Palakkad
പെങ്ങളൂട്ടി എന്ന ബ്രാന്‍ഡിംഗിനു പിന്നില്‍? രമ്യയുടെ മറുപടി ഇങ്ങനെ
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭരണ പരിചയത്തിൽ നിന്ന് ആലത്തൂരിൽ ഇടത് കോട്ടയിലേക്ക് ലോക് സഭ പോരിന് പോകുമ്പോൾ രമ്യ ഹരിദാസ് ഒരു കാൻഡിഡേറ്റേ ആയിരുന്നില്ല !
രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ കയറി വന്ന രമ്യ പെട്ടെന്ന് വാർത്താ താരമായി. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പ്രോഗ്രാമിലേക്ക് ക്ഷണിച്ചെങ്കിലും ആലത്തൂരിലേക്ക് പോകാനുള്ളതിന്റെ തിരക്കിൽ രമ്യ സ്നേഹപൂർവം ആ ക്ഷണം നിരസിച്ചു. പോയിട്ട് വരാം, നിങ്ങളുടെയൊക്കെ (മാധ്യമ പ്രവർത്തകരുടെ ) പിന്തുണയും പ്രാർഥനയുമുണ്ടാകണം എന്നും പറഞ്ഞാ പോയത്. രമ്യയുടെ ലാളിത്യം ഇവിടെ എഴുതാൻ കാരണം ചില യുവ രാഷ്ട്രീയ നേതാക്കൾ ഒന്ന് പെരുമാറാൻ പഠിക്കണം എന്ന് വെച്ചാണ്.
“ഇങ്ങള് പത്രക്കാര് വിളിക്കുമ്പം അവിടെ വന്നിരിക്കലല്ല ഞങ്ങളെ ജോലി” എന്ന് പറഞ്ഞ യുവ നേതാവിനെ ശരിക്കും സ്മരിക്കുന്നു.
പോയിട്ട് വരാം എന്നു പറഞ്ഞ രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലേറെ ലീഡിൽ ജയിച്ച് നിയുക്ത എം പി യായി കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിന് എത്തുകയുണ്ടായി. ലാളിത്യവും വിനയവും പെരുമാറ്റത്തിലെ സൗമ്യതയുമെല്ലാം അവിടെ തന്നെയുണ്ട്. അഞ്ച് മിനുട്ട് വൈകിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് മാധ്യമ പ്രവർത്തകരുടെ ഇടയിലേക്ക് പ്രവേശിച്ചത്.
ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ നേരിട്ടു.
രാഹുൽ ഗാന്ധിയുടെ രാജി അഭ്യൂഹങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ മതേതരത്വത്തിന്റെ കാവൽക്കാരനായി രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃ സ്ഥാനത്ത് തുടരണം.
ശബരിമല വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടോ അതോ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടോ?
ശബരിമല പോകാൻ ആഗ്രഹമുണ്ട്. പക്ഷേ അവിടത്തെ ആചാരങ്ങൾ ലംഘിച്ചു കൊണ്ട് പോകില്ല.
ആലത്തൂരിന്റെ പിന്തുണയുടെ രഹസ്യം?
എല്ലാവരും എന്നെ ഇഷ്ടപ്പട്ടു. ഓരോരുത്തരും സ്ഥാനാർഥിയായി മാറി എനിക്ക് വേണ്ടി ഓടി നടന്നു.
ദീപ നിശാന്ത് വിവാദം?
അധ്യാപികയായ ദീപ നിശാന്ത് നടത്തിയ പരാമർശം ആലത്തൂരിലെ ജനം തള്ളിയതോടെ അത് മനസിൽ നിന്ന് പോയി.
എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശം ?
അത് വേദനിപ്പിച്ചു. ഒന്നിലേറെ തവണ പരാമർശം ആവർത്തിച്ചതിനാലാണ് നിയമ പരിരക്ഷ തേടിയത്.
പൊളിറ്റിക്സ് പറഞ്ഞല്ല വോട്ട് പിടിച്ചത്.പാട്ടായിരുന്നു പ്രധാന ആയുധം. ലോക്സഭയിലും ഇങ്ങനെയാകുമോ രീതി?
ജനങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്, മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. പാട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയായിരുന്നു. പാട്ട് ഇഷ്ടമില്ലാത്തവരില്ലല്ലോ.
പെങ്ങളൂട്ടി എന്ന ബ്രാൻഡിംഗ് ബുദ്ധി ആരുടേതാണ്, എങ്ങനെ ആ ബ്രാൻഡിംഗ് സംഭവിച്ചു?
ആദ്യ ദിവസം പ്രചാരണത്തിനിറങ്ങിയപ്പോൾ ഷാഫി പറമ്പിൽ ഒരമ്മയുടെ അടുത്തേക്ക് തള്ളി വിട്ടു കൊണ്ട് പറഞ്ഞു : ദേ അമ്മാ ഞങ്ങളെ പെങ്ങളൂട്ടി. അതായിരുന്നു തുടക്കം.
പാട്ടും പാടി ജയിച്ചതിന്റെ ആവേശത്തിലെത്തിയ രമ്യ ഒരു പാട്ടും പാടിയാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരോട് യാത്ര ചോദിച്ചത്…