Articles
എല്ലാവരുടേതുമാകണം പെരുന്നാള്‍
റമസാന്‍ നോമ്പ് പൂര്‍ത്തിയാക്കി ഈദിന്റെ സന്തോഷത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചിരിക്കുന്നു. ഇസ്ലാമിലെ പ്രധാന വിശേഷ ദിനങ്ങളിലൊന്നാണ് ഇത്. വ്രതനാളുകളുടെ പൂര്‍ത്തീകരണം കഴിഞ്ഞു തെളിച്ചമുള്ള ഹൃദയവുമായാണ് പെരുന്നാളിലേക്കു കടക്കുന്നത്. റമസാന്‍ ഉണ്ടാക്കിയെടുത്ത എല്ലാ ആധ്യാത്മിക വിശുദ്ധിയും പെരുന്നാളില്‍ പൊലിമയോടെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ നിറയണം. അഥവാ അല്ലാഹു തൃപ്തിപ്പെടുന്ന വിധത്തിലാകണം പെരുന്നാള്‍ ആഘോഷം. അല്ലാതിരുന്നാല്‍, നിറംകെട്ട ആഘോഷമാകും അത്. റമസാന്‍ രൂപപ്പെടുത്തിയ ആത്മീയ ശേഷിപ്പുകള്‍ കൊഴിഞ്ഞു പോകാനും നിമിത്തമാകും.
ഒരു നബിവചനം ഇങ്ങനെയാണ്. ഈദുല്‍ ഫിത്വര്‍ ആഗതമായാല്‍ വഴികളില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും. എന്നിട്ടവര്‍ വിളിച്ചുപറയും. മുസ്ലിം സമുദായമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് സഞ്ചരിക്കുക. അവന്‍ നന്മകളാല്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. വലിയ ഉപഹാരം നിങ്ങള്‍ക്കു തരാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്‌കരിക്കാന്‍ കല്‍പിച്ചു. നിങ്ങള്‍ അതു പ്രവര്‍ത്തിച്ചു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ പറഞ്ഞു. അതും നിങ്ങള്‍ നിര്‍വഹിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് നിങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പു സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ ആമോദത്തോടെ സ്വന്തം സത്രങ്ങളിലേക്ക് നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. ആകാശലോകത്ത് ഈ ദിനത്തിന്റെ നാമം തന്നെ പുരസ്‌കാര ദിനം (യൗമുല്‍ ജാഇസ) എന്നാകുന്നു (ത്വബ്‌റാനി).
നാഥന്റെ പുരസ്‌കാരം ലഭിക്കുന്ന പെരുന്നാള്‍ ദിവസത്തെ ഏറെ ആഹ്ലാദത്തോടെയാണ്
ലോകത്തെല്ലായിടങ്ങളിലുമുള്ള വിശ്വാസികള്‍ സ്വീകരിക്കാറുള്ളത്. എല്ലാ ഭവനങ്ങളിലും സന്തോഷം ഉണ്ടാകണം ഈ ദിനത്തില്‍. കഷ്ടപ്പാടിന്റെ നെരിപ്പോടുകളില്‍ നീറുന്ന ആരും നമ്മുടെ അറിവില്‍ ഇല്ലെന്നുറപ്പ് വരുത്തണം. വിഷമമനുഭവിക്കുന്നവരെയെല്ലാം സഹായിക്കണം. എല്ലാവരുടേതുമാകണം പെരുന്നാള്‍. പ്രവാചകരുടെ പെരുന്നാള്‍ അങ്ങനെയായിരുന്നു. ഒരു വിശ്വാസി പോലും ആ ദിവസം കഷ്ടപ്പെടരുത് എന്ന് തീര്‍ച്ചപ്പെടുത്തുമായിരുന്നു മുഹമ്മദ് നബി(സ്വ).
പെരുന്നാള്‍ പുരസ്‌കാര ദിനമാണ്; അല്ലാഹു പറഞ്ഞ പ്രകാരം വ്രതമെടുത്ത വിശ്വാസികള്‍ക്ക്. പുരസ്‌കാര ദിനത്തില്‍ ഏറ്റവും ബഹുമാന്യമായ സമീപനമാണ് നമ്മില്‍ നിന്നുണ്ടാകേണ്ടത്.
കുടുംബങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ പെരുന്നാള്‍ നിദാനമാകണം. എല്ലാ ബന്ധുക്കളുടെയും വീടുകളില്‍ പോകണം. പരസ്പര സ്‌നേഹാഭിവാദ്യങ്ങള്‍ നടത്തണം. പ്രായമായവരെ പ്രത്യേകം പരിഗണിച്ചു കുശലാന്വേഷണങ്ങള്‍ ഉണ്ടാകണം. രോഗികള്‍ക്ക് നമ്മുടെ സമീപനങ്ങള്‍ കൊണ്ട് ആശ്വാസം പകരാന്‍ കഴിയണം. പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പ്രധാന ആരാധനയാണ് ഫിത്വ്ര്‍ സകാത്ത്. നിര്‍ദേശിക്കപ്പെട്ട ധാന്യങ്ങള്‍ സഹവിശ്വാസിയുടെ വീട്ടിലെത്തിക്കാനുള്ള നാഥന്റെ കല്പനയാണത്. നോമ്പ് അവസാനിക്കുന്നതോടെ ഇത് നല്‍കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. നോമ്പുകാരന് വിശുദ്ധി കൈവരിക്കാനും പാവങ്ങള്‍ക്ക് സംതൃപ്തി ലഭ്യമാകാനുമുള്ള മാര്‍ഗമാണിതെന്നു നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം, ദാന ധര്‍മങ്ങള്‍ ധാരാളം ചെയ്യണം. സ്വദഖ അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങളില്‍ ഒന്നാണ്. ധനവും വസ്ത്രവും ഭക്ഷ്യ വസ്തുക്കളുമെല്ലാം സ്വദഖയായി നല്‍കാവുന്നതാണ്. നമുക്കുള്ളതില്‍ നിന്ന് ഒരു ഭാഗം അപരനും പകുത്തു നല്‍കി സഹജീവിയുടെ നൊമ്പരം കാണാന്‍ കഴിയുന്നവനാകണം വിശ്വാസി. ഏറ്റവും നല്ല ദാനധര്‍മം, മറ്റാരും അറിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കലാണ്. വലതു കൈ കൊടുക്കുന്നത് ഇടതുകൈ പോലും അറിയാത്ത വിധത്തില്‍ എന്ന പ്രയോഗത്തിലൂടെ അതിന്റെ സ്വകാര്യതയെ സൂചിപ്പിക്കുന്ന നബി(സ്വ), ഉന്നതമായ പ്രതിഫലമാണ് അത്തരം വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പരലോകത്ത് സ്വര്‍ഗീയ പ്രവേശം എളുപ്പമാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ദാനധര്‍മം. പെരുന്നാളില്‍ ഈ കര്‍മം അധികരിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം.
റമസാന്‍ മാസം ഏറ്റവും നന്നായി ജീവിതത്തില്‍ പ്രതിഫലിച്ച വിശ്വാസികളെ കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്ന ഒരു സൂചനയുണ്ട്. റമസാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധിയും നന്മയും പെരുന്നാളിന് ശേഷമുള്ള അവരുടെ ജീവിതത്തിലും സവിശേഷമായി പ്രകടമാകും എന്നാണത്. അതിനാല്‍, നോമ്പും പെരുന്നാളും ജീവിതത്തിന്റെ ഒരു പുതിയ ക്രമീകരണം സാധ്യമാക്കുന്ന തരത്തില്‍ ആകണം വിശ്വാസികള്‍ക്ക്.
ഈ ദിനത്തിലെ പ്രാര്‍ഥനക്ക് വലിയ പ്രാധാന്യമുണ്ട്. രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു പള്ളിയിലെത്തുന്ന വിശ്വാസികള്‍ പരസ്പരം സ്നേഹാഭിവാദ്യങ്ങള്‍ നടത്തുന്നതോടൊപ്പം പ്രാര്‍ഥനകള്‍ പങ്കുവെക്കണം. ലോകത്ത് പലയിടങ്ങളിലും പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ അഭയാര്‍ഥികളായി കഴിയുന്നവരുണ്ട്. പീഡനം സഹിക്കുന്നവരുണ്ട്. എല്ലാവരും നമ്മുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടണം.
പെരുന്നാളിന്റെ ശ്രേഷ്ടത കളയുന്ന വിധത്തിലുള്ള തെറ്റായ ഉല്ലാസങ്ങളിലേക്ക് ചിലരെങ്കിലും സഞ്ചരിക്കുന്ന പ്രവണത കാണുന്നു.
ഓരോ രക്ഷിതാക്കളും മക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഹറാമായ കൃത്യങ്ങളിലേക്കു പോയി, അല്ലാഹു പുരസ്‌കാര ദിനമായി പ്രഖ്യാപിച്ച പെരുന്നാളിന്റെ നന്മ കെടുത്തിയാല്‍ ജീവിതത്തിലെ ബറകത് കുറയും. അല്ലാഹുവിന്റെ ആജ്ഞയെ നിന്ദിക്കുന്നവനാകും. പരാജയപ്പെടുന്നവരില്‍ ഉള്‍പ്പെടുത്തപ്പെട്ടേക്കും. അതിനാല്‍, പെരുന്നാള്‍ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ ആഘോഷിക്കാന്‍ എല്ലാവരും ശ്രമിക്കണം. എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍