Connect with us

Articles

പശ്ചിമ ബംഗാള്‍ കേരളത്തെ ഓര്‍മിപ്പിക്കുന്നത്‌

Published

|

Last Updated

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരവും അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്ത് വിവിധയിടങ്ങളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരവും രോഗിയുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ച എന്നതാണ് നേരിട്ടുള്ള വാര്‍ത്ത. പശ്ചിമ ബംഗാളിലെ ആരോഗ്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ വളര്‍ന്നുവരുന്ന അസംതൃപ്തിയെ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ ഈ സമരം കാരണമാകും. ഒരു വര്‍ഷം മുമ്പാണെങ്കില്‍ മമതാ ബാനര്‍ജിയുടെ ഒരു താക്കീതില്‍ അവസാനിക്കുമായിരുന്ന സമരം, ഈ രീതിയില്‍ തുടരുന്നതിന് സുരക്ഷയില്‍ ഡോക്ടര്‍മാര്‍ക്കുള്ള വലിയ ആശങ്ക മാത്രമല്ല കാരണം. സമരം കൊഴുക്കുമ്പോള്‍, അങ്ങ് ഡല്‍ഹിയില്‍ ബി ജെ പിയുടെ നേതൃയോഗം നടക്കുന്നുണ്ടായിരുന്നു. ബി ജെ പിക്ക് വേണ്ടത്ര വേരാഴ്ത്താന്‍ സാധിക്കാത്ത സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന തീരുമാനമാണ് ആ യോഗത്തിലുണ്ടായത്. ഏറ്റവും അടുത്ത ലക്ഷ്യങ്ങളായി ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷാ ചൂണ്ടിക്കാട്ടിയത് പശ്ചിമ ബംഗാളിനെയും കേരളത്തെയും.

ആ യോഗവും അതിലെ നിര്‍ദേശവുമായി പശ്ചിമ ബംഗാളിലെ സമരത്തിന് പ്രത്യക്ഷത്തില്‍ ബന്ധമില്ല. പക്ഷേ, ബംഗാളിനെ നേരത്തെ തന്നെ ലക്ഷ്യമിടുകയും അത് നേടുന്നതില്‍ പകുതിയോളം വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുകയും ചെയ്ത ബി ജെ പി, വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ നടത്തുന്ന ശ്രമം ഈ സമരത്തിന് സമാന്തരമായുണ്ട്. കൊല്‍ക്കത്തയിലെ നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചികിത്സയിലിരുന്ന രോഗി മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ച രോഗിയുടെ ബന്ധുക്കള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ആക്രമിച്ചു. ആരോഗ്യ സേവന രംഗത്ത് അത്രയൊന്നും മികച്ച റെക്കോര്‍ഡില്ലാത്ത ബംഗാളില്‍, ഇത്തരം സംഭവങ്ങള്‍ അത്ര അപൂര്‍വമല്ല. പ്രദേശത്തെ പോലീസിന് കൈകാര്യം ചെയ്യാവുന്ന പ്രശ്‌നം. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങിയാല്‍, ആരോഗ്യ മന്ത്രി ചര്‍ച്ചക്കു വിളിച്ച് ഉറപ്പുനല്‍കിയാല്‍ അവസാനിക്കേണ്ട ഒന്ന്.
അതങ്ങനെ അവസാനിക്കാതിരുന്നതിന് മുഖ്യ കാരണം, ഈ സംഭവത്തെ വര്‍ഗീയവത്കരിച്ചതാണ്. മരിച്ച രോഗി ന്യൂനപക്ഷ സമുദായാംഗമാണ്. രോഗിയുടെ ബന്ധുക്കളുടെ ആക്രമണത്തിന് ഇരയായ ഡോക്ടര്‍മാര്‍ ഭൂരിപക്ഷ സമുദായാംഗങ്ങളും. ആക്രമണത്തില്‍ വര്‍ഗീയത ആരോപിച്ചവര്‍, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ വിമുഖത കാട്ടുന്നത് വര്‍ഷങ്ങളായി പിന്തുടരുന്ന ന്യൂനപക്ഷ പ്രീണന നയം മൂലമാണെന്ന് പ്രചരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് ശേഷമുള്ള പശ്ചിമ ബംഗാളിലെ സാഹചര്യം ഈ ആരോപണവും പ്രചാരണവും കാറ്റുപിടിക്കാന്‍ പറ്റിയതാണ്. അതിനെ ഉപയോഗിക്കുകയാണ് ബി ജെ പിയും സംഘ്പരിവാരവും. അവിടെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിഞ്ഞോ അറിയാതെയോ ഉപകരണങ്ങളാകുന്നു.

അത് വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നതാണ് മമതാ ബാനര്‍ജിയുടെ പരാജയം. പ്രത്യേകിച്ചൊരു രാഷ്ട്രീയ ദര്‍ശനമില്ലാത്ത ആള്‍ക്കൂട്ടത്തെ, ഇടതു സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളിലും പ്രാദേശിക നേതാക്കളുടെ അധികാരപ്രമത്തതയിലും മനംമടുത്ത ജനം പിന്തുണച്ചതുകൊണ്ടു മാത്രം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നേതാവിന് സംഘ്പരിവാരത്തിന്റെ വര്‍ഗീയ നീക്കങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ആഘാതത്തെ വേഗത്തില്‍ തിരിച്ചറിയുക എളുപ്പമല്ല. തൃണമൂലെന്ന ആള്‍ക്കൂട്ടത്തിന്റെ തിണ്ണമിടുക്കിലും തന്റെ ആജ്ഞാ ശക്തിയിലും ഇപ്പോഴും വിശ്വസിക്കുന്ന അവര്‍, സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി പെട്ടെന്നൊരു ചര്‍ച്ചക്ക് സന്നദ്ധയാകാതിരുന്നത് അതുകൊണ്ടാണ്. സമരം ശക്തിപ്പെട്ടതിന് ശേഷവും ഡോക്ടര്‍മാരെ തന്റെ കല്‍പ്പനക്ക് വിധേയരാക്കാന്‍ ശ്രമിച്ചതും അതിനാലാണ്. സമരം പിന്‍വലിച്ച് നാല് മണിക്കൂറിനകം ജോലിക്കെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് നല്‍കി അവര്‍. അതിനെ പുച്ഛിച്ചു തള്ളാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്, അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ തൃണമൂലിനെ നേരിടുന്ന സംഘ്പരിവാരം തങ്ങളുടെ രക്ഷക്കുണ്ടെന്ന ബോധ്യം അവരില്‍ ഉറച്ചതു കൊണ്ടാണ്. ഡോക്ടര്‍മാരെ മാത്രമല്ല, അവരുടെ സമരം മൂലം ദുരിതത്തിലായ ജനത്തെക്കൂടി സര്‍ക്കാറിനെതിരാക്കാന്‍ ബി ജെ പിക്ക് അവസരം തുറന്നുനല്‍കി മമത. ഒപ്പം വര്‍ഗീയ പ്രചാരണം ശക്തമാക്കാനുള്ള ഉപാധിയും. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതെ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന നയം തുടരുകയാണ് മമത ചെയ്തതെന്ന് ആരോപിച്ച സംഘ്പരിവാരത്തിന് ശക്തമായ സമരത്തിലൂടെ സര്‍ക്കാറിനെ തോല്‍പ്പിച്ചുവെന്ന് അവകാശപ്പെടാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന്റെ കരുത്തില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കി ആധിപത്യം സ്ഥാപിക്കാന്‍ ബി ജെ പിയും സംഘ്പരിവാരവും വലിയ ശ്രമം നടത്തുന്നുണ്ട്. അതിനെ ചെറുക്കാന്‍ ശ്രമമുണ്ടാകുന്നിടത്തൊക്കെ സംഘര്‍ഷങ്ങളുണ്ടാകുകയും തൃണമൂലിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ സംഘര്‍ഷങ്ങളുടെ നടുവിലാണ് ഒരു രോഗിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ യാദൃച്ഛിക സംഭവത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമുണ്ടായത്. സംസ്ഥാനത്ത് അരങ്ങേറുന്ന സംഘര്‍ഷങ്ങളെയും വര്‍ഗീയവത്കരണ ശ്രമങ്ങളെയും ചെറുക്കേണ്ട ഉത്തരവാദിത്തം മമതാ ബാനര്‍ജി സര്‍ക്കാറിനും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും മാത്രമുള്ളതല്ല. ബംഗാളില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന, ആ സമൂഹം വര്‍ഗീയവത്കരിക്കപ്പെടുന്നത് തടയണമെന്ന് നിശ്ചയമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേതുമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ കാഴ്ചക്കാരായി നില്‍ക്കുകയോ സംഘ്പരിവാര്‍ അക്രമികളുടെ മറപിടിച്ച്, രാഷ്ട്രീയ സ്വാധീനം കുറച്ചെങ്കിലും തിരിച്ചെടുക്കാന്‍ ശ്രമിക്കുകയോ ആണ് സി പി ഐ (എം) യും ഇടതു പാര്‍ട്ടികളും. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുക എന്നത് രാഷ്ട്രീയ ദര്‍ശനത്തിന്റെ ഭാഗമാക്കിയ പാര്‍ട്ടികളാണ് ഇവ്വിധം പെരുമാറുന്നത്. അതിനവര്‍ക്കുള്ള ന്യായം തീര്‍ത്തും പരിഹാസ്യവും.
മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാത്ത ഒന്നാണെന്ന് ഇടതു ബുദ്ധിജീവികള്‍ ശരിയായി വിലയിരുത്തുന്നു. അവരുമായി പ്രത്യയശാസ്ത്രത്തെ അധികരിച്ചുള്ള രാഷ്ട്രീയ മത്സരം സാധ്യമല്ലെന്നും. അതുകൊണ്ടു തന്നെ ബി ജെ പിയും സംഘ്പരിവാരവും അവരെ അധികാരത്തില്‍ നിന്നും സമൂഹത്തില്‍ ആ പാര്‍ട്ടിക്കുള്ള സ്വാധീനത്തില്‍ നിന്നും പുറംതള്ളുന്നതിന് അക്രമത്തെ മാര്‍ഗമാക്കുന്നതില്‍ ഇടത് ബുദ്ധിജീവികള്‍ക്ക് മനഃക്ലേശമില്ല. തൃണമൂലിനെ പുറത്താക്കി സംഘ്പരിവാരവും ബി ജെ പിയും സ്വാധീനമുറപ്പിച്ചാല്‍ പിന്നെ അവരെ നേരിടാമെന്നാണ് കണക്കുകൂട്ടല്‍. ബി ജെ പിക്കും സംഘ്പരിവാരത്തിനും പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ബദലാകാന്‍ പിന്നെ സി പി ഐ (എം) യും ഇടതുപക്ഷവും മാത്രമേയുള്ളൂവെന്നാണ് വിശദീകരണം. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ വിട്ടുകൊടുത്തതിന് ശേഷം, പ്രത്യയശാസ്ത്ര ബദലായി “അമര സുവര്‍ണ ബംഗാളി”നെ തിരിച്ചുപിടിക്കുക എന്നതാണ് സ്വപ്‌നം. ഇന്ന് തൃണമൂലുകാരെ തല്ലിയോടിക്കുന്നവര്‍ക്ക്, ഇതിനകം ദുര്‍ബലമായ ഇടതുപക്ഷത്തെ തല്ലിയോടിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന ലളിത യുക്തി പോലും ഇവര്‍ക്കുണ്ടാകുന്നില്ല. വര്‍ഗീയവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ, മതനിരപേക്ഷ നിലപാടിലേക്ക് തിരികെ എത്തിക്കുക എന്നത് എത്രത്തോളം ദുഷ്‌കരമായ സംഗതിയാണെന്ന്, രാജ്യം ബോധ്യപ്പെടുത്തുമ്പോഴും ഇവര്‍ക്ക് മനസ്സിലാകുന്നതേയില്ല.

നേരത്തെ തന്നെ ലക്ഷ്യമിട്ട ബംഗാളിനൊപ്പം കേരളത്തെക്കൂടി (ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിറകെ പട്ടികയില്‍ വരും) പട്ടികയില്‍ ചേര്‍ക്കാന്‍ അമിത് ഷാ തയ്യാറാകുന്നത് ഏത് സംഗതിയെയും വര്‍ഗീയവത്കരിച്ച് മുതലെടുക്കാന്‍ തങ്ങള്‍ക്കാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിന്റെ പ്രകടനമാണ് നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ വര്‍ഗീയവത്കരിക്കുമ്പോള്‍ തെളിയുന്നത്. ഇത്തരം സംഘ്പരിവാര്‍ പദ്ധതികളെ ഏത് വിധത്തില്‍ പ്രതിരോധിക്കണമെന്നതില്‍ പ്രത്യയശാസ്ത്ര ബന്ധിതമായ പാര്‍ട്ടികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു ധാരണയുമില്ലെന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. അത് കൂടിയാണ് ബംഗാള്‍ പറഞ്ഞുതരുന്നത്.
ഇത്തരം തന്ത്രങ്ങളുടെ ആവര്‍ത്തനം കേരളത്തിലും പ്രതീക്ഷിക്കാം. ശബരിമലയെ സുവര്‍ണാവസരമാക്കാന്‍ ശ്രമിച്ചവര്‍ക്ക് തത്കാലം അതിന്റെ ഫലം കൊയ്യാന്‍ സാധിച്ചില്ല എന്നേയുള്ളൂ. അതിന് പാകത്തില്‍, ജനവിശ്വാസം ആര്‍ജിക്കാവുന്ന ഒരു നേതാവ് അവര്‍ക്ക് കേരളത്തില്‍ ഇല്ലാതെ പോയത് കൂടിയാണ് കാരണം. വിശ്വാസികള്‍ തുണച്ചത് വലിയ വിജയത്തിന് മുഖ്യ കാരണമായി വിലയിരുത്തി ആചാര സംരക്ഷണത്തിന് പ്രതിജ്ഞാ ബദ്ധരാകുന്ന യു ഡി എഫും വിശ്വാസികളുടെ വിശ്വാസം തിരികെപ്പിടിക്കാന്‍ അക്ഷീണം യത്‌നിക്കുമെന്ന് പ്രഖ്യാപിക്കുന്ന എല്‍ ഡി എഫും സുവര്‍ണാവസരത്തിന്റെ ആയുസ്സ് സംഘ്പരിവാരത്തിന് വേണ്ടി നീട്ടിക്കൊടുക്കുകയാണ്. ഇവിടെയും സംഘ്പരിവാര്‍ അജന്‍ഡയെ ഏത് വിധത്തില്‍ പ്രതിരോധിക്കണമെന്ന ആശയക്കുഴപ്പം പ്രകടമാണ്. സ്വന്തം നിലപാടുകള്‍ ബോധ്യപ്പെടുത്തി രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാനുള്ള ജന ബന്ധം ഇരു മുന്നണികളിലെയും പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. വീണു കിട്ടിയ വിശ്വാസികളുടെ പിന്തുണ ഉറപ്പിച്ചു നിര്‍ത്താന്‍ യു ഡി എഫും കൈവിട്ട വിശ്വാസികളെ തിരിച്ചെത്തിക്കാന്‍ എല്‍ ഡി എഫും ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇതിനിടയില്‍ എളുപ്പത്തില്‍ ചെലവാക്കാകുന്ന ഒന്നാണ് വര്‍ഗീയത. അതിനവര്‍ക്ക് കേന്ദ്രാധികാരത്തിന്റെ തുണയുണ്ടാകും.
പശ്ചിമ ബംഗാള്‍ പുതിയ പാഠമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പുമായി മമതാ ബാനര്‍ജി നടത്തിയ എടുത്തുചാട്ടങ്ങളും.

ആര്‍ വിജയലക്ഷ്മി

Latest