Connect with us

Articles

നമുക്ക് വേണ്ടത് മികവിന്റെ പാഠങ്ങള്‍

Published

|

Last Updated

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാകെ വലിയൊരു അനിശ്ചിതത്വത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിവിട്ടു കൊണ്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ആദ്യഭാഗം സര്‍ക്കാര്‍ അംഗീകരിക്കുകയും അതിന്റെ ചില ശിപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്തിരിക്കുകയാണ്. മുന്‍ എസ് ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. എം എ ഖാദര്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ 160 പേജുള്ള ആദ്യ ഭാഗം മാത്രമേ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളൂ. അതിലെ തന്നെ കുറച്ചു കാര്യങ്ങളാണ് നടപ്പാക്കുന്നത്. ഇതാണ് തുഗ്ലക്ക് പരിഷ്‌കാര ശൈലി.
നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചു പണിയാന്‍ ഒരു കമ്മിറ്റിയെ വെക്കുമ്പോള്‍ ആ കമ്മിറ്റി പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമല്ലേ അത് പരിശോധിച്ച് അംഗീകരിക്കാനോ തള്ളാനോ പാടുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ഇവിടെയാകട്ടെ ഘടനാപരമായ മാറ്റം നിര്‍ദേശിക്കുന്ന ആദ്യ ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഗുണപരമായ മാറ്റം നിര്‍ദേശിക്കുന്ന രണ്ടാം ഭാഗം വരാനിരിക്കുന്നതേയുള്ളൂ. യഥാര്‍ഥത്തില്‍ നേരെ തിരിച്ചാണ് വരേണ്ടിയിരുന്നത്.

വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് ആദ്യം നിര്‍ദേശിക്കുകയും അത് സാധ്യമാക്കുന്നതിന് ഘടനാപരമായി എന്തൊക്കെ മാറ്റം വേണമെന്ന് തീരുമാനിക്കുകയുമാണ് ചെയ്യേണ്ടത്. പക്ഷേ, ഇവിടെ ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന തല തിരിഞ്ഞ രീതിയാണ് നടപ്പാക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം കൈയില്‍ കിട്ടിയപ്പോള്‍ തന്നെ ഭരണപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ പറയുന്നതനുസരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ അതിന്റെ അഞ്ചോ, ആറോ പോയിന്റുകള്‍ ധൃതി പിടിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാകുന്നത് അങ്ങേയറ്റം ഹീനമാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രക്ഷകര്‍തൃ സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഏതൊരു പരിഷ്‌കാരവും മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണെന്നിരിക്കേ അത് നടപ്പാക്കുന്നത് ആരോഗ്യകരമായ ചര്‍ച്ചകളിലൂടെയായിരിക്കണം.
കാതലായ അഴിച്ചുപണി ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ സംസാരിക്കുന്നത് ഏകീകരണത്തെ കുറിച്ചാണ്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ആത്യന്തികമായി ഉണ്ടാകാന്‍ പോകുന്നത് വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര തകര്‍ച്ചയാണ്.

കഴിഞ്ഞ 28 വര്‍ഷമായി അക്കാദമിക് ഗുണമേന്‍മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിച്ച് പൊതുവിദ്യാഭ്യാസ മേഖലക്ക് അഭിമാനമായി മാറിക്കഴിഞ്ഞ ഹയര്‍സെക്കന്‍ഡറി വകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്റെ ഭാഗമാക്കുന്നത് ഹയര്‍ സെക്കന്‍ഡറിയുടെ ഗുണനിലവാര തകര്‍ച്ചക്കായിരിക്കും വഴി വെക്കുക. എന്‍ സി ആര്‍ ടി സി സിലബസ് ലഘൂകരിക്കാനും ശാസ്ത്ര വിഷയങ്ങളിലടക്കമുള്ള പാഠപുസ്തകങ്ങള്‍ മലയാളവത്കരിക്കാനുമുള്ള നീക്കം അത്യന്തം അപകടകരമാണ്. ദേശീയ തലത്തില്‍ മത്സരപ്പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകാന്‍ ഇത് ഇടയാക്കും.
40ല്‍ പരം വിഷയങ്ങളിലാണ് ഹയര്‍സെക്കന്‍ഡറിയില്‍ ഇപ്പോള്‍ പരീക്ഷകള്‍ നടക്കുന്നത്. ഇതിന്റെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവുമെല്ലാം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ തന്നെ സമയബന്ധിതമായും പരാതിരഹിതവുമായി നടത്താനും ഹയര്‍സെക്കന്‍ഡറി വകുപ്പിനായി. ഈ പരീക്ഷകളെയെല്ലാം ഏകീകരിക്കാനുള്ള നിര്‍ദേശവും ഖാദര്‍ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായത് ആവശ്യമായ ചിന്ത കൂടാതെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താനുള്ള ഏതെങ്കിലും ഒരു ശിപാര്‍ശ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത് കാണാന്‍ കഴിയുന്നില്ല. ദേശീയ തലത്തില്‍ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസ രംഗത്ത് ഇത് വരെ പിന്തുടരുന്ന ആധികാരികമായ റിപ്പോര്‍ട്ട്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടും പരസ്പര വിരുദ്ധമായി നില്‍ക്കുന്നത് ഗൗരവമായ പ്രശ്‌നമാണ്. വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ പ്രതിപക്ഷം എതിരല്ല. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം.

രമേശ് ചെന്നിത്തല(പ്രതിപക്ഷ നേതാവ്‌)