Articles
സംസ്ഥാനത്തെ ഞെരുക്കും; വിലക്കയറ്റമുണ്ടാക്കും
സംസ്ഥാനത്തെ ഞെരുക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. അവരുടെ പ്രഥമ ബജറ്റ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ തോത് കുറക്കും. ഇന്ന് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന മുരടിപ്പുണ്ട്. അത് മറികടക്കാനാവശ്യമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. 2.4 ശതമാനം ചെലവ് 2.7 ശതമാനമായി വര്‍ധിക്കും. മൂന്ന് വര്‍ഷമായി ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച താഴേക്കാണ്. അതു മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. സമ്പദ്ഘടനയുടെ വളര്‍ച്ച ഏഴ് ശതമാനമാണ് പറയുന്നത്. അത് കൈവരിക്കാനാകില്ല.
അതിലും താഴെയായിരിക്കും സമ്പദ്ഘടനയുടെ വളര്‍ച്ച. നിക്ഷേപം 30 ശതമാനമായി ഉയര്‍ത്താന്‍ കഴിയണം എന്ന് ബജറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മോദി സര്‍ക്കാറിന്റെ ആദ്യകാലത്ത് നിക്ഷേപത്തിലുണ്ടായ പ്രതീക്ഷിത വര്‍ധനവ് 39 ശതമാനമായിരുന്നെങ്കില്‍ അത് 29 ശതമാനമായി കുറയുകയാണുണ്ടായത്. സമ്പദ്ഘടന വളരണമെങ്കില്‍ നിക്ഷേപം, വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനം, കയറ്റുമതി എന്നിവ വര്‍ധിക്കണം. എന്നാല്‍ ഈ ഘടകങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. നിക്ഷേപം വര്‍ധിപ്പിക്കും എന്നൊരു ചിന്തയില്ല. അത് പ്രതീക്ഷിക്കുന്നുമില്ല. വലിയ തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയണം എന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിദേശ മൂലധനത്തെ ആകര്‍ഷിച്ച് മാത്രം ഇന്നത്തെ പ്രതിസന്ധി മറികടക്കാനാകില്ല. വിദേശ മൂലധനത്തിന്റെ വര്‍ധിച്ച തോത് കൊണ്ട് പ്രതിസന്ധി നേരിടുന്ന സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്താനാകും എന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിനുവേണ്ട പ്രായോഗിക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. ധനക്കമ്മി വര്‍ധിച്ചു.
ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാകും എന്ന് കരുതുന്നുണ്ട്. എന്നാല്‍ വിദേശ നിക്ഷേപത്തെ മാത്രം ആശ്രയിച്ച് ധനക്കമ്മി പിടിച്ചു നിര്‍ത്താനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരി വിറ്റഴിക്കുന്നതിനാണ് നീക്കം. ഇത് ബ്രിട്ടനില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. ഇപ്പോള്‍ തിരിച്ചു പോകുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. റെയില്‍വേയില്‍ ഉള്‍പ്പെടെ പി പി പി കൊണ്ടുവരുന്നതിനാണ് ശ്രമം. റെയില്‍ മാത്രം സര്‍ക്കാറിന്, ട്രെയിനുകള്‍ സ്വകാര്യ മേഖലക്ക്. ഇത്തരത്തില്‍ റെയില്‍വേയുടെ 51 ശതമാനം ഓഹരി വിറ്റഴിക്കും.
ആദ്യ മോദി സര്‍ക്കാര്‍ കാലത്ത് പെട്രോളിന് 9.98 രൂപയായിരുന്നു നികുതി. എന്നാല്‍ പിന്നീടത് 17.98 രൂപയാക്കി. ഇപ്പോഴത് 19.98 രൂപയായി വര്‍ധിപ്പിച്ചു.
ഫലത്തില്‍ കേന്ദ്ര സര്‍ക്കാറാണ് നികുതി വര്‍ധിപ്പിക്കുന്നത്. എക്‌സൈസ് ഡ്യൂട്ടി അല്ല മറിച്ച് സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിച്ചത്. അതിനാല്‍ നികുതി വര്‍ധനയുടെ ഗുണം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കില്ല. ആദ്യം മോദി സര്‍ക്കാര്‍ 3.46 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പിന്നീടത് 13.83 രൂപയാക്കി. ഇപ്പോള്‍ 15.83 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. സംസ്ഥാനങ്ങള്‍ നികുതി കൂട്ടുകയാണ് എന്നാണ് പറയുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുകയാണ് ഫലത്തില്‍ ഇതിലൂടെ.
കോര്‍ സെക്ടറില്‍ 16 പദ്ധതികളുണ്ട്. എന്‍ ആര്‍ എച്ച് എം, തൊഴിലുറപ്പ് എന്നിവ പോലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികളാണ് ഇവ. ഇപ്പോള്‍ ഈ പദ്ധതികള്‍ക്ക് വേണ്ടി 16 ശതമാനം മാത്രമേ വകയിരുത്തിയിട്ടുള്ളൂ. നേരത്തെ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടി 66,000 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാലിപ്പോള്‍ 60,000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
കേരളത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമാണ് ബജറ്റ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണം. ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ്, കോക്കനട്ട് ബോര്‍ഡ് എന്നിവക്കുള്ള അടങ്കല്‍ കുറച്ചു. റബ്ബര്‍ കൃഷിക്ക് സഹായം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.
കേരളത്തിനാവശ്യമായ ഒരു കാര്യങ്ങളും അംഗീകരിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണ്. റോഡ് സെസിന്റെ വിഹിതം സംസ്ഥാനത്തിന് കിട്ടില്ല. ധനക്കമ്മിയെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചില്ല. വായ്പാ പരിധി ഉയര്‍ത്താത്തത് കേരളത്തിന് ദോഷകരമാണെങ്കിലും നല്ല പ്രകടനം നടത്തുന്നതിനാല്‍ കേരളത്തിന് വിദേശ വായ്പയുള്‍പ്പെടെയുള്ളവ ലഭിക്കും. വീട്, ശൗചാലയം, സമ്പൂര്‍ണ വൈദ്യുതി, പൈപ്പ് ലൈന്‍ എന്നിവക്കു സഹായം ലഭ്യമാക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ കേരളം ഇക്കാര്യങ്ങളിലെല്ലാം സമ്പൂര്‍ണമായതിനാല്‍ ഈ സഹായം കേരളത്തിന് എത്രമാത്രം ലഭിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
എയിംസ്, ദേശീയ പാത കോറിഡോര്‍ മുതലായ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ദേശീയ പാതാ അതോറിറ്റിയുടെ പണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല.
വായ്പാ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കാണിച്ച് കേന്ദ്ര സര്‍ക്കാറിന് വിശദമായ കത്തെഴുതും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പരിഗണന നല്‍കിയിട്ടില്ല.
അതിനാവശ്യമായ പണം ബജറ്റില്‍ നിന്ന് വകയിരുത്തി സംസ്ഥാനം മുന്നോട്ട് പോകും. ബേങ്കുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും അത് എത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട്. പണം ചോരുകയാണെങ്കില്‍ ബേങ്കുകള്‍ എങ്ങനെ മുന്നോട്ടു പോകും? ആഗോളതലത്തില്‍ സാമ്പത്തിക രംഗം വെല്ലുവിളി നേരിടുകയാണ്. ഇത് കണ്ടറിഞ്ഞ് ഒരു കരുതലിലേക്ക് പോകുന്നതിന് കേന്ദ്ര ധനമന്ത്രിക്ക് കഴിയുന്നില്ല. ഫലത്തില്‍ സംസ്ഥാനത്തെ ഞെരുക്കുന്ന ബജറ്റാണ് ഇത്.