Connect with us

Health

കാക്കണം, കണ്ണിന്റെ ആരോഗ്യം

Published

|

Last Updated

കുഞ്ഞു പ്രായത്തില്‍ തന്നെ കണ്ണട വയ്ക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. രണ്ടു മുതല്‍ നാലു ശതമാനം വരെ കുട്ടികളില്‍ കാഴ്ചത്തകരാറുകള്‍ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി, അസ്സറ്റിംഗ് മാറ്റിസം തുടങ്ങിയവയാണ് കുട്ടികളിലെ പ്രധാന കാഴ്ചത്തകരാറുകള്‍. വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ കൃത്യസ്ഥാനത്തു പതിക്കാതിരിക്കുന്നതാണ് തകരാറുകളുടെ മുഖ്യ കാരണം. അതുകൊണ്ട് റെറ്റിനയുടെ വളര്‍ച്ച ശരിപ്പെടുത്താന്‍ കണ്ണടകള്‍ ആവശ്യമായി വരുന്നു.

തായ്‌വാന്‍, സിംഗപൂര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സദാ നേരവും ടി വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കു മുന്നില്‍ ചെലവിടുന്ന കുട്ടികളെ ഹ്രസ്വദൃഷ്ടി പിടിക്കൂടുന്നു എന്നാണ്. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ക്ലാസ്സില്‍ ഉയര്‍ന്ന ഗ്രേഡുള്ളവരിലും ഹ്രസ്വദൃഷ്ടി കൂടുതലാണത്ര. കൂടാതെ കൂട്ടികളിലെ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും കാഴ്ചക്കു സാരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്ലെയിന്‍ ഗ്ലാസുകള്‍ വെയ്ക്കുന്ന കുട്ടികളും ഏറിവരികയാണ്. സിനിമാ ക്രിക്കറ്റ് താരങ്ങളെ കണ്ട് ഹരം പിടിച്ചാണ് ഇത്തരം ഫാഷന്‍ കണ്ണടകള്‍ കൂടുന്നത്. കളിക്കുമ്പോഴും മറ്റും കണ്ണിന്റെ സംരക്ഷണത്തിനു വേണ്ടി പ്രൊട്ടക്റ്റീവ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്റിഗെയര്‍ ഗ്ലാസുകള്‍ ധരിക്കാറുണ്ട്. സ്‌ക്രീനില്‍ നിന്നുള്ള രശ്മികള്‍ കണ്ണില്‍ പതിക്കാതിരിക്കാന്‍ ഇതു സഹായിക്കും.

കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങും മുമ്പായി കണ്ണുഡോക്ടറുടെ അടുത്തുപോയി വിശദമായി തന്നെ കാഴ്ച പരിശോധിക്കണം. കുട്ടികളുടെ കമ്പ്യൂട്ടര്‍ ഡെസ്‌ക് ഉയരമനുസരിച്ചു ക്രമീകരിച്ചു കൊടുക്കുകയും വേണം. കമ്പ്യൂട്ടറും കണ്ണും തമ്മിലുള്ള അകലം 18 ഇഞ്ചിനും 14 ഇഞ്ചിനും ഇടയിലാവുന്നതാണ് നല്ലത്. സ്‌ക്രീനിലെയും മുറിയിലെയും വെളിച്ചം കണ്ണിനായാസമില്ലാത്തവിധത്തില്‍ ക്രമീകരിക്കണം. കണ്ണിന് വിശ്രമത്തിന്റെ ഇടവേളകള്‍ ആവശ്യമാണ്.

ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, അസ്സറ്റിംഗ് മാറ്റിസം എന്നീ പ്രശ്‌നങ്ങള്‍ക്ക് കണ്ണട വയ്ക്കുകയാണ് പ്രതിവിധി. കൊച്ചു കുട്ടിയല്ലേ എന്തിനാണു കണ്ണട എന്നു കരുതരുത്. കാരണം, കാഴ്ചയിലെ തകരാറ് കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കും. സ്ഥിരമായി കണ്ണട വെക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ ഇടയ്ക്ക് കണ്ണട അഴിച്ചു വെക്കാനിടയുണ്ട്. പ്ലാസ്റ്റിക് ലെന്‍സുള്ള കണ്ണടയാണ് കുട്ടികള്‍ക്ക് കുറെക്കൂടി സുരക്ഷിതം.

കുഞ്ഞുങ്ങളുടെ കാഴ്ചശക്തി സാധാരണ രീതിയിലാണോ എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്. കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യ കാര്യത്തില്‍ ഗര്‍ഭാവസ്ഥ മുതലേ മാതാവ് ശ്രദ്ധിക്കണം. പോഷകാഹാരക്കുറവ്‌ ചില മരുന്നുകളുടെ ഉപയോഗം, വൈറസ് ബാധ എന്നിവ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കാനിടയുണ്ട്. കുഞ്ഞിനു കോങ്കണ്ണുള്ളതായി സംശയം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം. കണ്ണുകള്‍ രണ്ടും ഒരു പോലെയല്ലാതിരിക്കുക, കണ്ണില്‍ വെളുത്ത അടയാളം എന്നിവ തിമിരത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിന്റെ ആരോഗ്യത്തിനായി വൈറ്റമിന്‍ എ, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ധാരാളമായി നല്‍കണം.