Education
പുതിയ അധ്യയന വർഷം; പുതിയ ടൈംടേബിൾ
പുതിയ അധ്യയന വർഷം ആരംഭിച്ചല്ലോ. പല സുപ്രധാന തീരുമാനങ്ങളും എടുക്കേണ്ട സമയമാണിത്. വ്യക്തമായ പ്ലാനിംഗിലൂടെ മുന്നോട്ടുപോയാൽ മാത്രമേ നാം വിചാരിച്ച ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ. ഈ ഒരു വർഷം നമ്മുടെ പഠനം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കണമെങ്കിൽ ഏറ്റവും അത്യാവശ്യം ഒരു ടൈംടേബിൾ ആണ്. നല്ലൊരു ടൈംടേബിൾ ഉണ്ടാക്കാനുള്ള ചില പ്രായോഗിക നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
ടൈംടേബിൾ ഓരോ വ്യക്തിയുടെയും പഠന സമയത്തിനും ശീലങ്ങൾക്കും അനുസൃതമായിരിക്കണം. ഉദാഹരണത്തിന് രാത്രി ഉറക്കമിളച്ചു പഠിക്കാൻ താത്പര്യമുള്ളവർക്ക് ആ രീതിയിലായിരിക്കണം ടൈംടേബിൾ. പുലർച്ചെ എഴുന്നേറ്റ് പഠിക്കാൻ താത്പര്യമുള്ളവർ ആ രീതിയിൽ ടൈംടേബിൾ തയ്യാറാക്കുന്നതാവും ഉചിതം. ഈ സമയത്ത് പഠിച്ചാലേ ശരിയാകൂ എന്ന നിർബന്ധ ബുദ്ധി പാടില്ല.
പ്രായോഗികത കണക്കാക്കിയാവണം ടൈംടേബിൾ രൂപപ്പെടുത്തേണ്ടത്. ഉദാഹരണത്തിന് രാവിലെ അഞ്ച് മുതൽ ആറ് വരെ കണക്ക്, ആറ് മുതൽ ഏഴ് വരെ സയൻസ്, എട്ട് മുതൽ 8.30 വരെ ട്യൂഷൻ എന്നിങ്ങനെയുള്ള ടൈംടേബിൾ ഉണ്ടാക്കാൻ എല്ലാവർക്കും കഴിയും. ഇതിനിടയിൽ പല്ല് തേപ്പ്, കുളി, ടോയ്‌ലറ്റ്, ബ്രേക്ക്ഫാസ്റ്റ് മുതലായവക്ക് എവിടെയാണ് സമയം എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും നടക്കാത്ത ടൈംടേബിൾ ഉണ്ടാക്കിയിട്ട് പ്രയോജനമില്ല.
.ടൈംടേബിളിൽ ദൈനംദിന കാര്യങ്ങൾക്ക് പുറമെ വിശ്രമിക്കാനും ടി വി കാണാനും പത്രം/ മാസിക/ പുസ്തകം വായിക്കാനും കളിക്കാനും എല്ലാവരുടെയും കൂടെ ഒന്നിച്ചിരുന്ന് സംസാരിക്കാനും സമയം ഉൾക്കൊള്ളിക്കണം.
.ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം ഉൾപ്പെടുത്തി വേണം ടൈംടേബിൾ തയ്യാറാക്കേണ്ടത്. മാത്രമല്ല നിശ്ചിത സമയത്തിനുള്ളിൽ ഒരു വിഷയം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അൽപ്പ സമയം കൂടി ആ വിഷയം പഠിച്ചു കഴിയാൻ എടുക്കണം. സാഹചര്യങ്ങൾ അനുസരിച്ച് ടൈംടേബിളിൽ ചെറിയ ചെറിയ വിട്ടുവീഴ്ചകളാക്കാം. ഉദാഹരണത്തിന് ഒരു കവിതയോ കണക്കോ നിശ്ചിത സമയത്തിനുള്ളിൽ പഠിച്ചുപൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ വെച്ച് നിർത്തേണ്ടതില്ല, കുറച്ചുകൂടി സമയം എടുത്താലും പൂർത്തിയാക്കുക.
.ചിത്രങ്ങളും നിറങ്ങളും ഉപയോഗിച്ച് രസകരമായ ടൈംടേബിൾ ഉണ്ടാക്കി എപ്പോഴും കാണാവുന്ന വിധത്തിൽ പഠനമുറിയിൽ മേശപ്പുറത്ത് വെക്കുകയോ ചുമരിൽ തൂക്കിയിടുകയോ ചെയ്യുക.
.ടൈംടേബിളിൽ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളും സമയക്രമത്തിന് പ്രത്യേക നിറവും ചെറുതായി വിട്ടുവീഴ്ച അനുവദിക്കാവുന്ന കാര്യങ്ങൾക്ക് മറ്റ് നിറങ്ങളും കൊടുക്കാം. ക്ലാസുള്ള ദിവസങ്ങൾക്കും അവധി ദിവസങ്ങൾക്കും പ്രത്യേകം ടൈംടേബിൾ തയ്യാറാക്കുക.
.ദിവസംതോറുമുള്ള ടൈംടേബിളിന് പുറമെ പ്രതിമാസ, പ്രതിവർഷ ടൈംടേബിൾ ഉണ്ടാക്കുന്നതും നന്നാകും.
.ടൈംടേബിൾ ഇടക്കിടക്ക് വിലയിരുത്തണം. ഓരോ മാസവും ടൈംടേബിളിൽ വ്യത്യാസം വരുത്തുന്നത് നന്നായിരിക്കും. സാഹചര്യങ്ങൾ അനുസരിച്ച് ടൈംടേബിളിൽ മാറ്റം വരുത്തേണ്ടതാണ്.
.ടൈംടേബിളിൽ ഓരോ ദിവസത്തിന്റെയും അവസാനം ഒരു കോളം കൂട്ടിക്കൊടുക്കുന്നത് നന്നാകും. അഥവാ ഒരു ദിവസം ടൈംടേബിൾ പ്രകാരം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം എന്തായിരുന്നു എന്ന് ആ കോളത്തിൽ എഴുതുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് പനി കാരണം രണ്ട് ദിവസം പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ കാരണം അവിടെ എഴുതിയാൽ കുറച്ച് കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിക്കും. തുടക്കത്തിൽ ടൈംടേബിൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും കുറച്ച് കഷ്ടപ്പെട്ട് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ടൈംടേബിൾ നിങ്ങളുടെ വഴിക്കുതന്നെ വരും.
ടൈംടേബിൾ കൊണ്ടുള്ള
നേട്ടങ്ങൾ
1. ലളിതവും പ്രായോഗികവുമായ ടൈംടേബിൾ നിങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും. അച്ചടക്കം പാലിക്കാൻ സഹായിക്കും.
2. ബുദ്ധിമുട്ടുള്ളതും എളുപ്പമല്ലാത്തതുമായ കാര്യങ്ങൾ വിഭജിച്ച് അനുസൃതമായ സമയത്തിനുള്ളിൽ ചെയ്യാൻ സഹായിക്കും. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ മാറ്റിവെക്കാൻ അനുവദിക്കുകയില്ല.
3. എല്ലാ കാര്യങ്ങളും നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്യാൻ കഴിയുന്നത് ആത്മവിശ്വാസം വർധിക്കാൻ സഹായിക്കും.
4. കാര്യങ്ങൾ വിഭജിച്ച് ചെയ്യുന്നത് മൂലം അമിതഭാരം അനുഭവപ്പെടുകയില്ല.
5. ടൈംടേബിൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നുണ്ടോ എന്ന വിലയിരുത്തൽ ലക്ഷ്യം അടുത്തുവരുന്നെന്ന തോന്നലുണ്ടാക്കുന്നു. അതിനനുസരിച്ച് സന്തോഷവും ഉന്മേഷവും പ്രദാനം ചെയ്യുന്നു.
(പ്രഫസർ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡിക്കൽ കോളജ്,
കോഴിക്കോട്)
.