Connect with us

Articles

ഇടമുറിയാതെ പെയ്യേണ്ട മണ്‍സൂണ്‍ മഴയെവിടെ?

Published

|

Last Updated

കേരളത്തില്‍ ഇക്കൊല്ലം അസ്വാഭാവികതയൊന്നും ഇല്ലെങ്കില്‍ ഏറ്റവും നല്ല മണ്‍സൂണ്‍ മഴ പ്രവചിച്ചവരാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍. കഴിഞ്ഞ കാലത്തെ അത്യുഷ്ണം കൊണ്ട് പൊറുതി മുട്ടിയ നാം നല്ല മഴ സ്വപ്‌നം കണ്ട് കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധി മുന്നില്‍ കണ്ടവരുമാണ്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും പ്രവചനങ്ങളും കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് മണ്‍സൂണ്‍ കാലം കടന്നു പോകുന്നത്. ഇത് കേരള ചരിത്രത്തില്‍ അപൂര്‍വമാണ്. പ്രാഥമിക ആവശ്യത്തിനും കുടിക്കാനും ജലമില്ലാതെ വലയുന്ന പല ഗ്രാമങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ട്. പഴമക്കാര്‍ പറയുന്നതു പോലെ ഇടമുറിയാതെ പെയ്യേണ്ട കാലത്താണ് ഭൂമി വരണ്ടുണങ്ങി നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തില്‍ മണ്‍സൂണ്‍ മഴയുടെ 40 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍ കാലമായി കണക്കാക്കാറുള്ളത്. തെക്ക് പടിഞ്ഞാറന്‍ ദേശങ്ങളില്‍ ഇടവപ്പാതി എന്ന ഓമനപ്പേരിലാണ് ഇതിനെ വിളിക്കുന്നത്. ജൂണ്‍ മാസം ഒന്ന് മുതല്‍ കേരള തീരത്ത് എത്താറുള്ള മണ്‍സൂണ്‍ മഴ ഇക്കൊല്ലം ഒരാഴ്ചയിലേറെ വൈകിയാണ് എത്തിയത്. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ നല്ല മഴ നാം പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല എന്നു മാത്രമല്ല, അത്യുഷ്ണമാണ് പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വായു ചുഴലിക്കാറ്റാണ് കേരളത്തിലെ മണ്‍സൂണ്‍ പ്രതിഭാസത്തെ ദുര്‍ബലപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം പറയുമ്പോഴും, ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഭാഗത്തും മണ്‍സൂണ്‍ എത്തിയത് വൈകിയതെന്തെന്ന ചോദ്യം പ്രസക്തമായി നില്‍ക്കുന്നു. ഇതുവരെയായി രാജ്യത്തിന്റെ ചിലയിടങ്ങളില്‍ മാത്രം ഒന്നു കൊതിപ്പിച്ചു പെയ്തതല്ലാതെ മണ്‍സൂണ്‍ ഇനിയും കനിഞ്ഞിട്ടില്ല. ജൂലൈ പകുതിയോടെ കേരളത്തിന്റെ മിക്കയിടങ്ങളിലും പെയ്ത് തോരേണ്ട മഴ ഇനിയും വൈകിക്കൊണ്ട് മനുഷ്യരെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പ് (ഐ എം സി) സൂചിപ്പിച്ച പ്രകാരം മഴയുടെ അളവില്‍ 44 ശതമാനത്തിന്റെ കുറവാണ് ഇതുവരേക്കും ഉണ്ടായിട്ടുള്ളത്. ജൂലൈ മാസം പിറന്നു കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഈ അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടില്ലെങ്കില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ വരള്‍ച്ചയുടെ ദിനങ്ങളാകും. 1901നു ശേഷം ജൂണ്‍ മാസങ്ങളില്‍ 100 മില്ലീ മീറ്ററിനും താഴെ മഴ രേഖപ്പെടുത്തിയ ഇന്ത്യയില്‍ ഓരോ വര്‍ഷവും മഴയുടെ അളവില്‍ തുലോം കുറവ് വരുന്നതായി കാലാവസ്ഥാ വകുപ്പിന്റെ രേഖകളിലുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാറ്റാണ് മണ്‍സൂണ്‍ മഴ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങള്‍ മഴ ലഭ്യതയെ ബാധിക്കും. ഇന്നിപ്പോള്‍ രാജ്യത്തെ 66 ജില്ലകളില്‍ മഴയുടെ അളവില്‍ ഗുരുതരമായ കുറവ് സംഭവിച്ചിരിക്കുന്നു. ജൂണ്‍ മാസം അവസാനിച്ച് ജൂലൈ പിറന്നതോടെ മഴയില്‍ 40 ശതമാനം കുറവ് പ്രവചിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍.

ജൂണ്‍ മാസത്തിലെ മഴപ്രതീക്ഷ അവസാനിക്കുകയും ആ മാസത്തില്‍ കുറവ് വന്ന മഴ ജൂലൈ മാസം നികത്തപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താകുകയും ചെയ്തിരിക്കുന്നു. കാരണം ജൂണ്‍ മാസത്തിലെ 40 ശതമാനത്തിലേറെ കുറവ് വന്ന മഴ ജൂലൈയില്‍ പെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. മണ്‍സൂണ്‍ മഴയുടെ മൂന്നില്‍ ഒരുഭാഗം പെയ്യുന്നത് ജൂലൈ മാസത്തില്‍ ആണ് താനും. ഈ ജൂലൈ മാസവും കൈവിട്ടാല്‍ നാം വലിയ വില കൊടുക്കേണ്ടതായി വരും. നമ്മുടെ കാര്‍ഷിക വിളകള്‍ മാത്രമല്ല, നമുക്ക് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ സംജാതമാകും. ശരാശരി മണ്‍സൂണ്‍ മഴ എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നത് 90 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ ലഭ്യതയാണ്. ഇതില്‍ മാറ്റം വരുന്നതോടെ പലതിലും താളം പിഴക്കുകയാണ്. ഈ കണക്കില്‍ വരുന്ന വ്യതിയാനത്തെയാണ് ശാസ്ത്രീയമായി നാം മഴ ലഭ്യതയുടെ കുറവ് എന്ന് പറയുന്നത്. ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ വരള്‍ച്ചയായും വെള്ളപ്പൊക്കമായും ഗണിക്കപ്പെടുന്നു. ഇക്കൊല്ലം നമുക്ക് സാധാരണ മണ്‍സൂണ്‍ പോലും ലഭ്യമായിട്ടില്ല.

പൊതുവെ, ജൂണ്‍ മാസം പകുതിയാകുമ്പോഴേക്കും ഇന്ത്യയിലെ പകുതി ഭാഗത്തെങ്കിലും മണ്‍സൂണ്‍ എത്തേണ്ടതാണ്. എന്നാല്‍ ഇക്കൊല്ലം സ്ഥിതി മാറി മറിഞ്ഞു. രാജ്യത്തിന്റെ നാലിലൊന്ന് ഭാഗത്ത് മാത്രമേ മണ്‍സൂണ്‍ കനിഞ്ഞിട്ടുള്ളൂ. 2016ല്‍ കേരളത്തില്‍ ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തിയെങ്കില്‍ ഇന്ത്യയൊട്ടാകെ മണ്‍സൂണ്‍ തകര്‍ത്തു പെയ്തത് ജൂലൈ പകുതിയോടെയാണ്. ഇത് സ്വാഭാവികമായും സംഭവിക്കേണ്ടത് തന്നെ. കാരണം ഇന്ത്യയിലെ വാര്‍ഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത് മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. നമ്മുടെ കാര്‍ഷികവൃത്തിയുടെ സിംഹഭാഗവും ആശ്രയിക്കുന്നത് ഈ മഴയെയാണല്ലോ. അരി, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരുക്കള്‍ എന്നിവ വിളവ് തരുന്നതും അതിന്റെ ലഭ്യതയും ഈ മഴയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇന്ത്യയില്‍ 2.5 ത്രില്ല്യണ്‍ ഡോളര്‍ തരുന്ന സമ്പദ് രംഗത്തിന്റെ പതിനഞ്ച് ശതമാനം സംഭാവന ചെയ്യുന്നത് കാര്‍ഷിക രംഗമാണെന്ന കാര്യം ഓര്‍ക്കുക. 130 കോടിയിലേറെ വരുന്ന ജനതക്ക് ഭക്ഷണം ഈ കാര്‍ഷികവൃത്തിയില്‍ നിന്നാണ് ലഭിക്കുന്നത്. മാത്രവുമല്ല, ജനസംഖ്യയുടെ പകുതിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നയിക്കുന്നത്. ചുരുക്കത്തില്‍ മണ്‍സൂണ്‍ മഴയുടെ താളപ്പിഴ ഈ ജീവിതങ്ങളുടെ താളത്തെ വലിയ തോതില്‍ ബാധിക്കും. നമ്മുടെ ജല സംഭരണികളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും ഇല്ലാതെയാകും. വൈദ്യുതി ഉത്പാദനത്തെ മഴക്കുറവ് സാരമായി ബാധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

മഴ ഇന്ത്യന്‍ ഉപഭോക്തൃ വിലസൂചികയെ കൂടി ബാധിക്കുന്ന ഒന്നാണ്. കാരണം ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഉപഭോക്തൃ വില സൂചിക. പലിശ നിരക്ക് ഉള്‍പ്പെടെയുള്ള ധന നയം തീരുമാനിക്കുന്നത് ഉപഭോക്തൃ വില സൂചിക നിരീക്ഷിച്ചതിന് ശേഷമാണ്.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മികച്ച കാര്‍ഷിക ഉത്പാദനത്തിന് ഭക്ഷ്യവസ്തുക്കളുടെ വിലയെ നിയന്ത്രിക്കാന്‍ കഴിയും. മണ്‍സൂണ്‍ മികച്ചതല്ലെങ്കില്‍ ഇതെല്ലാം വരണ്ടുപോകും. അതോടെ കോര്‍പറേറ്റ് കമ്പനികളുടെ ലാഭക്കൊടി ഉയര്‍ന്നു വരികയും ജലത്തെ ഏറ്റവും നല്ല ഒരു ചൂഷണ ഉപാധിയാക്കി മാറ്റുകയും ചെയ്യും. ചെന്നൈ പോലെയുള്ള നഗരങ്ങളില്‍ അതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. 9,000 ലിറ്ററിന്റെ ടാങ്കര്‍ ജലത്തിന് 800 രൂപ വരെ ഈടാക്കി വരള്‍ച്ചയെ മുതലെടുക്കുകയാണ് അവര്‍. വലിയ മെട്രോ നഗരങ്ങളിലെ ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരോട് സ്വന്തം വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാന്‍ കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നു. കേരളത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മണ്‍സൂണ്‍ മഴ ഇനിയും ലഭിക്കാതെ പോയാല്‍ കേരളം മറ്റൊരു മരുഭൂമിയായി തീരും.

Latest