Cover Story
ഭൂമിയുടെ നെറുകയിൽ
“സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്. 8848 മീറ്ററാ(29,029അടി)ണ് ഉയരം. ഹിമാലയ പർവതനിരകളിലെ നേപ്പാൾ, ചൈന അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാംഗ് സി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനമാണ്. 1953 മെയ് 29ന് ടെൻസിംഗ് നോർഗെ, എഡ്മണ്ട് ഹിലാരി എന്നിവരാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.” വിദ്യാർഥിയായിരിക്കെ ഈ പാഠഭാഗം പലവുരു വായിച്ച് ഹൃദയഭിത്തികളിൽ മുദ്രണം ചെയ്തിട്ടുണ്ട് അബ്ദുന്നാസർ. 30- 35 വർഷത്തിന് ശേഷം അന്നത്തെ കുട്ടികൾ ഇങ്ങനെ വായിക്കുന്നത് കേൾക്കാൻ നാസറിന് ഏറെ ഇഷ്ടമുണ്ട്: “എവറസ്റ്റ് കീഴടക്കിയ ഒരു മലയാളി പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത നെടുങ്ങോട്ടൂരിലുണ്ട്. പേര് അബ്ദുന്നാസർ. പി കുഞ്ഞഹമ്മദ് മൗലവിയുടെയും നഫീസയുടെയും മകൻ”.
കഠിന പ്രയത്‌നങ്ങളിലൂടെ, മരണത്തെ മുഖാമുഖം കണ്ട്, ഭീതിതമായ മഞ്ഞുമലയിലൂടെ യാത്ര ചെയ്ത് എവറസ്റ്റിന്റെ നെറുംതലയിൽ ഭാരതത്തിന്റെ ത്രിവർണ പതാക പാറിച്ചിരിക്കുകയാണ് നാസർ. ടെൻസിംഗിനെ പോലെ, ഹിലാരിയെ പോലെ ഒരു മെയ് മാസത്തിൽ നെടുങ്ങോട്ടുകാരൻ നാസറും എവറസ്റ്റിനെ കാൽക്കീഴിലാക്കി. എവറസ്റ്റിലേക്കുള്ള ദുർഘട യാത്രയെന്ന പോലെയാണ് അതിനുള്ള വർഷങ്ങൾ പിടിക്കുന്ന തയ്യാറെടുപ്പുകളും. എവറസ്റ്റ് യാത്രയിൽ ഓരോ സൂക്ഷ്മ ഘടകവും അനുകൂലമായി വരണമെന്നതുപോലെ തയ്യാറെടുപ്പിലും എല്ലാം ഒത്തിണങ്ങണം. അത്തരം വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഈ പ്രവാസി യുവാവ്.
ദി അയേൺ മാൻ
ഒരു കാലത്ത് ബി ജെ പിയുടെ തീപ്പൊരി നേതാവായ എൽ കെ അഡ്വാനിയെ കുറിച്ചാണ് പറയാൻപോകുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. പ്രതാപകാലത്ത് അഡ്വാനിയുടെ ചെല്ലപ്പേരായിരുന്നല്ലൊ അയേൺ മാൻ അഥവ ലോഹപുരുഷൻ എന്നത്. നാസർ ഇന്നും അയേൺ മാനാണ്. സാഹസികതയും അത്യന്തം കടുപ്പമേറിയതുമായ മത്സരങ്ങളിലൂടെ ലഭിക്കുന്ന പട്ടമാണിത്. വിദേശരാജ്യങ്ങളിലൊക്കെ വർഷാവർഷം ഈ മത്സരം നടക്കുന്നുണ്ട്. മലേഷ്യ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്താണ് അയേൺ മാൻ ബഹുമതി നാസർ നേടിയത്. കടലിലൂടെ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോ മീറ്റർ ദൂരം സൈക്കിൾ ചവിട്ടൽ, 42.2 കിലോ മീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂർത്തിയാക്കണം ലോഹ പുരുഷനാകാൻ. 2018ൽ മലേഷ്യയിൽ നടന്ന മത്സരത്തിൽ 14 മണിക്കൂറും 57 മിനിട്ടും എടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2017ൽ ഫ്രാൻസ് മാരത്തണിലും കൊളംബോയിൽ അയേൺ മാൻ മത്സരത്തിലും പങ്കെടുത്തു.
2015ലാണ് എവറസ്റ്റ് കീഴടക്കാൻ ആദ്യശ്രമം നടത്തുന്നത്. 2018ൽ എവറസ്റ്റിനടുത്തെത്തി. അന്ന് എവറസ്റ്റ് ബേസ് ക്യാമ്പും പിന്നിട്ട് 18,519 അടി ദൂരം താണ്ടി. അന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, അടുത്ത തവണ എവറസ്റ്റ് കീഴക്കുമെന്ന്. അങ്ങനെയാണ് 2019 ഏപ്രിൽ 17ന് എവറസ്റ്റിലേക്ക് യാത്ര തിരിച്ചത്. സ്‌പെയിൻ, ഇറ്റലി, യു എസ് എ, ആസ്‌ത്രേലിയ, യു കെ എന്നീ രാജ്യങ്ങളിൽ നിന്നായി 26 പേർ സംഘത്തിലുണ്ടായിരുന്നു. സംഘത്തിലെ മറ്റൊരു ഇന്ത്യക്കാരനായ രവി താക്കർ ദൗത്യത്തിനിടെ മരിച്ചു. അയർലൻഡുകാരനായ ലോലെസ്സിനെ കാണാതായി. സ്വന്തം മരണം മുഖാമുഖം കണ്ടു. മഞ്ഞുമലയിൽ ഒടുങ്ങുമെന്ന് കരുതിയ വിറങ്ങലിപ്പിക്കുന്ന നിമിഷങ്ങൾ. പക്ഷേ, ഒരു മാസത്തിനുള്ളിൽ 29,029 അടി ഉയരം താണ്ടി എവറസ്റ്റ് കീഴടക്കി.
ഇതുകേൾക്കുമ്പോൾ വിചാരിക്കും, എല്ലാം കൊണ്ടും സമ്പന്നമായ വീട്ടന്തരീക്ഷവും പാരമ്പര്യവുമാണ് നാസറിന്റെതെന്ന്. ഒരു കാലത്ത് സമ്പന്നർക്ക് പറഞ്ഞതായിരുന്നല്ലൊ നാടുചുറ്റലും സാഹസികതകൾ ചെയ്യലമൊക്കെ. കുടുംബം പോറ്റാൻ പരക്കം പായുന്ന സാധാരണക്കാരന് എന്ത് ലോകം ചുറ്റൽ! സാധാരണക്കാരിൽ സാധാരണക്കാരനായ പിതാവും മാതാവും കൂട്ടുകുടുംബവുമാണ് നാസറിന്റെത്. ചെറുപ്പത്തിൽ ഇല്ലായ്മയുടെയും വല്ലായ്മയുടെയും എല്ലാ അരിഷ്ടതകളും അനുഭവിച്ചു. പക്ഷേ പഠിത്തത്തിൽ മിടുക്കനായിരുന്നു. വിദ്യാഭ്യാസത്തിലൂടെയേ അതിജീവനം സാധ്യമാകൂ എന്ന പിതാവിന്റെയും അധ്യാപകരുടെയും ഉപദേശം ശിരസ്സാവഹിച്ചു. നാടായ നെടുങ്ങോട്ടൂരിലും നരിപ്പറമ്പിലും അഴീക്കോട് യത്തീംഖാനയിലും പെരുമ്പാവൂരിലും കൊപ്പം ഹൈസ്‌കൂളിലുമായാണ് നാല് മുതൽ 10 വരെ പഠിച്ചത്. വളാഞ്ചേരി എം ഇ എസിലായിരുന്നു പ്രീ ഡിഗ്രി. പഠിക്കുന്ന കാലത്ത് തന്നെ സ്‌പോർട്‌സിലും മറ്റും താത്പര്യമുണ്ടായിരുന്നു. അന്ന് പഠനത്തോടൊപ്പം കുംഗ്ഫു, നീന്തൽ, യാത്രകൾ എന്നിവ ഇഷ്ടമായിരുന്നു. പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ നിന്ന് ആറാം റാങ്കോടെ ബി കോം പാസ്സായി. ബി കോമിന് പഠിക്കുമ്പോൾ കുംഗ്ഫു ഇൻസ്ട്രക്ടറായി ജോലി ചെയ്തിട്ടുണ്ട്. പഠനത്തിന് പണം കണ്ടെത്താൻ ഇത് സഹായിച്ചു. ഹോബികളൊന്നും വെറുതെയായില്ല എന്ന് സാരം. പിന്നീട് തൃശൂർ, മദ്രാസ് എന്നിവിടങ്ങളിൽ പഠിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് (സി എ) പാസ്സായി. പഠനത്തിന് പല സന്നദ്ധ, യുവജന സംഘടനകളും സഹായിച്ചിട്ടുണ്ട്. സ്‌കോളർഷിപ്പിന്റെ സഹായത്തോടെയാണ് സി എ പൂർത്തിയാക്കിയത്. ഇങ്ങനെ പലരും സഹായിച്ചതിന് പ്രത്യുപകാരമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആ കടപ്പാട് ജീവിതശ്വാസം നിൽക്കുന്നത് വരെയുണ്ടാകും. ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ഭോപ്പാലിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി നേടി. ഏറെ വൈകാതെ, ഖത്വർ പെട്രോളിയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ലഭിച്ചു.
പെരുമ്പാവൂർ യത്തീംഖാനയിൽ ഏഴാം ക്ലാസ് പഠനത്തിന് ശേഷം പഠന കാര്യത്തിലും മറ്റും സ്വയം തീരുമാനമെടുക്കാൻ തുടങ്ങി. അന്നൊക്കെ ഉപ്പയും സഹോദരങ്ങളും ഒപ്പം നിന്ന് പിന്തുണ നൽകി. ഏത് കോഴ്‌സ് എടുക്കണമെന്നും എങ്ങനെ മുന്നേറണമെന്നുമൊക്കെ തീരുമാനിച്ചത് മുതിർന്നവരെയും അറിവുള്ളവരെയും പരിചയപ്പെട്ട ശേഷമാണ്.
സാഹസികനിലെ
എഴുത്തുകാരൻ
സ്വന്തം ഗ്രാമത്തെയും പിന്നിട്ട വഴികളെയും കുറിച്ച് വിവരിക്കുന്ന “ദി റോഡ് ലെസ്സ് ട്രാവൽഡ്” എന്നതാണ് ആദ്യ പുസ്തകം. ഇത് വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് എഴുതിയത്. മറ്റൊരു പുസ്തകവും പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഹിമാലയ യാത്രയെ കുറിച്ച പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഇത് ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കും. അന്താരാഷ്ട്ര തലത്തിൽ മോട്ടിവേഷണൽ സ്പീക്കർ, ട്രെയിനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഇപ്പോഴത്തെ വിദ്യാർഥികളോട് നാസർ പറയുന്നത് ഇതാണ്: പലതും പഠിക്കണം, അതിലൂടെ സ്വന്തം കഴിവ് വികസിപ്പിക്കണം. പറ്റിയാൽ യാത്രകൾ ചെയ്യണം. സ്‌കൂളിൽ ക്ലാസ് ലീഡറും മറ്റുമായി നേതൃപാടവം ഉണ്ടാക്കണം. എൻ സി സി, എൻ എസ് എസ് എന്നിവയിലൊക്കെ മികവ് കാണിക്കണം. ഇങ്ങനെ പല കഴിവുകളും സ്വായത്തമാക്കുന്നത് ജീവിതത്തിൽ വിജയം വരിക്കാൻ ഉപകരിക്കും.
ചെറുപ്പത്തിൽ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പല പ്രതിസന്ധികളെയും മറികടന്നിട്ടുണ്ട്. ചില കടുത്ത അനുഭവങ്ങളുമുണ്ടായി. പക്ഷെ അവയൊക്കെ ജീവിതത്തിന്റെ ഗതികോർജത്തിനുള്ള ഇന്ധനമായി സംഭരിച്ച് വെക്കുകയായിരുന്നു. 16 മുതൽ 24 വയസ്സ് വരെയുള്ളവരോട് പറയാനുള്ളത് ഇതാണ്: സാമ്പത്തിക പഠന പ്രതിസന്ധികളുമൊക്കെ ജീവിതത്തിലുണ്ടാകാം. അതിനെയൊക്കെ മറികടക്കണം. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ ജോലിസംമ്പന്ധമായും സാമ്പത്തികമായും രക്ഷ നേടാനാവൂ. എന്നാലേ ജീവിതം മാറ്റിയെഴുതാനാവൂ.
എവറസ്റ്റ് കീഴടക്കാൻ…
എവറസ്റ്റ് കയറാൻ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് തുടങ്ങേണ്ടത്? ചെലവെത്ര? ഒരുപാട് പേർ ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ഇങ്ങനെ നിരവധി അന്വേഷണങ്ങൾ നടത്തുന്നു. പലർക്കും എവറസ്റ്റ് കീഴടക്കൽ ഒരു സ്വപ്‌നമാണ്. അവർക്കായി ചില കാര്യങ്ങൾ:
കായിക ബലം ഉറപ്പാക്കേണ്ടതുണ്ട്. ദിവസവും രാവിലെ ദീർഘ ദൂരം ഓടുന്നത് പതിവാക്കണം. ശരീരബലം ഉറപ്പാക്കുന്നതിനായി ജിമ്മിൽ പോകുക, അല്ലെങ്കിൽ ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ ചെയ്യുക. മാനസിക പ്രയാസങ്ങളും പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നേരിടാനുള്ള ശക്തിയുണ്ടാക്കിയെടുക്കുക.
ചെറിയ ഉയരങ്ങളിലേക്കുള്ള ട്രക്കിംഗ് ട്രിപ്പുകൾ ശീലമാക്കുക. ഇതോടെ നമ്മുടെ ശരീരത്തിന്റെ പ്രതികരണം, ഉയർന്ന അന്തരീക്ഷവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് മനസ്സിലാക്കുക. ഈ വലിയ കടമ്പ കടന്നാൽ പതുക്കെ ഉയർന്ന നിലയിലേക്ക് കടക്കുക. നമ്മുടെ ശരീരം പൊരുത്തപ്പെടുന്നത് അനുസരിച്ച് ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുക. ബേസിക് മൗണ്ടനിംഗ് കോഴ്‌സ്, അഡ്വാൻസ്ഡ് മൗണ്ടനിംഗ് എന്നിവ ഉപയോഗപ്പെടുത്താം. ഇതിനുള്ള ചെലവ് നാം തിരഞ്ഞെടുക്കുന്ന ഏജൻസികളെ അനുസരിച്ചായിരിക്കും. 40,000 മുതൽ 1,00,000 ഡോളർ വരെയാകും ചെലവ്.
.