Connect with us

Travelogue

സംഹാനിലെ പുള്ളിപ്പുലിയും ഹാഫയിലെ കുന്തിരിക്കവും

Published

|

Last Updated

അനുപമ വിശേഷണങ്ങളാലും വിശിഷ്ട കാലാവസ്ഥയാലും ഖ്യാതി നേടിയ സലാലയിലെ അപൂർവയിനം ജന്തുജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ആവാസവ്യവസ്ഥയാണ് സംഹാൻ പർവതനിരകൾ. 2100 മീറ്റർ ഉയരത്തിലുള്ള ഇവയുടെ ദൃശ്യ വിസ്മയങ്ങൾ ആസ്വദിക്കാൻ സാഹസിക സഞ്ചാരികൾ എത്താറുണ്ട്. നിരവധി സമതലങ്ങളും നീർച്ചാലുകളും ഉൾക്കൊള്ളുന്ന പർവതനിരകളിൽ ആയിരം മീറ്റർ വരെ ആഴമുള്ള മലയിടുക്കുകളുണ്ട്. ജൈവ വൈവിധ്യത്തിന്റെ ഈ മലനിരകളിൽ അപൂർവയിനം വന്യമൃഗങ്ങളുമുണ്ട്.

അറേബ്യൻ പുള്ളിപ്പുലി, അറേബ്യൻ കലമാൻ, മലയാട് എന്നീ വന്യജീവികളുടെ വാസസ്ഥാനമാണിവിടം. ആഫ്രിക്കൻ പുള്ളിപ്പുലിയിൽ നിന്ന് വ്യത്യസ്തമായി ജബൽ സംഹാനിലെ പുള്ളിപ്പുലികൾക്ക് വലുപ്പക്കുറവും നേരിയ നിറ വ്യത്യാസവുമുണ്ട്. മിർബാത്ത് മുതൽ സദ വരെയുള്ള കടലോര പ്രദേശങ്ങളോട് ചേർന്ന മലയിടുക്കുകളിൽ കഴുതപ്പുലി, കാട്ടുപൂച്ച, ചെന്നായ, കുറുക്കൻ എന്നിവ കണ്ടുവരുന്നു. ഹദ്ബീനിന്റെയും അശ്ശോമിയയുടെയും ഇടയിലെ കടലിൽ അപൂർവമായി ചിലപ്പോൾ തിമിംഗലങ്ങളെ കാണാനാകും, കടലാമകളെയും. വിസ്മയങ്ങളുടെ ഈ കടൽക്കാഴ്ചകൾക്ക് പുറമെ തലകീഴായ മലഞ്ചെരിവുകൾ ദേശാടനപ്പക്ഷികളുടെ സങ്കേതങ്ങളുമാണ്. ചെങ്കുത്തായ പാതകൾ പിന്നിട്ട് തവി അത്തീർ വഴിയാണ് ജബൽ സംഹാനിലേക്ക് എത്തിച്ചേരാനാകുക. ഖരീഫ് കാലത്തെ കോടമഞ്ഞിൽ ദൂരെനിന്നും വ്യക്തമായി കാണാൻ സാധിക്കില്ലെങ്കിലും എല്ലായിടത്തും സഞ്ചാരികൾക്ക് സൗകര്യമൊരുക്കി സൂചനാഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അൽ ബലീദിലെ ചരിത്രവും
സദയിലെ മീൻരുചിയും

ചരിത്ര കുതുകികൾക്ക് പുതുമയുള്ള അനുഭവങ്ങൾക്കൊപ്പം ഇന്നലെകളുടെ ചരിത്ര ശേഷിപ്പുകൾ കണ്ടാസ്വദിക്കാൻ അവസരമൊരുക്കുന്ന അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക് ഹാഫക്കും ദഹ്‌രീസിനുമിടയിലാണ്. മെസപ്പെട്ടോമിയ, പേർഷ്യ, ഏഷ്യയുടെ കിഴക്ക് ഭാഗങ്ങൾ, പുരാതന ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സുദൃഢ വ്യാപാര ബന്ധം കാത്തുസൂക്ഷിച്ചിരുന്ന മധ്യ കാലഘട്ടത്തിലെ സമ്പന്നമായ ഒരു നഗര സമുച്ഛയത്തിന്റെ ചരിത്ര ഭൂമികയാണിത്. പ്രശസ്ത ലോക സഞ്ചാരി ഇബ്‌നു ബത്തൂത്ത ഇവിടം സന്ദർശിച്ചിരുന്നു. പുഷ്‌കലമായ ഇന്നലെകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ വിവരണങ്ങൾ പലയിടത്തും രേഖപ്പെടുത്തിയത് കാണാം. 1970കളിലാണ് ഇവിടെ ഉദ്ഘനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചെറുതും വലുതുമായി അമ്പതിലധികം മസ്ജിദുകൾ ഇവിടെയുണ്ടായിരുന്നതായി ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ നാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഏറ്റവും വലിയ മസ്ജിദിന് 1732 ചതുരശ്ര മീറ്റർ വിസ്താരമുണ്ടായിരുന്നു. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിനുള്ളിൽ സഞ്ചാരികൾക്കായി പ്രൗഢമായ ചരിത്ര മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട ഈ പ്രദേശം സലാലയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കേര പട്ടണത്തിൽ നിന്ന് 135 കിലോമീറ്റർ അകലെയാണ് “സദ” എന്ന തീരദേശ ഗ്രാമം. മത്സ്യബന്ധനം ജീവിതോപാധിയായി സ്വീകരിച്ചവരാണ് ഇവിടെയുള്ളവർ. സഞ്ചാരികൾക്ക് കൗതുകം പകരുന്ന കാഴ്ചകളും വിശേഷങ്ങളും എമ്പാടുമുണ്ട്. മത്സ്യസമ്പത്തിന്റെ ഈ തീരദേശത്ത് വളരെ മുമ്പ് തന്നെ ജനവാസമുള്ളതിന്റെ ലക്ഷണങ്ങൾ കാണാനാകും. ദോഫാറിന്റെ കുന്തിരിക്കപ്പെരുമ ലോകം മുഴുവൻ വ്യാപിച്ച കാലത്ത് സദ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ ധാരാളം കുന്തിരിക്കച്ചെടികൾ ഉണ്ടായിരുന്നു. ഇന്നും ചിലയിടങ്ങളിലൊക്കെ അവ കാണാം. സദയിലെ കടൽത്തീരം ആസ്വാദ്യകരമാണ്. കടലിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ തിരമാലകൾ ആഞ്ഞടിച്ച് നയനാനന്ദകരമായ ജല കാഴ്ചകൾ സൃഷ്ടിക്കുന്നു.

ശഅ്‌രി, ഫറാഹ തുടങ്ങി ഖരീഫ് കാലത്ത് വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങൾ സദയുടെ കടലിൽ ചൂണ്ടയിട്ട് പിടിക്കുന്ന സ്വദേശി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തോടൊപ്പം മത്സ്യലഭ്യത വർധിക്കുന്ന മാസങ്ങളിൽ സൂർ നിവാസികളായ തൊഴിലാളികളെയും ഇവിടെ കാണാനാകും. സഫേല എന്ന് സ്വദേശികൾ വിളിക്കുന്ന ഒരിനം കക്ക ഇവിടുത്തെ കടലിലെ പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ച് വളരുന്നുണ്ട്. ജലത്തിനടിയിൽ ശ്വാസംപിടിച്ചു നിന്നുള്ള ശ്രമകരമായ ഇതിന്റെ വിളവെടുപ്പ് കാലത്ത് ദോഫാർ മേഖലയിലെ ഏതാണ്ടെല്ലാ ഭാഗത്ത് നിന്നും സ്വദേശികൾ എത്തുന്നു. ഹാസിക്ക്, നാത്വിഫ് തുടങ്ങി പ്രാധാന്യമുള്ള പ്രദേശങ്ങൾ സദ വിലായത്തിൽ വേറെയുമുണ്ട്. രുചികരമായ സലാലയുടെ മത്സ്യങ്ങൾക്ക് ഖരീഫ് കാലയളവിൽ ആവശ്യക്കാരേറുന്നു. വൻതോതിൽ മത്സ്യലഭ്യത അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ തദ്ദേശീയരെ കൂടാതെ മസ്‌കത്തിലെ സൂർ നിവാസികളായ മത്സ്യത്തൊഴിലാളികളും സജീവമാണ്. ഖരീഫ് കാലത്ത് അധ്വാനപ്രിയരായ സൂർ നിവാസികൾ കടലിന്റെ കനിവിനായി വലയെറിയുന്നു. ചൂണ്ടയും കൂടുവലയും ഉപയോഗിച്ച് മത്സ്യബന്ധനത്തിന് വിദഗ്ധരാണിവർ. ശഅ്‌രി, ഫറാഹ, കിംഗ് ഫിഷ് എന്നറിയപ്പെടുന്ന അയക്കൂറ തുടങ്ങിയ മത്സ്യങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നതോടെ ഇവയുടെ വിലയും കൂടും.

തീർഥാടക കേന്ദ്രങ്ങളിൽ
തിരക്ക്

ഖരീഫിനോടനുബന്ധിച്ച് ദോഫാറിലെ സുഖവാസ കേന്ദ്രങ്ങളും പ്രകൃതി സുന്ദര സ്ഥലങ്ങളും ടൂറിസ്റ്റുകളാൽ നിറയുമ്പോൾ സലാലയിലെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളിൽ തീർഥാടകരുടെ തിരക്കാണ്. ജബൽ അയ്യൂബ്, ഇംറാൻ നബിയുടെ മഖ്ബറ, സ്വാലിഹ് നബിയുടെ ഒട്ടകം പുറപ്പെട്ടെന്ന് കരുതപ്പെടുന്ന പാറ, ചേരമാൻ പെരുമാൾ മഖ്ബറ തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളിലും ഖുർആൻ, ബൈബിൾ എന്നിവിടങ്ങളിൽ പരാമർശിച്ച സ്ഥലങ്ങളിലേക്കും ജനങ്ങളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. ഇസ്‌ലാം, ക്രിസ്ത്യൻ, ജൂത വിശ്വാസികളുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളായതിനാൽ ഈ മത വിഭാഗത്തിലുള്ളവരെല്ലാം ഇവിടങ്ങളിൽ എത്താറുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നും സഞ്ചാരികൾ വ്യാപകമായി ഇത്തരം സ്ഥലങ്ങളിലേക്ക് എത്താറുണ്ട്.

ദോഫാറിന്റെ
കുന്തിരിക്ക പെരുമ

ഒരു കാലത്ത് സലാലയുടെ പ്രശസ്തി വാനോളം ഉയർത്തിയ കുന്തിരിക്ക വ്യാപാരത്തിന്റെ ഭൂതകാല ചരിത്ര പശ്ചാത്തലം ഏതൊരു സഞ്ചാരിക്കും കൗതുകം പകരും. കുന്തിരിക്ക വ്യാപാരം കൊണ്ട് അഭിവൃദ്ധി നേടിയ സമ്പന്നമായ പാരമ്പര്യമാണ് ദോഫാറിന്റെത്. പ്രാചീന കാലം മുതൽ മനുഷ്യൻ ഉപയോഗിച്ചു വരുന്ന ഒരുപാട് ഔഷധ ഗുണമുള്ള കുന്തിരിക്കം ദോഫാറിലുള്ളവർക്ക് ജീവിതത്തിന്റെ അടയാളമാണ്. ബോസ്‌വേലിയ സാക്ര എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കുന്തിരിക്കത്തിന്റെ വൃക്ഷം അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരും. കുന്തിരിക്കത്തിന് സ്വർണത്തോളം മൂല്യമുണ്ടായിരുന്ന കാലത്ത് ഒരു ഉരുവിൽ കൊള്ളുന്നത്ര കുന്തിരിക്കം ഒരേ സമയം മൂന്നും അതിലധികവുമൊക്കെ ഉരുകളിലായിട്ടായിരുന്നുവത്രേ കയറ്റിയയച്ചിരുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ ഏതെങ്കിലും ഒരു ഉരു തകർന്നാൽ പോലും മറ്റുള്ളവയിലെ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് പഴമക്കാർ പറയുന്നു.

പുരാവസ്തു പ്രാധാന്യമുള്ള അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിന്റെയും ഖൂർ റൂരിയുടെയുമൊക്കെ ചരിത്രം കുന്തിരിക്ക വ്യാപാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്വദേശികളായ പഴമക്കാർക്കിടയിൽ കുന്തിരിക്ക വ്യാപാര കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര വസ്തുതകൾ അയവിറക്കുന്നവരെ കാണാം. സദഹ്, മിർബാത്ത്, താഖ, സലാല, ദോഫാറിലെ മറ്റു സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ നിന്നുമൊക്കെയായി ശേഖരിക്കുന്ന കുന്തിരിക്കം മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനായി ഉപയോഗപ്പെടുത്തിയിരുന്ന തീരദേശ പട്ടണ സമുച്ഛയങ്ങളായിരുന്നു അൽ ബലീദും ഖൂർ റൂരിയുമൊക്കെ. തകർന്നടിഞ്ഞ മധ്യകാലഘട്ടത്തിലെയും മറ്റും സമ്പന്ന ചരിത്ര പാരമ്പര്യമുള്ളവരുടെ പിന്മുറക്കാർ ഇന്നും കുന്തിരിക്ക വിപണനത്തിന്റെ മേഖലകളിൽ അതിജീവനത്തിന്റെ പുത്തനധ്യായങ്ങൾ രചിച്ച് ഈ വ്യാപാര പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. സലാലയുടെ സ്വന്തം വിഭവങ്ങളിൽപ്പെട്ട കുന്തിരിക്കം വാങ്ങാനാഗ്രഹിക്കുന്നവർക്ക് വിവിധ ഇനങ്ങളിൽ നിന്നും തങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനാകും വിധം വിപുലമായ ശേഖരമാണ് ഹാഫ സൂഖിലെ ഓരോ കടയിലും കാണാനാവുക. കുന്തിരിക്കവും അനുബന്ധ ഉത്പന്നങ്ങളുടെയും വിൽപ്പനയിലേർപ്പെടുന്നവരിൽ അധികവും സ്വദേശി വനിതകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
മറ്റ് ഗൾഫ് രാജ്യങ്ങളോട് ഏറെ വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന പ്രദേശമാണ് സലാല. ഇവിടെ മണ്ണിനെ സ്‌നേഹിക്കുന്ന അധ്വാനശീലരായ ഒരുപാട് മലയാളികളുണ്ട്.

മണ്ണിന്റെ മടിത്തട്ടിൽ വിയർപ്പൊഴുക്കി ആത്മസംതൃപ്തി കണ്ടെത്തുന്ന ഒട്ടേറെ പ്രവാസി കേരളീയരുടെ സാന്നിധ്യമാണ് സലാലയുടെ ചാരുതക്ക് മിഴിവ് കൂട്ടുന്നത്. കഠിനാധ്വാനം ചെയ്തും ജീവിതത്തിന്റെ രണ്ടറ്റവും കൂടിമുട്ടിക്കാൻ പാടുപെടുന്നവരും അഭിവൃദ്ധിയുടെ ഒന്നത്യങ്ങൾ കീഴടക്കിയവരും അക്കൂട്ടത്തിലുണ്ട്. ഇല്ലായ്മകളോട് മല്ലടിച്ച് പ്രാരാബ്ധങ്ങളും ബാധ്യതകളും ഏറ്റെടുത്ത് പ്രതീക്ഷകളുടെ ചിറകുകളിലേറി വന്നെത്തിയ പ്രവാസികൾക്ക് അന്നവും അഭയവും നൽകുകയാണ് സലാലയിലെ തോട്ടങ്ങൾ. വിസ്മയ ജീവിതാനുഭവങ്ങളുടെ കനൽ പഥങ്ങളിലൂടെ കടന്നുപോയ ഒട്ടേറെ പ്രവാസി മലയാളികളെ പല തോട്ടങ്ങളിലും കണ്ടെത്താനാകും. ഇന്ന് മലയാളികളെ കൂടാതെ ധാരാളം ബംഗാളികളും പാക്കിസ്ഥാനികളുമെല്ലാം തോട്ടം മേഖലയിൽ ജോലി ചെയ്യുന്നു. പ്രവാസത്തിന്റെ കയ്പും നൊമ്പരങ്ങളും ഏറ്റുവാങ്ങി അതിജീവനത്തിന്റെ പാതയിൽ പുത്തൻ വിജയഗാഥകൾ തീർക്കാൻ കൊതിക്കുന്ന മലയാളികളുടെ സാന്നിധ്യം സലാലയിലെ തോട്ടങ്ങളിൽ കണ്ടെത്താനാകും. നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതം മുഴുവൻ സ്വദേശി പ്രമുഖന്റെ തോട്ടത്തിൽ ഹോമിച്ച് കണ്ണുനീരിന്റെ നനവുള്ള ജീവിതാനുഭവങ്ങൾ പങ്കുവെക്കാനാകുന്ന മലയാളികളുടെ ആകുലതകൾ ഖരീഫ് കാഴ്ചകൾ കാണാനെത്തുന്നവർ അറിയാതെ പോകുന്നു.

കെ അബ്ബാദ്
• abbadcheruppa@gmail.com

---- facebook comment plugin here -----

Latest