Articles
"ജയ് ശ്രീറാം' ഒരു കെണിയായിരുന്നു
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്”
കേന്ദ്ര സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ധരിച്ച ശ്രീനാരായണ ഗുരുവിന്റെ ശ്ലോകമാണിത്. പതിനേഴാം ലോക്‌സഭയുടെ പ്രവര്‍ത്തന രീതിയുടെ മാനകമായാണ് അദ്ദേഹം ഈ ശ്ലോകം ഉദ്ധരിച്ചത്; അതിന് പിന്നില്‍ മറ്റൊരു പ്രീണന രാഷ്ട്രീയം ദോഷൈകദൃക്കുകള്‍ക്ക് കണ്ടെത്താമെങ്കിലും. പ്രീണന/ഡസ്‌കിലടി ലക്ഷ്യങ്ങള്‍ക്കപ്പുറം ശ്ലോകത്തിന്റെ സാരാംശത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന സന്ദേശമാണ് ലോക്‌സഭ മുന്നോട്ടു വെക്കുന്നതെന്ന് വിശ്വസിക്കാനാണ് സാധാരണ ജനങ്ങള്‍ക്കിഷ്ടം. പ്രത്യേകിച്ച്, അതിന് രണ്ട് ദിവസം മുമ്പ് പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സാക്ഷ്യം വഹിച്ച പ്രകോപന ആക്രോശങ്ങളുടെ പശ്ചാത്തലത്തില്‍. ജനാധിപത്യത്തിന്റെ വിശുദ്ധയിടമെന്ന് പ്രഘോഷിക്കപ്പെടുന്ന പാര്‍ലിമെന്റ് മത മുദ്രാവാക്യങ്ങളുടെ വേദിയാക്കി ചിലര്‍ തരം താഴ്ത്തിയതായിരുന്നു അത്. പുതിയ പാര്‍ലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും വിജയലഹരിയുടെയും ഹാംഗ്ഓവര്‍ വിട്ടുമാറാത്തവര്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി, അതും മതത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ വിളിച്ചത്.
മതനിരപേക്ഷത അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യപരമാധികാര സ്ഥാപനത്തില്‍ ഇതാദ്യമായല്ല ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതെങ്കിലും ഇപ്രാവശ്യം അതിനൊരു അധികാര സ്വഭാവമുണ്ടായിരുന്നു. പതിനാറാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയ് ശ്രീറാം മുഴങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണയുണ്ടായി; ഉത്തര്‍ പ്രദേശിലെ ബി ജെ പി വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലേക്ക് വന്നപ്പോഴും സെന്‍ട്രല്‍ ഹാളില്‍ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധികാരമേറ്റപ്പോഴും. മുമ്പ് ഒറ്റപ്പെട്ട മൂലയില്‍ നിന്ന് അറച്ചറച്ചാണ് ഈ മുദ്രാവാക്യങ്ങള്‍ പുറത്തേക്ക് വന്നതെങ്കില്‍ ഇപ്രാവശ്യം സംഘടിതമായി ആസൂത്രിതമായാണ് പ്രകോപന മുദ്രാവാക്യത്തിന് തുടക്കമിട്ടത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി ജെ പി അംഗങ്ങളായ ബാബുല്‍ സുപ്രിയോയും ദേബശ്രീ ചൗധരിയും സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് ജയ് ശ്രീറാം എന്ന മതാധിഷ്ഠിത മുദ്രാവാക്യം ആദ്യം മുഴങ്ങുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബി ജെ പിയും തമ്മിലുള്ള പോരിന്റെ തീവ്രതയാണ് ഇതില്‍ നിഴലിച്ചത്. തൃണമൂല്‍ അംഗങ്ങള്‍ ജയ്ഹിന്ദ്, ജയ് ബംഗാള്‍, ജയ് മാ ദുര്‍ഗ, ജയ് മമത തുടങ്ങിയവ വിളിച്ചാണ് ഇതിനെ നേരിട്ടത്. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പോഴും ജയ് ശ്രീറാം മുഴങ്ങി. സോണിയാ ഗാന്ധിയുടെ സത്യപ്രതിജ്ഞാ വേളയിലും ഈ മുദ്രാവാക്യം ഉയര്‍ന്നു.
ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോഴാണ് മുദ്രാവാക്യങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലായത്. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികള്‍ക്കിടയിലാണ് അദ്ദേഹം മൈക്കിനരികിലേക്ക് നടന്നെത്തിയതും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതും. ആക്രോശങ്ങള്‍ക്ക് മറുപടിയായി സത്യപ്രതിജ്ഞയുടെ അവസാനം ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞു. ഇതില്‍ ദളിത്- മുസ്‌ലിം ഐക്യത്തെ കാണിക്കുന്നതാണ് ജയ് ഭീം, ജയ് മീം എന്നത്. പാര്‍ലിമെന്റ് പോലെയുള്ള മതനിരപേക്ഷ സ്ഥാപനത്തില്‍ തക്ബീര്‍ മുഴക്കിയതിന്റെ ശരികേടും കാരണവും വഴിയെ പറയാം. തൃണമൂല്‍ അംഗമായ കല്യാണ്‍ ബാനര്‍ജി സത്യപ്രതിജ്ഞയുടെ അവസാനം ദുര്‍ഗാ പാത ആലപിച്ചപ്പോള്‍ സഹപ്രവര്‍ത്തകന്‍ അബൂ താഹിര്‍ ഖാന്‍ ബിസ്മിയില്‍ സത്യപ്രതിജ്ഞ ആരംഭിച്ച് അല്ലാഹു അക്ബറില്‍ അവസാനിപ്പിച്ചു. സംബാലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി അംഗം ശഫീഖുര്‍റഹ്മാന്‍ ബര്‍ഖ്, വന്ദേമാതരം ആലപിക്കാന്‍ വിസമ്മതിച്ചു. ഇസ്‌ലാമിന് എതിരാണെന്നും അതിനാല്‍ ആലപിക്കാന്‍ സാധിക്കില്ലെന്നും പറയുകയായിരുന്നു. ഹേമ മാലിനിയാണ് രാധേ രാധേ കൃഷ്ണം വന്ദേ, ജഗദ്ഗുരു ആലപിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുള്ളപ്പോള്‍ മതാധിഷ്ഠിത മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതില്‍ എന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വ രാജ്യമാണെന്ന് പറയുന്നതു കൊണ്ടാണ് ദൈവനാമ സത്യപ്രതിജ്ഞക്കുള്ള ഈ സ്വാതന്ത്ര്യം. എന്നാല്‍, അത് അനവസരത്തില്‍ പ്രയോഗിച്ച് ദുരുപയോഗം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളിലൊന്നും മതചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമുണ്ടാകാന്‍ പാടില്ല (ഇതിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും). അത് ഭരണഘടന മതത്തിന് എതിരായത് കൊണ്ടല്ല, മറിച്ച് ഒരു മതത്തോടും പ്രത്യേകിച്ച് മമതയുണ്ടാകരുത് എന്ന ഭരണഘടനാ ശില്‍പ്പികളുടെ തീരുമാന പ്രകാരമാണ്. ഇന്ത്യയുടെ മത- ദേശ- ഭാഷാ- സംസ്‌കാര വൈജാത്യമാണ് ഇതിന് ആധാരം.
പാര്‍ലിമെന്റിലെ പ്രവണത ചില നിയമസഭകളും ഏറ്റുപിടിച്ചിട്ടുണ്ട്. തൃണമൂല്‍- ബി ജെ പി പോര് എല്ലാ തലങ്ങളിലും ശക്തമായ പശ്ചിമ ബംഗാള്‍ നിയമസഭയിലാണ് കഴിഞ്ഞ തവണ ജയ് ശ്രീ റാം മുഴങ്ങിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ലിമെന്റില്‍ മുഴക്കിയതിന്റെ ചുവടുപിടിച്ച് ഹബീബ്പൂരില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോയല്‍ മുര്‍മു ആണ് സത്യപ്രതിജ്ഞയുടെ അവസാനം ജയ് ശ്രീറാം മുഴക്കിയത്. നിയമസഭാ രേഖകളില്‍ നിന്ന് ഇത് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ഒഴിവാക്കിയിട്ടുണ്ട്. മതാധിഷ്ഠിത മുദ്രാവാക്യങ്ങള്‍ പാര്‍ലിമെന്റില്‍ പാടില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞിട്ടുണ്ട്. അതിന് ശേഷവും മുഴങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ അദ്ദേഹം, പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതും നടുത്തളത്തിലിറങ്ങുന്നതും ഇതിനോട് ചേര്‍ത്തിട്ടുണ്ട്. സഭയുടെ സുഗമമായ മുന്നോട്ടു പോക്കിന് സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെയേ പറയാനൊക്കൂ. ഉവൈസി തക്ബീര്‍ മുഴക്കിയതുകൊണ്ടാണ് ഇങ്ങനെയുണ്ടായത് എന്ന വ്യാജ പ്രചാരണവുമുണ്ട്. ചില വാര്‍ത്തകളുടെ ശീര്‍ഷകം കണ്ടാല്‍ (മലയാള മാധ്യമങ്ങള്‍ അടക്കം) അങ്ങനെയാണ് തോന്നുക. ആദ്യം മുഴങ്ങിയത് ജയ് ശ്രീറാം ആയിരുന്നു എന്നതില്‍ സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ കണ്ട ആര്‍ക്കും സംശയമുണ്ടാകില്ല. അതേസമയം, ഉവൈസിക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. പ്രകോപനത്തെ പ്രകോപനം കൊണ്ടല്ല നേരിടേണ്ടത് എന്ന പൊതു പ്രവര്‍ത്തകര്‍ അനുഷ്ഠിക്കേണ്ട പ്രാഥമിക പാഠം അദ്ദേഹം ആ സമയം മറന്നുപോയി. അല്ലെങ്കില്‍ തത്കാല കൈയടിക്ക് അതിനെ ബലികഴിച്ചു. സത്യമാണ്, ഇന്ത്യ പഴയ ഇന്ത്യയല്ല. പല മൂല്യങ്ങളും ഇപ്പോള്‍ നാമമാത്രമാണ്. പക്ഷേ ജനാധിപത്യ വഴിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് നമ്മുടെത്. ന്യൂനപക്ഷങ്ങളെയടക്കം സംരക്ഷിക്കുമെന്ന വാക്ക് ഭരണാധികാരികള്‍ നമുക്ക് തന്നതുമാണ്. ഇത്തരം സവിശേഷ സാഹചര്യങ്ങളില്‍ പ്രകോപനത്തിന് തലവെച്ചുകൊടുക്കാതിരിക്കല്‍ ഭയമായി വിവേകമുള്ള ആരും പരാവര്‍ത്തനം ചെയ്യില്ല; മറിച്ച് പക്വതയായി/ സാഹചര്യത്തിന്റെ ആവശ്യമായി കണക്കാക്കുകയേയുള്ളൂ. അതേസമയം, ജയ് ശ്രീറാമിന് ബദലായി തക്ബീര്‍ മുഴക്കിയതോടെ കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചവര്‍ തങ്ങളുടെ ലക്ഷ്യം കണ്ടു. ആ ശബ്ദങ്ങള്‍ക്ക് വിജയമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതിപക്ഷത്തിന്റെ അജന്‍ഡ ബി ജെ പി തീരുമാനിച്ചതു പോലെയുള്ള പ്രതിപ്രവര്‍ത്തനമാണ് ഇതിലൂടെയുണ്ടായത്. ചരടു വലികള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട അവസ്ഥയുണ്ടാകുന്നു. അതുകൊണ്ടാണ് ഉവൈസിക്കും സമാന പ്രവര്‍ത്തനം നടത്തിയവര്‍ക്കും ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് പറയുന്നത്. നിയമനിര്‍മാണ വേളകളില്‍ സക്രിയമായി ഇടപെട്ടും ആവശ്യങ്ങള്‍ ഉന്നയിച്ചും പ്രതിസന്ധികള്‍ ഉന്നയിച്ചും ചര്‍ച്ച ചെയ്തുമാണ് പാര്‍ലിമെന്റ്/നിയമസഭാ അംഗങ്ങള്‍ തങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പ്രകാശിപ്പിക്കേണ്ടത്. കണ്ഠക്ഷോഭം മാത്രം കൈയിലുണ്ടായിട്ട് കാര്യമില്ലെന്നര്‍ഥം. സിംഹഗര്‍ജനമെന്നും ഒറ്റപ്പെട്ട ശബ്ദമെന്നുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ തള്ളുന്ന വെട്ടുകിളിക്കൂട്ടങ്ങള്‍ ഇതെങ്ങനെ ഓര്‍ക്കാനാണ്?
അടുത്ത അഞ്ച് വര്‍ഷത്തെ പാര്‍ലിമെന്റ് എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമായി സത്യപ്രതിജ്ഞാ ചടങ്ങിനെ കാണുന്നവരുണ്ട്. ഈ സംസ്‌കാരം നിയമസഭകളിലേക്കും പടര്‍ന്നാല്‍ അത് വരുത്തിവെക്കുന്ന അനുരണനങ്ങള്‍ വലുതായിരിക്കും. നിലവില്‍ തന്നെ മനസ്സുകളുടെ അകല്‍ച്ച ഭീതിദമായ രീതിയിലായിട്ടുണ്ട്. കേവല തിരഞ്ഞെടുപ്പ് നേട്ടത്തിനായി എളുപ്പം മുറിവേല്‍ക്കുന്ന വിഷയങ്ങളില്‍ മുളക് പുരട്ടിയതിനാല്‍ പല നിലക്കും വിഭജിക്കപ്പെട്ട അവസ്ഥയിലാണ് സമൂഹം.
പ്രചാരണവും വോട്ടെടുപ്പും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും കഴിഞ്ഞതോടെ അത്തരം വിഷയങ്ങളില്‍ നിന്നെല്ലാം അധികാരികള്‍ പിന്‍വലിഞ്ഞെങ്കിലും പ്രചാരണ ഘട്ടത്തില്‍ അവര്‍ ഇട്ടേച്ചുപോയ കൊള്ളി ഇപ്പോഴും പുകയുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് രാജ്യത്തിന്റെ തെരുവോരങ്ങള്‍ പിങ്ക് നിറം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പിങ്ക് പുഴയാണ് ഒഴുകുന്നതെന്നും ഒരു വിഭാഗത്തെ ഉന്നമിട്ട് പറഞ്ഞാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഈ നേതാക്കള്‍ ചലനം സൃഷ്ടിച്ചത്. അത്രമാത്രം വ്യാപകമാണ് ഗോഹത്യയെന്ന് വരുത്തിത്തീര്‍ക്കലായിരുന്നു ലക്ഷ്യം. വടക്കുകിഴക്കന്‍ മേഖലകളില്‍ പോയി പറഞ്ഞതാകട്ടെ, നുഴഞ്ഞു കയറ്റക്കാരുടെ കേന്ദ്രമെന്നും പുറത്താക്കുമെന്നുമായിരുന്നു. ഇതിന്റെ ആന്ദോളനങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രമല്ല, ഭരണത്തിന്റെ അവസാന നാളുകളില്‍ വരെയുണ്ടായിരുന്നു. നിഷ്‌കളങ്ക മനസ്സുകളില്‍ വിഷം കുത്തിവെച്ചാല്‍ അവ പെട്ടെന്ന് വിഭജിക്കപ്പെടുമെന്നതില്‍ സംശയമില്ലല്ലൊ. കഴിഞ്ഞ തവണ ഗോക്കളുടെ പേരിലാണ് നരഹത്യകള്‍ നടന്നതെങ്കില്‍ ഇപ്പോഴതിന് കുറച്ചുകൂടി വിശാലത വന്നിരിക്കുകയാണ്. ജയ് ശ്രീറാമിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ ഒരു യുവാവിന് ജീവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞു. ചുരുക്കം ചിലയിടങ്ങളില്‍ ഇപ്പേരില്‍ നിരപരാധികളെ ചിലര്‍ ആക്രമിക്കുന്നു. പ്രതിസന്ധി/ തിരിച്ചടി ഘട്ടങ്ങളില്‍ നേതാക്കള്‍ ഉപയോഗിക്കുന്ന വജ്രായുധങ്ങളുടെ നശീകരണശേഷി ഒറ്റപ്രയോഗത്തില്‍ അവസാനിക്കുന്നില്ല. അതില്‍ നിന്ന് നശീകരണ അണുക്കള്‍ പ്രസരിച്ചുകൊണ്ടിരിക്കും. ആയതിനാല്‍, രാഷ്ട്രപതി പരാമര്‍ശിച്ച ശ്രീനാരായണീയ ശ്ലോകത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പുതിയ ഭരണകൂടവും പാര്‍ലിമെന്റും എക്‌സിക്യൂട്ടീവും മുന്നോട്ടുപോകുമെന്ന് വിശ്വസിക്കാനാണ് പൗരന്മാര്‍ക്ക് ഇഷ്ടം. അതങ്ങനെയായിരിക്കട്ടെ.
പി എ കബീര്‍