Connect with us

Articles

കര്‍ണാടക: ജനാധിപത്യം മുഖം കെടുമോ?

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ തകര്‍പ്പന്‍ വിജയത്തോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സര്‍ക്കാറിന്റെ ഭാവി കൂടുതല്‍ പ്രതിസന്ധിയില്‍ പെട്ട് ഉഴലുകയാണ്. സഖ്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരണ കാലാവധി പൂര്‍ത്തിയാക്കുമെന്നും നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും കാര്യങ്ങള്‍ നേരെ മറിച്ചാണെന്നതാണ് യാഥാര്‍ഥ്യം. പ്രാദേശിക പാര്‍ട്ടിയായ ജെ ഡി എസുമായുണ്ടാക്കിയ സഖ്യത്തെ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഇതുവരെയും മാനസികമായി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ സഖ്യത്തിന്റെ ഭാവി തന്നെ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.

ജെ ഡി എസുമായി സഖ്യമുണ്ടാക്കി മത്സരിച്ചതാണ് തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിക്ക് ഇടയാക്കിയതെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസിലെയും ദളിലെയും പ്രമുഖ നേതാക്കള്‍ പരാജയപ്പെടാന്‍ ഇടയാക്കിയത് സഖ്യത്തിന്റെ കെട്ടുറപ്പില്ലായ്മ കാരണമാണെന്ന വിലയിരുത്തലുമുണ്ട്. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെക്കും എം വീരപ്പമൊയ്‌ലിക്കും ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്കും മുഖ്യമന്ത്രിയുടെ മകന്‍ നിഖില്‍ ഗൗഡക്കുമെല്ലാം പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് സഖ്യത്തിലെ ഭിന്നതയാണ്. പരാജയ കാരണം പരിശോധിക്കാന്‍ ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും നേതൃ യോഗങ്ങളില്‍ സഖ്യത്തെയാണ് പ്രതിക്കൂട്ടിലാക്കിയത്. ഒരുമിച്ച് മത്സരിക്കാതെ തനിച്ച് ജനവിധി തേടിയിരുന്നുവെങ്കില്‍ ഭൂരിഭാഗം സീറ്റുകളിലും ജയിച്ചുകയറാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസും ജനതാദളും വിലയിരുത്തിയത്. കോണ്‍ഗ്രസുമായുള്ള സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു ഗുണവും ചെയ്തില്ലെന്ന വിമര്‍ശനമാണ് ജനതാദള്‍- എസ് നടത്തിയത്. ഒറ്റക്ക് മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ തവണത്തേക്കാളും നില മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു.

കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ സമയമായെന്ന വസ്തുതയിലേക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നതെന്ന് ദള്‍ എം എല്‍ എ ഗൗരിശങ്കര്‍ യോഗത്തില്‍ തുറന്നടിച്ചതും കോണ്‍ഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. സഖ്യകക്ഷികള്‍ തമ്മില്‍ നിലനിന്ന ഭിന്നത വോട്ടുചോര്‍ച്ചക്കും കാരണമായെന്ന അഭിപ്രായവുമുയര്‍ന്നു. കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യമാണ് തന്റെ പരാജയത്തിന് ഇടയാക്കിയതെന്ന് ഉത്തര കന്നഡയില്‍ മത്സരിച്ച ദള്‍ സ്ഥാനാര്‍ഥി ആനന്ദ് അസ്‌നോട്ടിക്കറും കുറ്റപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് പൂര്‍ണ പിന്തുണ നല്‍കാനും സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുകക്ഷികളുടെയും നേതൃയോഗം തീരുമാനിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തോടെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴുണ്ടായിട്ടുള്ള വിമര്‍ശനങ്ങളെല്ലാം.

കര്‍ണാടകയില്‍ ആകെയുള്ള 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25ഉം നേടിയാണ് ബി ജെ പി മികച്ച വിജയം നേടിയത്. സംസ്ഥാന ഭരണത്തില്‍ പങ്കാളികളായ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ഓരോ സീറ്റ് വീതം മാത്രമാണ് നേടാനായത്. ബി ജെ പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത മാണ്ഡ്യയില്‍ തിളക്കമാര്‍ന്ന വിജയം നേടുകയും ചെയ്തു. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ് ബി ജെ പി ജയിച്ചിരുന്നത്. അന്ന് ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ ജെ ഡി എസും ജയിച്ചു. ത്രികോണ മത്സരമാണ് നടന്നത്. ഇത്തവണ കോണ്‍ഗ്രസും ജെ ഡി എസും സഖ്യമുണ്ടാക്കിയപ്പോള്‍ ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബി ജെ പി തൂത്തുവാരി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ സഖ്യത്തിലെ ഭിന്നതയും വിള്ളലും പല മണ്ഡലങ്ങളിലും പ്രകടമായിരുന്നു. അത്യന്തം വാശിയേറിയ പോരാട്ടം നടന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയെ ജയിപ്പിക്കാനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഹോരാത്രം പ്രയത്‌നിച്ചത്. ഇതിന്റെ ഫലമാണ് 1,25,876 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുമലത തിരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി നിഖിലിനെ വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. തുമക്കൂരുവില്‍ ജനവിധി തേടിയ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ പരാജയപ്പെടുത്താനാണ് അവിടുത്തെ പ്രാദേശിക കോണ്‍ഗ്രസ് ഘടകം തയ്യാറായത്. ജെ ഡി എസ് മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളില്‍ ജെ ഡി എസും പരസ്പരം സഹകരിച്ചില്ല. ബെംഗളൂരു റൂറല്‍ കോണ്‍ഗ്രസും ഹാസന്‍ ജെ ഡി എസും മാണ്ഡ്യ സ്വതന്ത്രയും നേടിയപ്പോള്‍ മറ്റെല്ലാ മണ്ഡലങ്ങളും കാവിപുതച്ചു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടിയ ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ജെ ഡി എസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. ബി ജെ പി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യത്തിന് കാഹളമോതിയാണ് എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ വര്‍ഷം മെയ് 23ന് മുഖ്യമന്ത്രിയായി വിധാന്‍ സൗധയുടെ കല്‍പ്പടവുകളില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഇന്ത്യയിലെ എല്ലാ പ്രാദേശിക പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ ഒരുമിച്ച സത്യപ്രതിജ്ഞാ ചടങ്ങ് അതുകൊണ്ട് തന്നെ രാജ്യശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാന്‍ ഇന്ത്യയിലെ ബി ജെ പി വിരുദ്ധരായ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒരു കുടക്കീഴില്‍ ഒരുമിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ എടുത്ത് പറഞ്ഞിരുന്നു. കര്‍ണാടകയില്‍ നിന്ന് പിറവിയെടുത്ത വിശാല പ്രതിപക്ഷ ഐക്യം ഇന്ത്യയിലുടനീളം യാഥാര്‍ഥ്യമാകുമെന്ന് ജനം സ്വപ്‌നം കണ്ടെങ്കിലും അതുണ്ടായില്ല. ഐക്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പല സംസ്ഥാനങ്ങളിലും നടന്നെങ്കിലും വിപരീത ഫലമാണുണ്ടായത്. എന്നാല്‍, പ്രതിസന്ധികളെ അതിജീവിച്ച് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയം കരുത്താക്കി കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിനെ താഴെയിറക്കാനാണ് ഇപ്പോള്‍ ബി ജെ പി വീണ്ടും നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തുടങ്ങിയതാണ് ബി ജെ പിയുടെ ഈ കുതിരക്കച്ചവട നീക്കങ്ങള്‍. ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്ന തരംതാണ നീക്കങ്ങളാണ് കഴിഞ്ഞ നാളുകളില്‍ യെദ്യൂരപ്പയും കൂട്ടരും കര്‍ണാടകയില്‍ നടത്തി വന്നത്. സര്‍ക്കാറിനെ മറിച്ചിടാന്‍ മൂന്ന് തവണ നടത്തിയ ശ്രമം പരാജയപ്പെട്ടിട്ടും കുറുക്കു വഴിയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ബി ജെ പി വീണ്ടും തയ്യാറായിരിക്കുന്നത്. സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസിലെ രണ്ട് വിമത എം എല്‍ എമാരെ മുന്‍നിര്‍ത്തിയാണ് ഓപറേഷന്‍ കമലയുമായി ബി ജെ പി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളി, കെ സുധാകര്‍ എന്നിവര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പിയിലേക്ക് പോകാന്‍ സന്നദ്ധരായി നില്‍ക്കുന്നു. ഇവര്‍ കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കളായ ബി എസ് യെദ്യൂരപ്പയും എസ് എം കൃഷ്ണയുമായും കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസ് പാളയത്തിലുണ്ടാക്കിയ ആശങ്ക ചെറുതല്ല.

രമേശിനോടൊപ്പമുള്ള വടക്കന്‍ കര്‍ണാടകയിലെ ആറ് കോണ്‍ഗ്രസ് എം എല്‍ എമാരെയും രാജിവെപ്പിച്ച് ബി ജെ പിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. ഇവരെ ഗോവയിലെ ഒരു ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ബി ജെ പിയുടെ തീരുമാനം. കോടിക്കണക്കിന് രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് മറുചേരിയില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാന്‍ ബി ജെ പി നീക്കം ആരംഭിച്ചിരിക്കുന്നത്. എം എല്‍ എ സ്ഥാനം രാജിവെച്ച് വരുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബി എസ് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായത് സമീപ കാലത്ത് കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് ജനവിധി തേടണമെന്നാണ് ബി ജെ പി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. സര്‍ക്കാറിന് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്ന് ബി എസ് യെദ്യൂരപ്പ പറയുന്നു.

യോജിപ്പോടെ വരും നാളുകളില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ സഖ്യ സര്‍ക്കാറിന്റെ പതനമായിരിക്കും ഉണ്ടാകുകയെന്ന തിരിച്ചറിവിലെത്താന്‍ ഇനിയും ഇരുകക്ഷികള്‍ക്കും സാധിച്ചിട്ടില്ല. സഖ്യത്തെ ബാധിക്കുന്ന പ്രസ്താവനകളോ പ്രവര്‍ത്തനങ്ങളോ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരവധി തവണ താക്കീത് ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും സര്‍ക്കാറുമായി സഹകരിക്കണമെന്നും രാഹുല്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നിട്ടും ചില കേന്ദ്രങ്ങളില്‍ നിന്ന് ജെ ഡി എസിനും കുമാരസ്വാമിക്കുമെതിരെ അപസ്വരങ്ങള്‍ ഉയരുന്നത് സഖ്യത്തിന്റെ ഭാവിയെ അവതാളത്തിലാക്കുന്നതാണ്.
ജൂണ്‍ ഒന്നിന് സഖ്യ സര്‍ക്കാര്‍ വീഴുമെന്നാണ് യെദ്യൂരപ്പ പറയുന്നത്. ഈയൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കാതെ സഖ്യത്തിനും സര്‍ക്കാറിനും ശക്തമായ പിന്തുണ നല്‍കി ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തയ്യാറാകേണ്ടത്. സഖ്യത്തിലെ അഭിപ്രായ ഭിന്നതകളെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് കൂടിയാലോചനയിലൂടെ പരിഹരിക്കാന്‍ അനുകൂലമായ അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്.

ഐക്യമില്ലായ്മയും ഭിന്നതയും പരമാവധി മുതലാക്കാന്‍ ബി ജെ പി തക്കം പാര്‍ത്തിരിക്കുമ്പോള്‍ അതിന് വഴിയൊരുക്കാതെ ജനവിശ്വാസം ആര്‍ജിച്ച് ഭരണ കാലാവധി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും സാധിക്കണം. തങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തെയാണ് ജനം ആഗ്രഹിക്കുന്നത്. കൊടും വരള്‍ച്ചയും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇതേതുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യയും ഉള്‍പ്പെടെ കര്‍ണാടകയെ എക്കാലവും വരിഞ്ഞുമുറുക്കിയിരിക്കുന്ന ഒട്ടേറെ ജീവത്പ്രശ്‌നങ്ങളുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളുടെ സ്ഥായിയായ പരിഹാരം സാധ്യമായില്ലെങ്കില്‍ കര്‍ണാടകയില്‍ ഭാവിയില്‍ ഒരു കക്ഷിയുടെയും സര്‍ക്കാറിന് നിലനില്‍പ്പുണ്ടാകില്ല. രാഷ്ട്രീയ നേതൃത്വം ഈ യാഥാര്‍ഥ്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഭരണകൂടമാണ് ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്നത്.

Latest