Connect with us

Health

മഞ്ഞളെന്ന അത്ഭുത ഔഷധം

Published

|

Last Updated

രോഗങ്ങള്‍ കൊണ്ട് മനുഷ്യന്‍ വീര്‍പ്പ് മുട്ടുകയാണ്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും മാറിയതോടെ പലവിധ രോഗങ്ങള്‍ നമ്മെത്തേടിയെത്തിക്കഴിഞ്ഞു. എന്നാല്‍ അനുദിനം വരുന്ന ഈ രോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്നുകള്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്ന് നാം ഓര്‍ക്കാറുണ്ടോ? നാം നിത്യജീവിതത്തില്‍ ഗൗരവത്തിലെടുക്കാതെ ഒഴിവാക്കുന്ന പലതിനും വലിയ ഔഷധവീര്യമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് മഞ്ഞള്‍.

സുഗന്ധവ്യഞ്ജനങ്ങളിലെ റാണിയായാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്രരേഖകളില്‍ കാണാം. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞളെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യക്കാരുടെ അതിരുകവിഞ്ഞ മഞ്ഞള്‍ ഉപയോഗം കണ്ട് പാശ്ചാത്യര്‍ ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തി. ഒടുവില്‍ മഞ്ഞളിന്റെ പാറ്റന്റ് തന്നെ തട്ടിയെടുക്കാന്‍ അമേരിക്കന്‍ ഗവേഷകര്‍ ശ്രമിച്ചതോടെ ഇന്ത്യക്കാര്‍ ഉണര്‍ന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ പാറ്റന്റ് അവകാശം കോടതി റദ്ദാക്കുകയായിരുന്നു.

ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.

ഗവേഷകര്‍ കണ്ടെത്തിയ മഞ്ഞളിന്റെ മറ്റു ചില ഔഷധ ഗുണങ്ങള്‍:

  1. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും
  2. മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
  3. പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക
  4. ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.
  5. മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
  6. ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
  7. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും.
  8. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും.
  9. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
  10. അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റുന്നു.