Connect with us

Palakkad

അപകടം കണ്ടാൽ എന്ത് ചെയ്യണം?

Published

|

Last Updated

കൊച്ചി: പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്ത അപകടത്തിൽ സംസ്ഥാനം നടുങ്ങിയ നിമിഷം അപകടത്തെ എങ്ങനെ നേരിടണമെന്ന നിർദേശങ്ങളുമായി മുരളി തുമ്മാരുകുടി.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ അദ്ദേഹം ജനീവയിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി വിവരങ്ങൾ പങ്കുവെച്ചത്.

അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നുവെന്ന മുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഫയർഫോഴ്‌സ് എത്തിയതിന് ശേഷം രക്ഷാ വാഹനങ്ങൾ പോലും അപകടത്തിൽപ്പെട്ടവരുടെ അടുത്തെത്തിക്കാൻ പറ്റാത്ത തരത്തിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്.
പാലക്കാട് അപകടത്തിൽ വാഹനത്തിന് ചുറ്റും നിൽക്കുന്നവരും ലോറിയിൽ കയറി ഇരിക്കുന്നവരുമൊക്കെ അപകടത്തിൽ പെട്ടവർക്ക് ദ്രോഹം ചെയ്യുന്നവരാണെന്നും അങ്ങനെ ആകരുതെന്നും മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു. അപകടം കണ്ടാൽ എന്താണ് ചെയ്യേണ്ടതെന്ന നിർദേശങ്ങളാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ

1. അപകടം നടന്ന സ്ഥലത്ത് മറ്റാരും ഇല്ലെങ്കിൽ അപകടത്തിൽപ്പെട്ടവരുടെ അടുത്ത് എത്തുക. തുടർന്ന് ട്രാഫിക്കിന് മുന്നറിയിപ്പ് നൽകാൻ വേണ്ടി ഉള്ള നടപടികൾ ചെയ്യുക. പരുക്കേറ്റ ആളെ സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് മാറ്റാൻ പറ്റുമെങ്കിൽ അത് ചെയ്യുക (പരുക്കേറ്റ ആൾക്ക് എഴുന്നേൽക്കാൻ വയ്യെങ്കിൽ നിർബന്ധിച്ച് എഴുന്നേൽപ്പിക്കുകയോ കൈകൊണ്ട് കോരി എടുക്കുകയോ ഒന്നും ചെയ്യരുത്). 2. ഉടൻ തന്നെ പോലീസിനെ, ഫയർഫോഴ്‌സിനെ അല്ലെങ്കിൽ ആശുപത്രി/ ആംബുലൻസ് ഇവയെ വിളിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലം, നമ്മുടെ നമ്പർ, എത്ര പേർ അപകടത്തിൽ ഉണ്ട് ഇതൊക്കെ കൃത്യമായി പറയണം.

3. അപകടത്തിൽ പെട്ടവർക്ക് ബോധം ഉണ്ടെങ്കിൽ അവരോട് സംസാരിക്കണം. അവരുടെ പേര്, ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ ഇതൊക്കെ ചോദിച്ചു മനസ്സിലാക്കണം.

4. അപകട സ്ഥലത്ത് ആള് കൂടിയാൽ പരുക്കേറ്റവരുടെ ചുറ്റും വെറുതെ കൂടി നിൽക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അപകടത്തിൽപ്പെട്ടവരുടെ എന്തെങ്കിലും വസ്തുക്കൾ അടിച്ചു മാറ്റുന്നത് ഇതൊക്കെ തടയാൻ ശ്രമിക്കണം.

5. അപകടത്തിൽപ്പെട്ടവരോട് വെള്ളം കുടിക്കാൻ പറയുക, എണീച്ചു നിൽക്കാൻ പറയുക, സ്വന്തം വണ്ടിയിലോ ആദ്യം വരുന്ന വണ്ടിയിലോ “ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക എന്നിങ്ങനെ പ്രത്യക്ഷത്തിൽ പരോപകാരം ചെയ്യുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കണം.

6. ഔദ്യോഗിക രക്ഷാ പ്രവർത്തകർ എത്തിയാൽ അവരോട് നമുക്കറിയാവുന്ന കാര്യങ്ങൾ പറയുക.

7. പരുക്കേറ്റവരുടെ കൂടെ ആശുപത്രിയിൽ പോകുന്നതും ബന്ധുക്കൾ വരുന്നത് വരെ കാര്യങ്ങൾ നോക്കുന്നതും എല്ലാം ശരിയായ കാര്യമാണ്. പക്ഷേനിർബന്ധം ഉള്ളതല്ല.

8. നമ്മുടെ രാജ്യത്ത് പരുക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാൻ സാധ്യത ഉള്ളതിനാൽ മറ്റാളുകൾ ഉണ്ടെങ്കിലും നമ്മൾ ഇടപെടുന്നതിൽ തെറ്റില്ല.

10. ഗുരുതരമായ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
കണ്ട അപകടത്തെ പറ്റി ഏറ്റവും അടുത്തവരോട് സംസാരിക്കണം. രാത്രി നമുക്ക് പേടി തോന്നുകയോ ദുഃസ്വപ്‌നം കാണുകയോ ഒക്കെ ചെയ്താൽ കൗൺസിലിംഗ് തേടണം. നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല.