Health
ഭക്ഷണത്തിലൂടെ മുടികൊഴിച്ചില്‍ തടയാം
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചെറുപ്രായത്തില്‍ തന്നെ കഷണ്ടിയാകുന്ന പുരുഷന്മാരും മുടി കൊഴിഞ്ഞ് തലതെളിയുന്ന സ്ത്രീകളും ഇന്ന് സാധാരണ കാഴ്ചയായിക്കഴിഞ്ഞിരിക്കുന്നു. പലരും മരുന്നുകള്‍ പലതും ഉപയോഗിച്ചിട്ടും രക്ഷയില്ലാതെ കൃത്രിമ മുടികള്‍ക്ക് പിന്നാലെ പായുകയാണ്. പാരമ്പര്യത്തേക്കാള്‍ ഹോര്‍മോണ വ്യതിയാനമാണ് പലരിലും മുടികൊഴിച്ചിലിനിടയാക്കുന്നത്. മാനസിക സമ്മര്‍ദവും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
എന്നാല്‍ മികച്ച ഭക്ഷണ രീതിയിലൂടെ മുടികൊഴിച്ചില്‍ തടയാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രോട്ടീനും ഇരുമ്പും ധാരാളമായി അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍ തുടങ്ങിയവ പതിവാക്കുക. ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും ആറര ഏഴ് മണിക്കൂര്‍ ഉറങ്ങുന്നതും മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായകമാണ്.
വിറ്റാമിന്‍
മുടിവളര്‍ച്ചക്ക് സഹായകമായ വിറ്റാമിനുകളില്‍ പ്രധാനമാണ് വിറ്റാമിന്‍ സി. ഓറഞ്ച്, പപ്പായ, സ്‌ട്രോബറി, മധുരക്കിഴങ്ങ്, കിവി തുടങ്ങിയ പഴങ്ങള്‍ വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ്. വിറ്റാമിന്‍ എയും മുടിവളര്‍ച്ചക്ക് ആവശ്യമായ ഘടകങ്ങളെ ഉത്തേജിപ്പിക്കും. പംകിന്‍, കാരട്ട്, മധുരക്കിഴങ്ങ് എന്നിവയില്‍ ഇവ ധാരാളമായി ഉണ്ട്.
പ്രോട്ടീന്‍
പ്രോട്ടീന്‍ ആണ് മുടിവളര്‍ച്ചക്ക് അത്യാവശമായ ഘടകം. പ്രോട്ടീന്‍ കൊണ്ടാണ് മുടിനാര് നിര്‍മിച്ചതു തന്നെ എന്നതാണ് കാരണം. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കോഴി, മത്സ്യം, മുട്ട, അണ്ടിപ്പരിപ്പ്, പയര്‍ തുടങ്ങിയവ പ്രോട്ടീനുകളുടെ കലവറയാണ്.
ഇരുമ്പ്
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നതാണ് മുടികൊഴിച്ചിലിന് പ്രധാനമായും കാരണമാകുന്നത്. ഇറച്ചിയിലും മീനിലും ഇരുമ്പിന്റെ അളവ് കൂടുതലാണ്.