Articles
അവഗണിക്കേണ്ടതല്ല ഗതാഗത സാക്ഷരത

പത്തൊമ്പതുകാരിയായ സമീറ മൂന്ന് ദിവസത്തിനുള്ളില്‍ വിധവയായി, ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ശരീഫ് കുഞ്ഞുങ്ങളെ തനിച്ചാക്കി യാത്രയായി, സ്വപ്‌ന ഭവനത്തില്‍ പാലുകാച്ചാന്‍ നിയോഗമില്ലാതെ സവിത, മകന്‍ ഓടിച്ച ബൈക്കില്‍ നിന്ന് വീണ് അമ്മ, അമിത വേഗത്തിലോടിയ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിനി…. നമ്മുടെ നിരത്തുകളുടെ വൃത്താന്തങ്ങള്‍ ഇങ്ങനെ കണ്ണീരണിയിക്കാത്ത ദിവസങ്ങള്‍ അപൂര്‍വമാണ്.
നിരത്തുകളിലെ ചോരക്കളങ്ങളില്‍ നിന്ന് തീരാ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ വേറെയും കദനകഥകള്‍ സാന്ത്വന ശുശ്രൂഷയുമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പക്കലുണ്ട്. നിയമം അനുസരിക്കാനുള്ള വിമുഖതയാണ് ദുരന്തങ്ങളിലേക്കും അതിനു ശേഷമുള്ള തീരാ ദുരിതങ്ങളിലേക്കും നമ്മെ തള്ളിവിടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വര്‍ഷത്തില്‍ ലോകത്ത് റോഡപകടങ്ങളില്‍ 12 ലക്ഷത്തിലേറെ പേര്‍ മരിക്കുകയും അഞ്ച് കോടിയിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2020 ആകുമ്പോഴേക്കും ലോകത്ത് മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനം റോഡപകടങ്ങള്‍ക്കാകും. 86 ശതമാനത്തിലേറെ അപകടങ്ങള്‍ നടക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുകയും ചെയ്യുന്നു.
നിയമം നിയമത്തിന്റെ വഴിക്ക്, നാം നമ്മുടെ വഴിക്ക് എന്ന ചിന്ത മോട്ടോര്‍ വാഹന നിയമത്തിന്റെ കാര്യത്തിലാണ് ഇന്ത്യക്കാര്‍ കൂടുതലും വെച്ചുപുലര്‍ത്തുന്നത്. മറ്റു നിയമങ്ങള്‍ അനുസരിക്കുന്നവര്‍ പോലും മോട്ടോര്‍ വാഹന നിയമം തരം കിട്ടുമ്പോഴൊക്കെ ലംഘിച്ച് നോക്കും. ശിക്ഷയുടെ കാഠിന്യം കുറഞ്ഞതാകും ഇതിന് കാരണം. നിയമലംഘനത്തിനുള്ള പിഴ ശിക്ഷ ഒഴിവാക്കി കിട്ടാന്‍ സകല സമ്മര്‍ദങ്ങള്‍ പയറ്റുകയും ചെയ്യും. ഇതേ ആളുകള്‍ വിദേശ രാജ്യങ്ങളില്‍ പോയാല്‍ തികഞ്ഞ ജാഗ്രതയോടെ നിയമമനുസരിച്ച് ജീവിക്കുന്നതാണ് വിരോധാഭാസം. നിരത്തുകളിലെ നിയമലംഘകര്‍ക്ക് അവിടെ ഒരു തരത്തിലുള്ള ഇളവും ലഭിക്കുകയില്ല. ശിപാര്‍ശകളും സമ്മര്‍ദങ്ങളും അവിടെ വിലപ്പോകുകയുമില്ല. കൊച്ചു നാള്‍ മുതല്‍ അനുവര്‍ത്തിച്ചു തുടങ്ങേണ്ട ജീവിത ശൈലിയെ കേവലം ഒരു നിയമമായി കണ്ടതാണ് നമ്മള്‍ ചെയ്യുന്ന തെറ്റ്. ഒരു കുഞ്ഞിന്റെ സ്വഭാവ രൂപവത്കരണതലം തൊട്ട് മാതാപിതാക്കള്‍ സ്‌നേഹപൂര്‍വം പകര്‍ന്നു നല്‍കേണ്ട വിശേഷ ഗുണങ്ങളാണ് നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍. മാതാപിതാക്കള്‍ വീടുകളിലും അധ്യാപകര്‍ പ്രൈമറി ക്ലാസുകളിലും പഠിപ്പിച്ചു തുടങ്ങേണ്ടതാണിവ. നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ അന്നു തൊട്ടേ പാലിച്ചു തുടങ്ങിയാല്‍ ആയുസ്സിന്റെ പാതി പിന്നീടവര്‍ക്ക് പിറകെ ബോധവത്കരണ ക്ലാസുകളുമായി നടക്കേണ്ടി വരില്ല.
മാതാപിതാക്കളും മക്കളും
അറിയേണ്ടത്
റോഡില്‍ എങ്ങനെ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കുട്ടികളില്‍ ഗതാഗത അവബോധമുണര്‍ത്തുകയും അവരെ റോഡ് നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക. അവരോട് എങ്ങനെയാണ് റോഡ് മുറിച്ചു കടക്കേണ്ടത്, കാറില്‍ യാത്ര ചെയ്യുമ്പോള്‍ എങ്ങനെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത്, എവിടെയാണ് കാര്‍ നിര്‍ത്തി ഇറങ്ങേണ്ടത്, ഏതുവഴിയാണ് നടക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഒരു വാഹന നിയമവും ലംഘിക്കാതിരിക്കുക. അവരോടൊത്ത് ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിംഗും പിന്നീട് പരസ്യമായ നിയമലംഘനത്തിന് അവര്‍ക്ക് പ്രേരണയാകും.
അഞ്ച് വയസ്സു വരെയുള്ള കുട്ടികളെ വളരെ സൂക്ഷിച്ച് റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കേണ്ടതുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോഴും നടപ്പാതയുടെ അരികിലൂടെ നടക്കുമ്പോഴും കുട്ടികളുടെ കൈയില്‍ മുറുകെ പിടിക്കുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങളുടെ കുട്ടിയോട് വിശദീകരിക്കുക. എപ്പോഴാണ് റോഡ് മുറിച്ചു കടക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ കഴിയും. റോഡില്‍ കുട്ടികളെ എപ്പോഴും നിയന്ത്രിക്കുക. റോഡിലെ ചിഹ്നങ്ങള്‍, വരകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുക. സീബ്രാലൈനിന്റെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെടുത്തുക. നില്‍ക്കുക, നോക്കുക, നടക്കുക പ്രക്രിയ അനുസരിച്ച് കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ പഠിപ്പിക്കുക. റോഡ് വക്കില്‍ നില്‍ക്കുക, റോഡിനിരുവശവും നോക്കുക, വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തുക.
രാത്രികാലങ്ങളില്‍ വേഗത്തില്‍ തിരിച്ചറിയാവുന്ന വിധം തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിക്കുന്നു എന്ന് ഉറപ്പുവരുത്തുക. കാര്‍ യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. 18 വയസ്സിനു മുമ്പുള്ള ഡ്രൈവിംഗ് അനുവദിക്കാതിരിക്കുക. സ്വന്തം കുഞ്ഞ് കയറുന്ന സ്‌കൂള്‍ വാഹനത്തിന്റെ സുരക്ഷ മാതാവ് അറിയണം. ഓട്ടോറിക്ഷകളില്‍ സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അധ്യാപകരും രക്ഷിതാക്കളും അധികൃതരെ അറിയിക്കണം. തന്റെ കുട്ടിയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആരാണെന്നും അതില്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം എത്രയാണെന്നും അറിയണം. എങ്ങനെയാണ് ഡ്രൈവര്‍ വാഹനം ഓടിക്കുന്നത് എന്ന് കുട്ടികളോട് ചോദിച്ചു മനസ്സിലാക്കണം. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് മക്കളോട് ശ്രദ്ധിക്കാന്‍ പറയണം. ബാല്യത്തില്‍ നല്‍കുന്ന ഈ നിയമോപദേശം മുതിര്‍ന്നാലും അവന്റെ ജീവിതചര്യയായി തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സമയത്ത് ഗതാഗതം വളരെ കൂടുതലാണ്. കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അതിവേഗതയിലുള്ള ഗതാഗതം മൂലം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ 60 ശതമാനം ഇരകളും കാല്‍നടയാത്രക്കാര്‍ ആണ്. ഇതില്‍ ആറ് ശതമാനം അപകടങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരകള്‍. കാല്‍നട യാത്രക്കാരായ കുട്ടികള്‍ക്കാണ് മുതിര്‍ന്നവരേക്കാള്‍ അപകട സാധ്യത. ഓരോ ദിവസവും ലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളിലേക്കോ ബസ്റ്റോപ്പിലേക്കോ കാല്‍നടയായി പോകുന്നു. യാത്രയുടെ മുഴുവന്‍ ഭാഗം അല്ലെങ്കില്‍ കുറച്ചു ഭാഗം കാല്‍നടയായി സഞ്ചരിക്കുന്ന കുട്ടികളെ അപകട സാധ്യതയുള്ള റോഡ് ഉപയോക്താക്കളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. കാല്‍നട യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്. അതുകൊണ്ട് റോഡ് ശരിയായി ഉപയോഗിക്കുന്നതിനെപ്പറ്റി കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
സീബ്രാലൈന്‍ കൂടാതെ കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ഭൂഗര്‍ഭ പാതകള്‍, മേല്‍പ്പാലങ്ങള്‍, സിഗ്‌നലുകള്‍ ഘടിപ്പിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവയാണ് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സ്ഥലങ്ങള്‍. റോഡ് മുറിച്ച് കടക്കുന്നതിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തുകയും വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം തീരുമാനിക്കുകയും വേണം. സുരക്ഷിതമായ അകലം വാഹനത്തിന്റെ വേഗതയെ ആശ്രയിച്ചിരിക്കും. ഒരു വാഹനം സുരക്ഷിതമായി നിര്‍ത്തുന്നതിന് ആവശ്യമായ ദൂരം, പ്രവൃത്തി ദൂരത്തിന്റെയും ബ്രേക്കിംഗ് ദൂരത്തിന്റെയും ആകെത്തുകയാണ്. ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന സമയത്തിനുള്ളില്‍ വാഹനം ചലിക്കുന്ന ദൂരത്തിനാണ് പ്രവൃത്തി ദൂരം എന്ന് പറയുന്നത്. ബ്രേക്ക് ചെയ്തതിനു ശേഷം ഒരു വാഹനം സഞ്ചരിക്കുന്ന ദൂരം ആണ് ബ്രേക്കിംഗ് ദൂരം. ഒരു വാഹനം നിര്‍ത്തുന്നതിന് ആവശ്യമായ ആകെ ദൂരമാണ് നിര്‍ത്താനുള്ള ദൂരം.
റോഡില്‍ കുട്ടിക്കളി വേണ്ട
കുട്ടികളെ റോഡില്‍ കളിക്കാന്‍ വിടരുത്. വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഇടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് റോഡുകളിലും ഇടവഴികളിലും കളിക്കുന്നത് സുരക്ഷിതമല്ല. റോഡിലേക്ക് തെറിച്ചു വീണ പന്തിന്റെയും മറ്റും പിറകെ കുട്ടികള്‍ ഒാടുന്നതും അപകടകരമാണ്. കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടുന്ന റോഡപകടങ്ങളില്‍ കൂടുതലും ഇരകളാകുന്നത് അഞ്ചും പതിനഞ്ചും വയസ്സിന് ഇടക്ക് പ്രായമുള്ള സ്‌കൂള്‍ കുട്ടികളാണ്. ഇത് ഒഴിവാക്കാന്‍ നടപ്പാതയിലൂടെ മാത്രം കുട്ടികളെ നടത്തി ശീലിപ്പിക്കണം. നടപ്പാത ഇല്ലെങ്കില്‍ റോഡിന്റെ വലതു വശത്തു കൂടി വാഹനങ്ങളുടെ എതിര്‍ ദിശയില്‍ നടക്കുക. വാഹനങ്ങളുടെ ദിശയില്‍ നടക്കുന്നതിനേക്കാള്‍ സുരക്ഷിതം എതിര്‍ ദിശയില്‍ നടക്കുന്നതാണ്.
ബസ് എത്തിച്ചേരുന്ന സമയത്തിന് 10 മിനുട്ട് മുമ്പേ സ്റ്റോപ്പില്‍ എത്തുക. ബസ് വരുമ്പോള്‍ നടപ്പാതയുടെ വക്കില്‍ നിന്ന് ഒരടി പിറകിലേക്ക് മാറി നില്‍ക്കുക. അങ്ങനെ ചെയ്താല്‍ മാത്രമേ ഡ്രൈവര്‍ക്ക് നടപ്പാതയിലേക്ക് ബസ് ചേര്‍ത്തി നിര്‍ത്താന്‍ കഴിയൂ. ബസ് പൂര്‍ണമായി നിര്‍ത്തുന്നത് വരെ കാത്തു നില്‍ക്കണം. ബസ് നിര്‍ത്തി വാതില്‍ തുറന്ന് ആളുകള്‍ ഇറങ്ങി കഴിഞ്ഞതിനു ശേഷം മാത്രം ബസിലേക്ക് കയറുക. ചാടിക്കയറാന്‍ ശ്രമിക്കരുത്. ബസില്‍ കയറാന്‍ റോഡിന് കുറുകെ ഓടരുത്. ബസിനു പിറകെ ഓടുകയോ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കയറുകയോ ചെയ്യരുത്. ബസില്‍ കയറുമ്പോള്‍ വാതിലിന് അടുത്തുള്ള കമ്പിയില്‍ മുറുകെ പിടിക്കുക. ഏതെങ്കിലും ഭാരമുള്ള സാധനം നിങ്ങളുടെ കൈയിലുണ്ടെങ്കില്‍ അത് ആദ്യം ബസില്‍ വെച്ച ശേഷം കയറുക. കൈയും തലയും മറ്റു ശരീര ഭാഗങ്ങളും ബസിന്റെ വാതിലിലൂടെയോ ജനലിലൂടെയോ പുറത്തേക്കിടരുത്.
ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പലപ്പോഴും കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പെരുമാറുമെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പത്ത് വയസ് വരെ ഭൂരിപക്ഷം കുട്ടികള്‍ക്കും ഗതാഗത സാഹചര്യത്തെ സ്വതന്ത്രമായി അഭിമുഖീകരിക്കാനുള്ള കഴിവ് ഉണ്ടാകില്ലെന്നുള്ളതാണ് വാസ്തവം. ഓരോ ഗതാഗത സാഹചര്യവും കുട്ടികളെ പറഞ്ഞും കാണിച്ചും മനസ്സിലാക്കേണ്ടതാണ്. കുട്ടികള്‍ പലപ്പോഴും നിയമങ്ങളെപ്പറ്റിയും റോഡ് സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയും സംസാരിക്കുകയും റോഡ് ചിഹ്നങ്ങള്‍ തിരിച്ചറിയുകയും ചെയ്യാറുണ്ട്. പക്ഷേ, ഇവയെല്ലാം യഥാര്‍ഥ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള കഴിവ് ഇവര്‍ക്കില്ല. റോഡിലെ സുരക്ഷിതമായ പെരുമാറ്റം ദീര്‍ഘ നാളത്തെ പ്രവൃത്തി പരിചയം കൊണ്ട് വളര്‍ത്തിയെടുക്കേണ്ടതാണ്. പ്രൈമറി തലത്തിലെയും സെക്കന്‍ഡറി തലത്തിലെയും ചിട്ടയായ പഠനരീതി കൊണ്ട് ഇത് ഊട്ടിയുറപ്പിക്കാവുന്നതാണ്. ഒരല്‍പം അശ്രദ്ധ ഒരായുസിന്റെ കണ്ണീരാണെന്നും അമിത വേഗം പിശാചിന്റെ മാര്‍ഗമാണെന്നും അത് മരണത്തിലേക്കാണെന്നും വേഗം അല്ല വിവേകമാണ് വേണ്ടതെന്നും തീരെ എത്താതിരിക്കുന്നതിലും എത്രയോ ഭേദം അല്‍പം വൈകി എത്തുന്നതാണ് എന്നും നമ്മോടൊപ്പം മക്കളും തിരിച്ചറിയണം.
(ലേഖകന്‍ മലപ്പുറം
ജോയിന്റ് ആര്‍ ടി ഒ ആണ്)