Connect with us

Cover Story

കുന്നിറങ്ങി...

Published

|

Last Updated

പിറ കാണാൻ കുന്നിൻമുകളിൽ കയറി കാത്തുനിൽക്കുന്ന ദിവസം സ്വപ്‌നം കണ്ടാണ് അതിന് മുമ്പുള്ള ഒരാഴ്ച തള്ളിനീക്കുക. ആ ദിവസങ്ങളിൽ വീട്ടുമുറ്റം മുഴുവൻ ഞങ്ങൾ അടിച്ചുവാരി വെടിപ്പാക്കും. മുറ്റത്തു വീണുകിടക്കുന്ന കരിയിലകളും മറ്റു ചവറുകളും അടിച്ചുകൂട്ടി തീയിട്ട് ചുടുവെണ്ണീർ ആക്കും. ഞാനും ജ്യേഷ്ഠൻ മൂസയും സഹോദരിമാരായ ബീബിയും സൈനബിയും ചേർന്നാണ് ഈ യജ്ഞം നടത്തുക. വീട്ടിനകത്തെ മാറാലകളും ചുമരുകളിലെ അഴുക്കും വീട്ടകത്തിന്റെ നിലവും കഴുകി വെടിപ്പാക്കാൻ ഉമ്മയോടൊപ്പം ഞങ്ങളും കൂടും. അടുക്കള ഉമ്മയുടെയും സഹോദരിമാരുടെയും വിശുദ്ധ ഇടമായിരുന്നു. അടുക്കളക്ക് മുകളിലെ ചെരുവും ഉറിയും അഴിച്ചെടുത്ത് കരി മുഴുവൻ കഴുകിക്കളയുന്നതിന് ഞങ്ങളും കൂടും. പാത്രങ്ങളെല്ലാം തേച്ചുകഴുകി ഒരാവർത്തി കൂടി മിനുക്കും.

വീട്ടിലുള്ള ഓരോ ഉപകരണത്തിനും പാത്രങ്ങൾക്കും വസ്ത്രങ്ങൾക്കും പുസ്തകങ്ങൾക്കുമൊക്കെ നോമ്പാണെന്നാണ് ഞങ്ങൾ പറയുക. അത്രക്ക് വിശുദ്ധമായിരുന്നു അന്ന് നോമ്പുകാലം. നോമ്പ് എന്നത് അന്നൊരു മാനസികാവസ്ഥയായിരുന്നു. നിസ്‌കാക്കുപ്പായവും നിസ്‌കാരപ്പായയും കഴുകി ശുദ്ധീകരിക്കുന്ന യജ്ഞവും നടക്കും. റമസാൻ പിറ ഒരു പുതുപ്പിറവിയായിരുന്നു. കുന്നിൻ ചെരുവിലെ കൃഷിയിടത്തിൽ റമസാന് മാത്രമായി വിളയിച്ച ധാന്യങ്ങളായിരുന്നു ഞങ്ങളുടെ നോമ്പുകാല ഭക്ഷണം. നെല്ല് കൂടാതെ മുത്താറിയും എള്ളുമായിരുന്നു പ്രധാന വിഭവങ്ങൾ. വിളവെടുത്ത് പത്തായത്തിലും ചാക്കിലുമായി നിറച്ചുവെച്ച ആ ധാന്യങ്ങൾ ചേറിപ്പെറുക്കി ശുദ്ധമാക്കി വെക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു. ഉമ്മയായിരുന്നു എല്ലാത്തിനും ചുക്കാൻ പിടിച്ചിരുന്നത്. നോമ്പുതുറ സമയത്തെ പ്രധാന വിഭവം തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത ഉപ്പുചേർത്ത മുത്താറിക്കഞ്ഞിയായിരുന്നു. റമസാൻ പിറ കണ്ടാൽ പിന്നെ ഈ മുത്താറിക്കഞ്ഞി രസനയിൽ അതിന്റെ രുചിയുമായി തത്തിക്കളിക്കും. തേങ്ങാപ്പാലിൽ മുക്കിയ ചൂടുള്ള പത്തിരിയും തേങ്ങയരച്ച് വെച്ച മീൻകറിയും അന്നത്തെ ഒരു കോമ്പിനേഷനാണ്. നോമ്പുതുറ, മുത്താഴം, അത്താഴം എന്ന രീതിയിലാണ് എല്ലാം തയ്യാറാക്കൽ. മുത്താഴത്തിന് മുത്താറിക്കഞ്ഞി തന്നെ ആവർത്തിക്കും. അത് പത്ത് ഗ്ലാസ് വരെ ഞാൻ കുടിച്ചിട്ടുണ്ട്! തറാവീഹ് നിസ്‌കാരത്തിന് പോകുന്നത് ഈ പത്ത് ഗ്ലാസ് കൊണ്ട് നിറഞ്ഞ പെരുവയറുമായാണ്. ഇരുപതിലധികം റകഅത് തറാവീഹ് നിസ്‌കാരം കഴിയുമ്പോഴേക്ക് ആ പത്ത് ഗ്ലാസും ആവിയായിപ്പോകും. അതുകൊണ്ട് അത്താഴം കഴിക്കാൻ പുതിയ ഉണർവുണ്ടാകും. മുപ്പത് ദിവസത്തെ തറാവീഹ് നിസ്‌കാരം എന്റെ ബാല്യത്തിലെ അത്ഭുതകരമായ വ്യായാമം തന്നെയായിരുന്നു. പിറ്റേന്നാളത്തെ നോമ്പിന് ശാരീരികവും മാനസികവുമായ ഉന്മേഷം നൽകിയത് തറാവീഹ് ആയിരുന്നു. ഞങ്ങൾ കുട്ടികൾ അന്ന് അത് നിർവഹിച്ചിരുന്നത് വലിയൊരു “സ്‌പോർട്‌സ്മാൻ സ്പിരിറ്റോ”ടെയാണ്.

ഓരോ നോമ്പിനും ഏറ്റവും കുറഞ്ഞ ഭക്ഷണമേ കിട്ടിയിരുന്നുള്ളൂ. സമ്പന്ന വീടുകളിൽ അന്ന് കേമമായ നോമ്പുതുറകൾ ഉണ്ടായിരുന്നു. ഒരു ഗ്രാമത്തിൽ ചിലപ്പോൾ മൂന്നോ നാലോ സമ്പന്നഗൃഹമേ കാണൂ. പക്ഷേ അവിടെയൊന്നും മറ്റുള്ളവർക്കായുള്ള ആർഭാടകരമായ നോമ്പുതുറകൾ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി.

സമ്പന്നർ ഇഫ്താർ എന്ന പേരിൽ അതിനെ പൊതുവത്കരിച്ചിരിക്കുന്നു. ഭക്ഷണം കഴിക്കാത്തവന്റെ വിശപ്പറിയാനാണ് അന്ന് നാം നോമ്പെടുത്തിരുന്നത്. അതിന്റെ സന്ദേശവും അതായിരുന്നു. ഉപവാസം എന്നത് മനുഷ്യ ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒരു ആരോഗ്യപ്രവർത്തനമാണെന്നറിഞ്ഞത് ബാല്യവും കഴിഞ്ഞ ശേഷമാണ്. ഈയൊരു സന്ദേശവും ചേർത്താൽ ലളിതമായ നോമ്പുതുറകൾ സമ്മാനിച്ച ബാല്യകാലമാണ് ഏറ്റവും ആരോഗ്യകരമായ കാലമെന്ന് ഞാനറിയുന്നു.
സമ്പത്തും പ്രതാപവും പുതുമോടിയും കാണിക്കാനായി നടത്തുന്ന ആധുനിക ഇഫ്താറുകൾ നൽകുന്ന സന്ദേശങ്ങൾ വളരെ നിഷേധാത്മകമാണ്. അവയിൽ വിതരണം ചെയ്യപ്പെടുന്ന എണ്ണയും കൊഴുപ്പും അമിതമായി ചേർന്ന വിഭവങ്ങൾ നോമ്പിന്റെ അന്തസ്സത്ത തന്നെ കെടുത്തുന്നു.

നോമ്പിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തന്നത് നമ്മുടെയൊക്കെ ഉമ്മമാരാണ്. വീട് വെടിപ്പാക്കിയും ലളിതഭക്ഷണം പാകം ചെയ്ത് തന്നും നോമ്പ് ഒരാഘോഷമല്ല, ഒരു മാനസികാവസ്ഥയാണെന്ന് എന്നെയും സഹോദരങ്ങളെയും പഠിപ്പിച്ച എന്റെ ഉമ്മ തന്നെയാണ് അന്യന്റെ വിശപ്പിന്റെ കരാളത ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നത്. മുപ്പത് ദിവസത്തെ നോമ്പ് കഴിഞ്ഞ് പെരുന്നാൾ ദിവസത്തെ പ്രാർഥന കഴിഞ്ഞാൽ ഉമ്മയുടെ ഖബറിടത്തിലേക്ക് ചെന്ന് കൈകളുയർത്തുമ്പോൾ നാം ഓർമിക്കുന്നത് നോമ്പ് ദിനങ്ങൾ നമുക്ക് നൽകിയ ആത്മീയ ചൈതന്യത്തെയാണ്. നോമ്പിന്റെ കുന്നുകയറിയ നമ്മൾ കിതച്ചും വേച്ചും പെരുന്നാളിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങിവരുമ്പോൾ പ്രകാശമാനമായ ഭാവിയിലേക്കാണ് സഞ്ചരിക്കുന്നത്.

 

---- facebook comment plugin here -----

Latest