജയം ഇല്ലാതാക്കി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ മുന്നണി വിട്ടിട്ട് കൂടി കോഴിക്കോട്ടും വടകരയിലും ജയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. വടകരയിലെ വിജയത്തിൽ നിർണായകമായ ആർ എം പിയുമായി വരുംകാല തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സഹകരണത്തിന് കോൺഗ്രസ് ശ്രമിക്കും.