Articles
സംഘ്പരിവാര്‍ ഔട്ട്; കേരളം ഇപ്പോഴും നമ്പര്‍ വണ്‍
രാജ്യമാകെ ആഞ്ഞുവീശിയ മോദി തരംഗത്തില്‍ എന്തുകൊണ്ട് കേരളം കടപുഴകിയില്ല. കര്‍ണാടക ഒഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ എന്തുകൊണ്ടാണ് ബി ജെ പിക്ക് കഴിയാതെ പോകുന്നത്. ഹിന്ദി ഹൃദയ ഭൂമിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പടിഞ്ഞാറന്‍ ബംഗാള്‍ വരെയും നിലമൊരുക്കിയിട്ടും ദക്ഷിണേന്ത്യ വിശേഷിച്ച് കേരളം ബി ജെ പിക്ക് ഇന്നും ബാലികേറാമലയായിരിക്കുന്നു. എന്താണിതിന് കാരണം, ഉത്തരങ്ങള്‍ തേടി പലവഴി പോകേണ്ട. ഉറപ്പിച്ച് പറയാം. ബി ജെ പിയെ തടഞ്ഞ് നിര്‍ത്തുന്നത് ഉറച്ച മതേതര മനസും രാഷ്ട്രീയ പ്രബുദ്ധതയുമാണ്. ഒപ്പം, ഉയര്‍ന്ന സാക്ഷരതയും. സംഘ്പരിവാറിനെ വെല്ലുവിളിക്കുന്ന ഇടതുപക്ഷ മനസ് കൂടി ചേരുമ്പോള്‍ പടിപ്പുറത്ത് നില്‍ക്കാന്‍ തന്നെയാണ് ബി ജെ പിയുടെ വിധി.
അമിത് ഷാ വലിയ ചാണക്യനെന്നാണ് വെപ്പ്. എന്തും നേടിയെടുക്കാന്‍ കഴിയുന്നയാള്‍. ദേശീയ മാധ്യമങ്ങള്‍ അങ്ങനെയൊരു പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. യു പിയും ത്രിപുരയും പിടിച്ച് ബംഗാളിലേക്ക് കടന്നുകയറിയ അമിത് ഷാക്ക് പക്ഷെ കേരളം കിട്ടാകനി തന്നെ. ഇത്തവണ ഏതുവിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ആണയിട്ടതാണ് ബി ജെ പി. 2014 മുതല്‍ ഇതിനായി കരുക്കളും നീക്കി. തന്ത്രങ്ങള്‍ പലതായിരുന്നു. വ്യാജ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിട്ടു. ഉത്തരേന്ത്യയില്‍ നിന്ന് ആളെ ഇറക്കി കേരളത്തില്‍ പദയാത്ര നടത്തി. അമിത് ഷായും യോഗിയും രാജ്‌നാഥ് സിംഗുമെല്ലാം കേരളത്തിലെ ദേശീയ പാതയിലൂടെ നടന്നു. 2019ലേക്ക് നിലമൊരുക്കുകയായിരുന്നു ലക്ഷ്യം.
ഇതിനോട് പുറംതിരിഞ്ഞ് നിന്ന കേരളത്തെ നോക്കി ഡല്‍ഹിയില്‍ ഇരുന്ന് കൊഞ്ഞനം കുത്തുകയായിരുന്നു ബി ജെ പി. മലയാളിയെ മദ്രാസിയെന്ന് പുച്ഛഭാവത്തില്‍ വിളിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മുന്നില്‍ അസത്യ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിട്ടു. ബീഫ് തിന്നുന്നവര്‍, ഹിന്ദുക്കളെ കൊല്ലുന്നവര്‍. ഒരുവേള പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. പ്രതിരോധത്തിന് കേരളം നമ്പര്‍ വണ്‍ എന്ന് പ്രചാരണം നടത്തേണ്ടി വന്നു ഈ കൊച്ചു സംസ്ഥാനത്തിന്. ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാനായി പിന്നെ ശ്രമം. ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തിയും അവകാശങ്ങള്‍ നിഷേധിച്ചും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനോട് ഏറ്റുമുട്ടി. പ്രളയത്തില്‍ പകച്ച് നിന്ന കേരളത്തോട് പോലും നീതി കാണിച്ചില്ല. അന്നും ഒരുമിച്ച് നിന്ന് ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു കേരളം.
ഒരു തരത്തില്‍ ബി ജെ പിക്കൊപ്പം ചേരാനുള്ള ഭീഷണിയായിരുന്നു ഈ നീക്കങ്ങള്‍.
തങ്ങള്‍ക്കൊപ്പമില്ലെങ്കില്‍ തങ്ങളുമുണ്ടാകില്ലെന്ന പറച്ചില്‍. ഇതൊക്കെയായിട്ടും വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയത്തെ മലയാളി തോല്‍പ്പിച്ച് കളഞ്ഞു. സുവര്‍ണാവസരം മുതലെടുക്കാനെത്തിയവരോട് ഇത് കേരളമാണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ഇ വി എമ്മുകളിലെ അടയാളപ്പെടുത്തലുകള്‍. ശബരിമല കൂടി ഇല്ലായിരുന്നെങ്കില്‍ സ്വയം ആശ്വസിക്കാന്‍ പറയുന്ന ശതമാനക്കണക്ക് പോലും ഉണ്ടാകുമായിരുന്നില്ലെന്നതാണ് വസ്തുത.
ബി ജെ പി ഉയര്‍ത്തുന്ന രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളത്തിന് കഴിയുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍, അതിനപ്പുറം അവര്‍ ഉയര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം. ഇത് തുറന്ന് കാണിക്കാന്‍ കഴിയും വിധം രാഷ്ട്രീയ സാക്ഷരതയുണ്ട് കേരളത്തില്‍. മാത്രമല്ല, ഉത്തരേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത കേരളമോഡലും ബി ജെ പിയെ തടഞ്ഞു നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരത്തിന് തുറന്ന് കൊടുത്ത് കേരളത്തിന്റെ മുഖ്യമന്ത്രി മണി അടിക്കുമ്പോള്‍ ശൗചാലയം നിര്‍മിച്ച് കൊടുത്തത് വികസന പട്ടികയില്‍ എണ്ണുന്നതായിരുന്നു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സാഹചര്യം. ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനാവശ്യങ്ങളൊരുക്കുന്നതില്‍ കേരളത്തിലെ മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കാണിച്ച ജാഗ്രതയും ബി ജെ പിയുടെ കടന്നുവരവ് തടയാന്‍ സഹായിച്ചിട്ടുണ്ട്.
വലിയ പ്രതീക്ഷകളാണ് ഇത്തവണ ബി ജെ പി വെച്ചുപുലര്‍ത്തിയിരുന്നത്. വീണുകിട്ടിയ സുവര്‍ണാവസരമെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെ തുറന്ന് പറഞ്ഞ ശബരിമല ബി ജെ പിക്ക് നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല. എക്കാലത്തും സവര്‍ണ രാഷ്ട്രീയത്തെ ചേര്‍ത്തുനിര്‍ത്തിയ പാരമ്പര്യമുള്ളതിനാല്‍ അവര്‍ സജീവമായി ഇടപെട്ട വിഷയം എന്ന നിലയില്‍ പ്രത്യേകിച്ചും. കലഹിച്ച് നിന്ന ഗ്രൂപ്പുകള്‍ ഒരുമെയ്യായി നിന്നിട്ടും സൈദ്ധാന്തിക അടിത്തറ നല്‍കുന്ന ആര്‍ എസ് എസ് നേരിട്ട് പ്രചാരണം നയിച്ചിട്ടും കാര്യമായൊരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അഞ്ച് കൊല്ലം മുമ്പ് തിരുവനന്തപുരത്ത് കാഴ്ച വെച്ച പ്രകടനം പോലും പുറത്തെടുക്കാനായതുമില്ല.
ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പുമായി പരസ്പരം ഏറ്റുമുട്ടിയ ബി ജെ പിക്ക് തിരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ച് നില്‍ക്കാന്‍ ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടല്‍ സഹായിച്ചെന്നത് വസ്തുതയാണ്. സര്‍ക്കാര്‍ കാണിച്ച അനാവശ്യ തിടുക്കം ഇതിന് കാരണവുമായി. എന്നിട്ടും തിരുവനന്തപുരത്ത് 2014ല്‍ ഉണ്ടാക്കിയ നേട്ടമോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെയുണ്ടാക്കിയ മുന്നേറ്റമോ ഇക്കുറി ഉണ്ടായില്ല.
2014ലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം നെഞ്ചിടിപ്പോടെയാണ് കേരളം ടെലിവിഷന് മുന്നില്‍ ഇരുന്നത്. അന്ന് സ്ഥാനാര്‍ഥിയായിരുന്ന ഒ രാജഗോപാല്‍ വിജയാഹ്ലാദ പ്രകടനത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഒടുവില്‍ പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് തരൂര്‍ ജയിച്ചു. അതേ മണ്ഡലത്തില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം ഒരു ലക്ഷത്തോളം വോട്ടിനാണ് കുമ്മനം രാജശേഖരന്‍ അടിയറവ് പറഞ്ഞത്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, നേമം തുടങ്ങി നാല് നിയമസഭാ മണ്ഡലങ്ങളില്‍ രാജഗോപാലിന് ലീഡ് ലഭിച്ചെങ്കില്‍ ഇക്കുറി അത് നേമത്ത് മാത്രമായി ചുരുങ്ങി. നേമം ബി ജെ പിയുടെ സിറ്റിംഗ് മണ്ഡലമാണ്.
കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ഉറച്ച നിലപാടോടെയാണ് തീവ്രഹിന്ദുത്വ വാദിയായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ പദവി രാജിവെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ചായിരുന്നു ഈ നീക്കം. നിലക്കല്‍, മാറാട് പ്രക്ഷോഭ കാലത്തെ സമര നായകന്‍ എന്ന് ഹൈന്ദവ മേഖലകളില്‍ പ്രചരിപ്പിച്ച് ഹിന്ദുവികാരം ഇളക്കി വോട്ട് പിടിക്കാനായിരുന്നു ശ്രമം. നിലക്കലും മാറാടും വര്‍ഗീയ കലാപങ്ങളായിരുന്നുവെന്ന വസ്തുത തിരിച്ചറിയാന്‍ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞു. ബി ജെ പിയുടെ പണക്കൊഴുപ്പിന് മുന്നിലും തിരുവനന്തപുരത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ പിടിച്ചുനിന്നു.
പത്തനംതിട്ടയിലും സമാന സ്ഥിതിയായിരുന്നു. ശബരിമലയുടെ ഉത്ഭവകേന്ദ്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് കറുപ്പ് ഉടുത്ത് കെ സുരേന്ദ്രന്‍ അവിടെ മത്സരിക്കാനിറങ്ങിയത്. കേരളത്തില്‍ നിന്നാകെയുള്ള ആര്‍ എസ് എസുകാര്‍ അവിടെ തമ്പടിച്ച് പ്രചാരണം നടത്തി. വലിയ ആള്‍ക്കൂട്ടം കണ്ട് വിജയിക്കുമെന്ന് പ്രീപോള്‍, എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത് തുടരാനായിരുന്നു വിധി.
ചിലയിടങ്ങളിലെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ബി ജെ പിക്ക് ആശ്വസിക്കാന്‍ വകയുള്ളത്. അതാകട്ടെ, ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ചതുമാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ ഐക്യം അതുകഴിഞ്ഞതോടെ ഇല്ലാതായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പോലും രണ്ട് ചേരിയായി ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.
ആര്‍ എസ് എസ് യോഹന്നാന്‍ വിഭാഗം എന്ന് പരിഹാസവുമായി ഒരു വിഭാഗം രംഗത്തുവന്നു. ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരുമായ സംഘ്പരിവാറുകള്‍ തന്നെയാണ് പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്.
വലിയ പൊട്ടിത്തെറിയാണ് ബി ജെ പിയുടെ സംസ്ഥാനഘടകത്തിലും കാത്തിരിക്കുന്നത്. പി എസ് ശ്രീധരന്‍പിള്ളയെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ കരുനീക്കം തുടങ്ങി കഴിഞ്ഞു. നാളേറെയായി ബി ജെ പിയുടെ സംഘടനാ സംവിധാനം രണ്ട് ചേരിയെ ആശ്രയിച്ചാണ് നീങ്ങുന്നത്. ഒരു പക്ഷം വി മുരളീധരനൊപ്പം, മറ്റൊന്ന് പി കെ കൃഷ്ണദാസിനും. ഗ്രൂപ്പുകള്‍ക്ക് അതീതന്‍ എന്ന നിലയിലാണ് പി എസ് ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കിയതെങ്കിലും ഗ്രൂപ്പില്ലാതെ സംഘടന ചലിക്കില്ലെന്ന സ്ഥിതിയാണ് അദ്ദേഹവും നേരിട്ടത്.
എന്തായാലും ശ്രീധരന്‍പിള്ളക്ക് പകരം സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ വി മുരളീധരന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. പി കെ കൃഷ്ണദാസും പദവിയില്‍ കണ്ണുനട്ട് കരുനീക്കം തുടങ്ങി കഴിഞ്ഞു. നേരത്തെ കുമ്മനത്തെ മാറ്റിയ ഘട്ടത്തിലും സമാന സാഹചര്യമായിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ മുരളീധരന്‍ അരയും തലയും മുറുക്കി രംഗത്തു വന്നു. ദേശീയ സഹസംഘടനാ സെക്രട്ടറി ആര്‍ എല്‍ സന്തോഷിന്റെ പിന്തുണയോടെ ഇതിനായി കരുക്കളും നീക്കി. കൃഷ്ണദാസ് പക്ഷവും വിട്ടില്ല. ആദ്യം എം ടി രമേശിനെ ഇറക്കി. മെഡിക്കല്‍ കോളജ് അഴിമതി എടുത്തിട്ടതോടെ എ എന്‍ രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. രണ്ട് പേരുമല്ലെങ്കില്‍ സുരേന്ദ്രനല്ലാത്ത മറ്റൊരാളാകട്ടെ എന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. അങ്ങനെയാണ് ശ്രീധരന്‍പിള്ള അധ്യക്ഷനായി വരുന്നത്. സമാന സാഹചര്യമാണ് ഒരിക്കല്‍ കൂടി ബി ജെ പി കേരളഘടകത്തെ കാത്തിരിക്കുന്നത്.