Ramzan
പോകുമ്പോൾ ഒരു വഴി, വരുമ്പോൾ വേറെ വഴി
പെരുന്നാൾ ആരാധനയാണ്. കൊലാഹലങ്ങളുടെ ആഘോഷമല്ല. സന്തോഷിക്കാനും ആഹ്ലാദിക്കാനും സ്‌നേഹം പങ്കിടാനും സൗഹാർദം നിലനിർത്താനുമുള്ള പ്രത്യേക ദിവസം. (മറ്റുള്ള ദിവസങ്ങളിൽ ഇതൊന്നും വേണ്ടെന്നല്ല. ഈ ദിവസത്തിൽ അതിന് പ്രത്യേക പ്രതിഫലമുണ്ടെന്നർഥം.) അതിന് വേണ്ടിയാണ് നാം പെരുന്നാൾ ദിവസം സമയം കണ്ടത്തേണ്ടത്. മറിച്ച് സൈലൻസറില്ലാത്ത ബൈക്കെടുത്ത് കറങ്ങി ശബ്ദ മലിനീകരണമുണ്ടാക്കുന്നത് അരോചകമാണ്. രാത്രിയിൽ ആർപ്പുവിളികളുണ്ടാക്കുന്നത് ആഭാസമാണ്. മറ്റുള്ളവരുടെ സമാധാനത്തിന് ഭംഗമേൽപ്പിക്കുന്നത് അസഹിഷ്ണുതയാണ്. അല്ലാഹുവിനെ മറന്ന് കൂത്തരങ്ങ് നടത്തുന്നത് അനിസ്്‌ലാമികമാണ്. പടക്കം പൊട്ടിച്ച് പണം കത്തിക്കുന്നത് അമിതവ്യയമാണ്. ഇത് ഇസ്്‌ലാമിന്റെ പെരുന്നാളല്ല.
ഇസ്്‌ലാമിന്റെ പെരുന്നാൾ നല്ല വസ്ത്രം ധരിച്ച് ആഹ്ലാദിക്കാനുള്ളതാണ്. സുഭിക്ഷമായ ഭക്ഷണം കഴിച്ച് സന്തോഷിക്കാനുള്ളതാണ്. കരുണ ചൊരിഞ്ഞ് സമാധാനിക്കാനുള്ളതാണ്. സൗഹൃദം പങ്കിട്ട് സ്‌നേഹിക്കാനുള്ളതാണ്. ഈ കർമങ്ങൾക്ക് അല്ലാഹു വലിയ പ്രതിഫലമാണ് നൽകുന്നത്. അത് നബി ചര്യയാണ്. നബി (സ) പെരുന്നാൾ ദിവസം പള്ളിയിലേക്ക് പോകുമ്പോൾ സാദാരണ പോകുന്ന വഴിയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വഴിയിലൂടെ പോകും. തിരിച്ച് വരുമ്പോൾ വേറൊരു വഴിയിലൂടെ വരും. പതിവിൽ നിന്ന് വപരീതമായി നിരവധി ആളുകളെ കാണുന്നതിനും അവരോട് സലാം പറയുന്നതിനും അവരുമായി സൗഹൃദം പങ്കിടുന്നതിനുമായിരുന്നു നബി തങ്ങൾ ഇങ്ങനെ ചെയ്തത്. സൗഹൃദങ്ങളും കൂട്ടുകൂടലും പുതിയ കാലത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. അയൽവാസികൾ തമ്മിൽ പരസ്പരം സംസാരിക്കാനോ കൂട്ടുകാരോട് കുശലം പറയാനോ ഇന്ന് സമയമില്ല. പെരുന്നാൾ ദിവസമെങ്കിലും നാം ഇതിനായി സമയം കണ്ടെത്തണം. അപ്പോഴാണ് വീട്ടിലും നാട്ടിലും കുടുംബത്തിലും സമാധനം സാധ്യമാകുകയുള്ളൂ.
പെരുന്നാൾ ദിവസത്തെ തക്ബീർ കൊണ്ടലങ്കരിക്കണമെന്ന് നബി (സ) പറഞ്ഞതായി ത്വബ്‌റാനി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. ചെറിയ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയിരുന്ന തക്ബീർ ജാഥകളും ആ ജാഥയെ മധുര പാനിയങ്ങളുമായി സ്വീകരിച്ചിരുന്ന നാട്ടുകാരും പെരുന്നാൾ രാത്രിയുടെ അലങ്കാരമാണ്. ഫിത്വർ സകാത്തിന്റെ അരിയൊക്കെ പെട്ടന്ന് കൊടുത്തു തീർക്കണം. പെരുന്നാൾ ദിവസം പുലരാൻ കാത്തിരിക്കരുത്. രാവിലെ പള്ളിയിലേക്ക് നേരത്തേ പോകാനുള്ള ഒരുക്കങ്ങൾ നടത്തണം. ചെറിയ പെരുന്നാളിന്റെ സുന്നത്തായ കുളി ഞാൻ കുളിക്കുന്നു എന്ന നിയ്യത്തോടെ കുളിക്കണം. പുതിയ വസ്ത്രം ധരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുടുംബ സന്ദർശനം നടത്തുമ്പോഴും ഇതെല്ലാം പ്രവാചക ചര്യയാണെന്ന് മനസ്സിൽ കരുതണം. അതിന് പ്രത്യേക പ്രതിഫലമുണ്ട്.
സമാധാനത്തോടെ പള്ളിയിൽ പോകണം. മുഴുസമയവും തക്ബീർ ചൊല്ലിക്കൊണ്ടിരിക്കണം. ബന്ധുക്കളുടെയും അയൽവാസികളുടെയും കൂട്ടുകാരുടെയും ഖബ്ർ സിയാറത്ത് ചെയ്യുന്നതും പെരുന്നാളിൽ പ്രത്യേകം പുണ്യം ലഭിക്കുന്ന കാര്യമാണ്.
കുടുംബ സന്ദർശനത്തിന് ഇസ്്‌ലാം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. അനസ് (റ) വിൽ നിന്നുള്ള നിവേദനം: നബി (സ) പറഞ്ഞു: ഭക്ഷണത്തിൽ വശാലതയും ദീർഘായുസ്സും ആഗ്രഹിക്കുന്നവർ കുടുംബ ബന്ധം ചേർത്തിക്കൊള്ളട്ടെ (മുത്തഫഖുൻ അലൈഹി). മറ്റൊരു ഹദീസിൽ കാണാം: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധം ചേർത്തട്ടേ. ഇത്തരം പ്രവർത്തനങ്ങളിലൂടെ പെരുന്നാൾ സുദിനം ആരാധനയാക്കി മാറ്റണം.