Eranakulam
ലഹരിമരുന്നിന്റെ ഉറവിടമായി നേപ്പാൾ; ഈ വർഷം പിടിയിലായവരിൽ 19 ഇന്ത്യക്കാർ
കൊച്ചി: ഇന്ത്യയിലേക്കുള്ള ലഹരിമരുന്ന് കടത്തിന്റെ പ്രധാന ഉറവിടമായി നേപ്പാൾ മാറുന്നു. കഞ്ചാവ്, ഹാഷിഷ്, ഹെറോയിൻ എന്നിവയാണ് നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് വ്യാപകമായി എത്തുന്നത്.
നേപ്പാളിൽ നിന്നുള്ള ലഹരിമരുന്നുകൾ കേരളമുൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നേരിട്ട് എത്തുന്നതായി സംസ്ഥാന എക്‌സൈസും സംശയിക്കുന്നു. കഴിഞ്ഞ ദിവസം 13 കോടിയുടെ ചരസുമായി കൊച്ചിയിൽ അറസ്റ്റിലായ ജൂഡ്‌സൺ ഒറ്റക്ക് വർഷങ്ങളായി നേപ്പാളിൽ നിന്നുമാണ് ലഹരിമരുന്ന് കടത്തുന്നത്. ഈ വർഷം ജൂഡ്‌സൺ ഉൾപ്പെടെ നേപ്പാളിൽ നിന്ന് ലഹരിമരുന്ന് കടത്തി പിടിയിലായത് 19 പേരാണ്. ഇടനിലക്കാരെ ഒഴിവാക്കി കഞ്ചാവുൾപ്പെടെയുള്ളവ സുഗമമായി എത്തിക്കാനാകുന്നത് കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയമാക്കണമെന്ന് എക്‌സൈസ് ദേശീയ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് നിരവധി നേപ്പാൾ സ്വദേശികൾ ലഹരിമരുന്ന് കടത്തിൽ പിടിയിലായിട്ടുണ്ടെങ്കിലും ഇന്ത്യക്കാർ നേരിട്ട് ഇടപാട് നടത്തി പിടിക്കപ്പെടുന്നത് അപൂർവമായിരുന്നു. ഇന്ത്യക്കാർ നേരിട്ട് നേപ്പാളിൽ നിന്ന് വ്യാപകമായി ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്നാണ് എക്‌സൈസിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം 60 നേപ്പാൾ സ്വദേശികളെയാണ് അന്വേഷണ ഏജൻസികൾ പിടികൂടിയത്. എന്നാൽ ഏതാനും മാസങ്ങളായി നേപ്പാളിൽ നിന്ന് ലഹരികടത്തുന്ന ഇന്ത്യക്കാരും പിടിയിലാകുന്നത് എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ജനുവരിയിൽ ശശസ്ത്ര സീമാ ബെൽ നടത്തിയ ഓപറേഷനിൽ പിടിയിലായ 31 പേരിൽ 15 ഉം ഇന്ത്യക്കാരാണ്. മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണ്. ഇവരിൽ നിന്നും 182.820 കിലോ കഞ്ചാവും 587 ഗ്രാം ഹെറോയിനും 47 ഗ്രാം മോർഫിനും 2.850 ഗ്രാം കറുപ്പും പിടിച്ചെടുത്തിരുന്നു. നേപ്പാളിൽ നിന്നുമാണ് ഇവ ഇന്ത്യയിലേക്കെത്തിച്ചത്.
എന്നാൽ ജനുവരിയിൽ മറ്റ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നേപ്പാളിൽ നിന്ന് നേരിട്ട് ഹാഷിഷ് കടത്താൻ ശ്രമിച്ച് മൂന്ന് ഇന്ത്യക്കാർ പിടിയിലായിട്ടുണ്ട്. 267 കിലോ ഹാഷിഷാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്ത്യക്കാരും നേപ്പാൾ സ്വദേശികളും ചേർന്നുള്ള മാഫിയ ലഹരിമരുന്ന് വ്യാപകമായി കടത്തുന്നുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി ഇന്ത്യക്കാർ നേരിട്ട് ലഹരിമരുന്ന് കടത്തുന്നത് അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ വേണ്ടിയാണെന്നാണ് എക്‌സൈസ് കരുതുന്നത്.
ജൂഡ്‌സൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നേപ്പാളിൽ നിന്ന് ലഹരിവസ്തുക്കൾ വ്യാപകമായി രാജ്യത്തേക്ക് എത്തുന്നു എന്നാണ് എക്‌സൈസിന്റെ വിലയിത്തൽ. നിയന്ത്രണങ്ങൾ കുറവായതിനാൽ രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്താൻ എളുപ്പമാണത്രേ.
കുറഞ്ഞ വിലക്ക് ലഹരിയുത്പങ്ങൾ ലഭ്യമാകുമെന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള നിരവധി മാഫിയ സംഘങ്ങൾ നേപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന മാഫിയ സംഘങ്ങളുടെ പ്രവർത്തനം. ജൂഡ്‌സണിൽ എക്‌സൈസ് പിടികൂടിയത് 13 കോടിയുടെ ചരസാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ചരസ് വേട്ടയായിരുന്നു.